‘രേഷ്മ എന്ന 28കാരിയായ മകളുടെ കഴുത്തു ഞെരിക്കും മുമ്പ് ആ അമ്മ അനുഭവിച്ച നോവ്’–വൈറലായി കുറിപ്പ്

mother-endosalfan
രേഷ്മയും അമ്മയും
SHARE

വിധിക്കു മുന്നിൽ പലപ്പോഴും നമ്മൾ നിസ്സഹായരായി നോക്കി നിൽക്കാറുണ്ട്. സ്വന്തം വിധിയെ പഴിച്ച് ജീവിക്കേണ്ടി വരുന്ന ചില ജന്മങ്ങളുണ്ട് നമുക്കു ചുറ്റിലും. 28 വയസ്സുള്ള എൻഡോസൾഫാൻ ദുരിത ബാധിതയായ മകളെ കഴുത്തു ഞെരിച്ചു കൊന്ന അമ്മയുടെ അവസ്ഥ എന്തായിരിക്കും എന്നത് പൊതു സമൂഹത്തിന് ഇപ്പോഴും പൊതുസമൂഹത്തിന് ചിന്തിക്കാൻ കഴിയില്ല. ഇത്തരത്തിൽ എത്രയോ നിസ്സഹായരായ അമ്മമാരും മക്കളും നമുക്കു ചുറ്റിലുമുണ്ടെന്ന് ഓർമിപ്പിക്കുകയാണ് എഴുത്തുകാരനായ നജീബ് മൂടാടി.

"നിസ്സഹായരായ കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും കാര്യത്തിൽ സർക്കാരും പൊതുസമൂഹവും വ്യക്തികളും ഇതേ അവഗണനയും നിസ്സംഗതയും തുടർന്നാൽ ഇനിയും ഇവിടെ ഈ രീതിയിൽ ഉള്ള മരണ വാർത്തകൾ കേൾക്കേണ്ടി വരും. നമ്മുടെ ചുറ്റുവട്ടങ്ങളിലോ, ബന്ധുക്കളിലോ ഇങ്ങനെ സംഭവിക്കുമ്പോൾ മാത്രം കുറ്റബോധം തോന്നിയത് കൊണ്ട് കാര്യം ഉണ്ടാവുകയില്ല. രേഷ്മ എന്ന ഇരുപത്തിയെട്ടുകാരിയായ മകളുടെ കഴുത്തു ഞെരിക്കും മുന്‍പ് ആ അമ്മ അനുഭവിച്ച നോവ് എന്തായിരിക്കും എന്നോർക്കുക.’– നജീബ് കുറിക്കുന്നു. 

നജീബ് മൂടാടിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘ഇരുപത്തിയെട്ടുകാരിയായ മകളെ കഴുത്തു ഞെരിച്ചു കൊന്ന് അമ്മ ആത്മഹത്യ ചെയ്ത വാർത്ത പതിവുപോലെ നമ്മിൽ ഒരു ചലനവും ഉണ്ടാക്കാതെ കടന്നുപോയി. വർഷങ്ങളായി എൻഡോസൾഫാൻ വിതച്ച ദുരിതം പേറി പലവിധ രോഗങ്ങളും. പിറന്നു വീഴുമ്പോൾ തന്നെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ ഒരുപാട് പ്രശ്നങ്ങളുമായി വലിയ തലയും കുഞ്ഞുടലുമായി. അങ്ങനെ പലവിധത്തിൽ മരിച്ചു ജീവിക്കുന്നവരും മരണം കൊണ്ട് ദുരിതങ്ങളിൽ നിന്ന് രക്ഷപെട്ടു പോകുന്നവരുമായ ആ നാടുകളിലെ മനുഷ്യർ ഇപ്പോൾ നമുക്ക് വാർത്തയേ അല്ലല്ലോ. ആ കൂട്ടത്തിൽ ഒരു വിമലയും രേഷ്മയും കൂടെ.

എൻഡോസൾഫാൻ ദുരിതബാധിതരുടെ മാത്രം വിഷയമല്ലല്ലോ ഇത്. ദിവ്യാംഗർ എന്നും ഭിന്നശേഷിക്കാർ എന്നുമൊക്കെ മനോഹരമായ പേരിട്ട് ആദരിക്കുന്നതിനപ്പുറം ബുദ്ധിപരമായോ മാനസികമായോ ശാരീരികമായോ സാധാരണ നിലയിൽ അല്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളോടും ആ മക്കളുടെ രക്ഷിതാക്കളോടും ഉറ്റവരുടെയും സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും മനോഭാവമാണ് ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ അമ്മമാരെ പ്രേരിപ്പിക്കുന്നത് എന്ന സത്യം എങ്ങനെയാണ് നമുക്ക് കാണാത്ത മട്ടിൽ ഇരിക്കാൻ കഴിയുന്നത്. ഈ അവസ്ഥയിലായ കുഞ്ഞുങ്ങളെ കൊന്ന് സ്വയം അവസാനിപ്പിച്ച അച്ഛനമ്മമാരെ കുറിച്ചുള്ള വാർത്ത നമുക്ക് പുതുമയല്ലാതായിരിക്കുന്നു.

അതിലും എത്രയോ ഇരട്ടി രക്ഷിതാക്കൾ മനസ്സിൽ ഒരായിരം വട്ടം ഇങ്ങനെ ആലോചിക്കുകയും ധൈര്യമില്ലാത്തത് കൊണ്ടോ വിശ്വാസപരമായ കാരണങ്ങളാലോ വേണ്ടെന്നു വെച്ച് ഉരുകി ജീവിക്കുന്നുണ്ട്. ഇങ്ങനെയുള്ള ഒരു കുഞ്ഞ് പിറന്നുവീഴുന്നത് മുതൽ ആ കുട്ടിയെ പരിചരിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലുമായി ജീവിതം ഒതുങ്ങിപ്പോയ, സ്വന്തം ആരോഗ്യം കുറഞ്ഞു വരുംതോറും മുതിർന്നു വരുന്ന കുട്ടിക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കാനാവാത്തതിന്റെ വേദനയും തന്റെ കാലശേഷം ഈ കുട്ടിയുടെ അവസ്ഥ എന്താകും, ആരു നോക്കും എന്ന ആധിയും ഉണ്ടാക്കുന്ന നിവൃത്തികേടും വർഷങ്ങളായി ഒഴുക്കുന്ന കണ്ണീരും ഒടുവിൽ ഇങ്ങനെ ഒരു കടുത്ത തീരുമാനത്തിലേക്ക് എത്തിക്കുകയാണ്.

സർക്കാരും സമൂഹവും മാത്രമല്ല, പലപ്പോഴും ബന്ധുക്കളും വീട്ടുകാർ പോലും ഇങ്ങനെയുള്ള കുട്ടിയെ പരിചരിക്കേണ്ടത് മാതാപിതാക്കളുടെ മാത്രം ബാധ്യതയാണ് എന്ന് നിസ്സംഗമായി മാറി നിൽക്കുമ്പോൾ, ഇങ്ങനെ ഒരു കുഞ്ഞാണ് പിറന്നത് എന്നറിയുന്നതോടെ  സ്വന്തം അച്ഛൻ തന്നെ ഉപേക്ഷിച്ചു പോകുന്ന സംഭവങ്ങൾ അപൂർവ്വമല്ലാതാകുമ്പോൾ സുഗതകുമാരിയുടെ 'കൊല്ലേണ്ടതെങ്ങനെ' എന്ന കവിതയിലെ അമ്മയെപ്പോലെ മരണം കൊണ്ട് കുട്ടിക്കും സ്വയവും മോചനം നൽകുകയാണ് എന്ന വേദനിപ്പിക്കുന്ന യാഥാർഥ്യം നാം എന്നാണ് ഉൾക്കൊള്ളുക.

ഇങ്ങനെയുള്ള ഓരോ മരണവും വിദ്യാഭ്യാസപരമായും സംസ്കാരികമായും വളരെ ഉയർന്ന നിലയിൽ ആണെന്ന് അഭിമാനിക്കുന്ന നമ്മുടെ സമൂഹത്തിന്റെ പൊള്ളത്തരം ആണ് തുറന്നു കാണിക്കുന്നത്. എൻഡോസൾഫാൻ ദുരന്തം വിതച്ച കാസർക്കോട്ടെ ഗ്രാമങ്ങളിൽ ജീവച്ഛവങ്ങളായി ജനിച്ചു വീണ് നരകജീവിതം കഴിച്ചു കൂട്ടുന്ന കുഞ്ഞുങ്ങളുടെയോ അവരുടെ മാതാപിതാക്കളുടെയോ കാര്യത്തിലായാലും, ഓട്ടിസം അവസ്ഥയിലോ സെറിബ്രൽപാൾസി തുടങ്ങി പലവിധങ്ങളായ ബുദ്ധിപരമായോ ശാരീരികമായോ മാനസികമായോ ഉള്ള പ്രശ്നങ്ങളാലോ ജനിക്കുന്ന, പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത മക്കളുടെ കാര്യത്തിൽ ആയാലോ ഒട്ടും അനുഭാവം ഇല്ലാത്ത ഒരു സമൂഹമാണ് നാം.

ഇങ്ങനെ ഒരു കുഞ്ഞു പിറന്നു വീഴുന്നത് മുതൽ സന്തോഷങ്ങളും സ്വാതന്ത്ര്യവും അവസാനിച്ച്  ജീവിതം തന്നെ ആ കുട്ടിയിലേക്ക് ഒതുങ്ങി പ്രായമേറും തോറും തങ്ങളുടെ കാലശേഷം ഈ മകന്റെ / മകളുടെ അവസ്ഥ എന്താവും എന്ന ആധിയോടെ ജീവിക്കുന്ന രക്ഷിതാക്കൾക്ക് ആശ്വാസമാവാനും ധൈര്യം നൽകാനും കൂടെ നിൽക്കാനും ഉള്ള ബാധ്യത ബന്ധുക്കൾക്കും സമൂഹത്തിനും എന്നാണ് ഉണ്ടാവുക. ഇതൊക്കെ ഏതെങ്കിലും ചാരിറ്റി സംഘടനകളുടെയോ പാലിയേറ്റീവ് പ്രവർത്തകരുടെയോ മാത്രം കടമയാണ് എന്ന ധാരണ നാം തിരുത്തുമോ.

ഇങ്ങനെയുള്ള  കുഞ്ഞുങ്ങൾക്ക് ആവശ്യമായ പരിചരണങ്ങളും ചികിത്സയും എത്രയും നേരത്തേ തുടങ്ങിയാൽ വലിയൊരളാവോളം ആ കുഞ്ഞുങ്ങളെ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരാനാവും എന്ന് വിദഗ്ദർ പറയുന്നു. ഗർഭാവസ്ഥയിൽ തന്നെ പല പ്രശ്നങ്ങളും കണ്ടെത്താനാവും എന്നത് കൊണ്ട് തന്നെ മാതാപിതാക്കൾക്ക് ആവശ്യമായ കൗൺസിലിങ്ങും ഈ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം എന്നതുമൊക്കെ നേരത്തേ മനസ്സിലാക്കാനും അതിനായി ഒരുങ്ങാനും സാധിക്കും. ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ആവശ്യമായ  തെറാപ്പികളുടെയും പരിശീലന ഉപകരണങ്ങളുടെയും കാര്യത്തിൽ ലോകം ഒരുപാട് മുന്നോട്ടു എത്തിക്കഴിഞ്ഞെങ്കിലും നമ്മുടെ നാട്ടിൽ അങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ചുള്ള അവബോധം പല സ്പെഷ്യൽ സ്കൂൾ നടത്തിപ്പുകാർക്ക് പോലും ഇല്ല. 

പൊതു ഇടങ്ങൾ വീൽചെയർ ഫ്രണ്ട്‌ലി ആവുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ പോലും എന്തിന് എന്ന് നിസ്സാരമായി കാണുന്ന നമ്മുടെ പൊതു സമൂഹത്തിന്റെ കാര്യം പറയേണ്ടതുമില്ലല്ലോ. നിസ്സഹായരായ ഇങ്ങനെയുള്ള കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും കാര്യത്തിൽ സർക്കാരും പൊതുസമൂഹവും വ്യക്തികളും ഇതേ അവഗണനയും നിസ്സംഗതയും തുടർന്നാൽ ഇനിയും ഇവിടെ ഈ രീതിയിൽ ഉള്ള മരണ വാർത്തകൾ കേൾക്കേണ്ടി വരും. നമ്മുടെ ചുറ്റുവട്ടങ്ങളിലൊ ബന്ധുക്കളിലോ ഇങ്ങനെ സംഭവിക്കുമ്പോൾ മാത്രം കുറ്റബോധം തോന്നിയത് കൊണ്ട് കാര്യം ഉണ്ടാവുകയില്ല. 

രേഷ്മയെന്ന ഇരുപത്തിയെട്ടുകാരിയായ മകളുടെ കഴുത്തു ഞെരിക്കും മുമ്പ് ആ അമ്മ അനുഭവിച്ച നോവ് എന്തായിരിക്കും എന്നോർക്കുക. നാം വായിക്കാതെ പോകുന്ന വാർത്തകളാണ് കാണാതെ പോകുന്ന ജീവിതങ്ങളാണ്. കണ്ടില്ലെന്ന് നടിച്ചാലും നമുക്ക് അറിയുന്ന എമ്പാടും മനുഷ്യരുണ്ടിങ്ങനെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA