‘ഇതെന്തുവാ, ഞങ്ങൾക്ക് പണിയുണ്ടാക്കാൻ; പോയിത് കളഞ്ഞിട്ടു വാ’– ലേബർറൂമിലെ ദുരനുഭവം പറഞ്ഞ് നീതു

neethu-apulson
നീതു പോൾസൺ. ചിത്രം∙ സോഷ്യൽ മീഡിയ
SHARE

പ്രസവ സമയത്ത് സ്ത്രീകൾക്ക്  കൂടുതൽ പരിഗണനയും സാന്ത്വനവും ലഭിക്കേണ്ടതുണ്ട്. പലപ്പോഴും ലേബർറൂമിലെ മാലാഖമാരായിരിക്കും ഇവർക്ക് കൂട്ടാകുന്നത്. എന്നാൽ സ്ത്രീകളിൽ ചിലർക്കെങ്കിലും പ്രസവ സമയത്ത് ആരോഗ്യ പ്രവർത്തകരിൽ നിന്ന് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും. അത്തരത്തിൽ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയയാണ് നീതു പോൾസണ്‍. ലേബർ റൂമിൽ ഒരു നഴ്സ് തന്നോട് ക്രൂരമായി പെരുമാറിയതിനെ കുറിച്ചും അത് തനിക്കുണ്ടാക്കിയ മാനസികാഘാതത്തെ കുറിച്ചുമാണ് നീതു പറയുന്നത്. 

നീതുവിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

ദിവസത്തിലൊരു നിമിഷമെങ്കിലും ഞാനവരെ പറ്റിയോർമിക്കാറുണ്ട്. അവരുടെ വെളുത്ത വട്ടമുഖം,  കണ്ണട, ദയയുടെ ഒരംശം പോലുമില്ലാത്ത നോട്ടം, അവരെ പറ്റി പറയുമ്പോൾ, ഞാനെന്റെ രണ്ടാമത്തെ പ്രസവത്തെ കുറിച്ച് പറയണം. മുടി ഇരുവശത്തും കെട്ടി, വെളുത്ത മുണ്ടും, ഷർട്ടുമിട്ട് ലേബർ റൂമിനുള്ളിൽ ഊഴമെത്തുന്നതും കാത്തിരുന്ന ദീർഘമേറിയ നിമിഷങ്ങളെ കുറിച്ചും പറയണം.

ആദ്യത്തെ കുഞ്ഞിനെ ഗർഭവതിയായി ഇരിക്കുന്ന എട്ടാം മാസത്തിലാണ് എനിക്ക് പ്രഷർ ഉണ്ടെന്നറിയുന്നത്.  അതുകൊണ്ട് തന്നെ സിസേറിയൻ ആയിരുന്നു. അങ്ങേയറ്റം സാഹസികമായിരുന്നത്. രണ്ടാമത്തെ കുഞ്ഞായപ്പോൾ  വീണ്ടും ഗർഭത്തിന്റെ അവസാനനാളുകളിൽ പ്രഷർ പിടികൂടി.   നേർത്ത  നൂൽപാലത്തിലൂടെ ജീവനുവേണ്ടിയുള്ള പോരാട്ടം. കുതിച്ചു പൊങ്ങുന്ന ഹൃദയമിടിപ്പ് കാതോർത്തു കിടക്കുമ്പോൾ നഴ്‌സിങ്ങിന് പഠിക്കുന്ന രണ്ടു കുട്ടികൾ വന്നു.  ഞാൻ കിടന്ന ട്രോളിയുരുട്ടി പിന്നെയും അകത്തേക്ക് കൊണ്ട് പോയി. അവരെന്നേ ഓപ്പറേഷന് സജ്ജമാക്കി. കാലിന്റെ വിരലിൽ പിടിച്ചു നോക്കി അതിലൊരാൾ പറഞ്ഞു.

"മാഡം...ഇതിൽ നെയിൽ പോളിഷ് ഉണ്ട്..."

സത്യത്തിൽ കാലിലെ നെയിൽ പോളിഷിന്റെ കാര്യം ഞാൻ മറന്നിരുന്നു. എന്നോ ഇട്ടതിന്റെ അടയാളങ്ങൾ എന്നെ കുരിശിൽ കേറ്റാൻ മാത്രം ഉണ്ടെന്നും ഞാൻ അറിഞ്ഞിരുന്നില്ല. അന്നത്രേം ബോധമേ ഉണ്ടായിരുന്നുള്ളു. ഇന്ന് ഏതൊരു ഗർഭിണിയെ കണ്ടാലും അന്നത്തെ അനുഭവം വെച്ചു ഞാൻ പറയും.

"കാലേല് വല്ലതും തേച്ചിട്ടുണ്ടെങ്കിൽ കൈയോടെ കളയണേ...പിന്നെ എടുത്താൽ പൊങ്ങാത്ത വയറുമായി അതിന്റെ പിറകെ പോണം. നല്ല സിസ്റ്റർമാരല്ലങ്കിൽ അവരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടിയും വരും."

ഏതായാലും മറ്റൊരു ഗർഭിണിയുടെ അരികിൽ നിൽക്കുകയായിരുന്നു അവരന്നേരം. ഒട്ടും അലിവില്ലാതെ എന്റടുത്ത് വന്നു അവർ അട്ടഹസിച്ചു.

"ഇതെന്തുവാ.... ഞങ്ങൾക്ക് പണിയുണ്ടാക്കാൻ. പോ...പോയിത് കളഞ്ഞിട്ടു വാ..."

പെൺകുട്ടി പറഞ്ഞു.

"മാഡം...ഇതൊരുപാടൊന്നുമില്ല."

"അതിയാളാണോ തീരുമാനിക്കുന്നേ....ഏതാണ്ട് സിനിമ കാണാൻ വന്നത് പോലെയാണോ പ്രസവിക്കാൻ വരുന്നത്."

നീരുവെച്ച കാലും, വലിയ വയറുമായി കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ഞാൻ നന്നേ പണിപ്പെട്ടു. ആരോ സ്പിരിറ്റിൽ മുക്കിയ പഞ്ഞിയുമായി പുറകെ വന്നു. അടുത്ത നിമിഷം അവർ പറഞ്ഞു.

"നിങ്ങളെങ്ങോട്ടാ...തനിയെ ചെയ്തോളും. ക്യൂട്ടെക്സ് തേച്ചു പിടിപ്പിച്ചപ്പോൾ ഓർക്കണമായിരുന്നു."

അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു.  

ഒരു സ്ത്രീയായതിൽ, ഒരമ്മയായതിൽ എനിക്കാദ്യമായി അപമാനം തോന്നി. അവരുടെ വായിൽ നിന്നും വീഴുന്നതെല്ലാം ജീവനോടെ കുഴിച്ചു മൂടുന്നതിന് തുല്ല്യമായിരുന്നു. ഒരു ഗർഭിണിയോട് ഇങ്ങനെ പെരുമാറണം എന്നാണോ അവർ പഠിച്ചു വെച്ചിരിക്കുന്നത്.  ആരുമാരും മിണ്ടുന്നില്ല. അവരുടെ ആജ്ഞകൾ അനുസരിച്ച് നിൽക്കുന്ന  വെറും പാവകൾ.!

കുനിഞ്ഞു കാലിന്റെ വിരലിൽ തൊട്ടതും അടിവയറ്റിലൂടെ ഒരു മിന്നൽ പ്രവാഹമുണ്ടായി. ഇപ്പോൾ മരിച്ചു പോകുമെന്നും, ഇനിയൊരിക്കലും പുറത്ത് കാത്തു നിൽക്കുന്ന ഭർത്താവിനെയും മൂത്ത കുഞ്ഞിനെയും കാണാൻ കഴിയില്ലെന്നിക്ക് തോന്നി. ഒരു സിനിമ കാഴ്ചയെന്ന വണ്ണം കഴിഞ്ഞു പോയതെല്ലാം.മനസ്സിൽ നിറഞ്ഞോടി വന്നു. കരച്ചിൽ , കണ്ണുനീർ... 

കണ്ടു നിന്ന പെൺകുട്ടിയ്ക്ക് അപകടം മണത്തു. ഇത്തവണ അവരുടെ വാക്കുകൾ കേൾക്കാതെ അവളോടി വന്നു. എനിക്കറിയാം അവൾ വന്നു പിടിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ബോധരഹിതയായി നിലത്ത് വീഴുമായിരുന്നു. ബിപി പിന്നെയും കൂടിയതിനാൽ അവർക്ക് നിരാശയായി.  എന്റെടുത്ത് വന്നു തുറിച്ചു നോക്കി അവർ പറഞ്ഞു.

"ചിന്തകൾ കുറച്ചു ഒന്നടങ്ങി കെടയ്ക്കണം. അല്ലെങ്കിൽ ഇന്നെങ്കിലും ഓപ്പറേഷൻ നടക്കില്ല." അവരുടെ തുറിച്ച നോട്ടവും മുഖവും കാണാൻ എനിക്ക് തീർത്തും ധൈര്യം തോന്നിയില്ല. ഞാൻ കണ്ണുകൾ ഇറുകെയടച്ചു കിടന്നു. ഒരു കൂട്ടം നരഭോജികളുടെ നടുവിൽ കിടക്കുന്നത് പോലെ എനിക്ക് തോന്നി. അനതേഷ്യ തന്നു, ദേഹം മരവിയ്ക്കുന്നത് മുൻപ് തന്നെ ഓപ്പറേഷൻ ചെയ്തു തുടങ്ങി.  വയർ ഉഴുതു മറിച്ചെടുക്കുന്ന പോലെ...വേദന...വേദന...വേദന...പിന്നെയും പറയാൻ കഴിയാത്ത, എഴുതാൻ കഴിയാത്ത അത്രേം വിഷമതകൾ.... 

. അവരുടെ ശ്രദ്ധയില്ലായാവാം വയറ്റിൽ ഇട്ടിരുന്ന സ്റ്റിച്ച് പഴുത്തു...അണുബാധ ഉണ്ടായി. വീണ്ടും ചെക്കപ്പ്, ആശുപത്രി...ഇന്നും വേദന മാറാത്ത  മുറിപ്പാട്.

ആ ലേബൽ റൂമിൽ വച്ചുണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നു. ഇന്നും ലേബർ റൂം കാണുമ്പോൾ എനിക്ക് അകാരണമായ ഭയവും ഉത്കണ്ഠയും ഉണ്ടാവാറുണ്ട്. 

കുഞ്ഞുണ്ടായി രണ്ടു മാസത്തിന് ശേഷം മോനെയും കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ  ആദരാഞ്ജലികൾ എന്നെഴുതിയ ഒരു ഫോട്ടോ ആശുപത്രിയുടെ ഭിത്തിയിൽ കണ്ടു. അതാ നഴ്സായിരുന്നു. ആക്സിഡന്റ് ആണെന്ന് പിന്നീട് അറിഞ്ഞു. അവരുടെ ആ ഫോട്ടോയിൽ നോക്കി നിന്നപ്പോൾ എന്റെ മനസ്സിലുണ്ടായത് എന്താണെന്ന് എനിക്ക് ഇപ്പോഴുമറിയില്ല.  

 ജീവിതകാലം മുഴുവനും ഉണങ്ങാത്ത മുറിവുകൾ തന്ന അവരെയെങ്ങനെ ഞാൻ മറക്കാനാണ്... അവരിന്ന് ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ലങ്കിലും...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA