സഫാരി പാർക്ക് സന്ദർശനത്തിനിടെ കാറിനുള്ളിലേക്കു തലയിട്ട ഒട്ടകപ്പക്ഷിയെക്കണ്ട് പരിഭ്രാന്തയായ യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മിസിസിപ്പിയിലാണ് സംഭവം. സുഹൃത്തിനൊപ്പം പാർക്കിലെത്തിയ ഇരുപത്തിരണ്ടുകാരിയായ ക്ലോബെൻഹാം കാറിലിരുന്നു ജീവികൾക്കു തീറ്റ കൊടുക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഒട്ടകപ്പക്ഷി വിൻഡോയിലൂടെ തല അകത്തിട്ടത്. ഭയന്ന യുവതി നിലവിളിച്ചെങ്കിലും അതു കൂസാതെ ഒട്ടകപ്പക്ഷി അവരുടെ കയ്യിലെ പാക്കറ്റിൽനിന്നു ഭക്ഷണം കൊത്തിത്തിന്നുകയും ചെയ്തു.
‘‘ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. പിന്നീട് ആലോചിച്ച് ഞങ്ങൾ ചിരിച്ചു. ചുറ്റിലും നിരവധി ഒട്ടകപ്പക്ഷികളുണ്ടായിരുന്നു. ഈ സംഭവത്തിനു ശേഷം ഞങ്ങൾ അവരുടെ കണ്ണിൽപ്പെടാതിരിക്കാൻ ശ്രദ്ധിച്ചു. കാറിന്റെ വിൻഡോ ഞാൻ അൽപം താഴ്ത്തി വച്ചിരുന്നു. അതിലൂടെയാണ് ഒട്ടകപ്പക്ഷി എന്റെ അരികിലേക്കു തലനീട്ടിയത്. ഏതായാലും ഇതോടെ ഒട്ടകപ്പക്ഷിയോടുള്ള എന്റെ പേടി ഇല്ലാതായി.’’– ക്ലോബെൻഹാം പറഞ്ഞു.
ക്ലോബെൻഹാം ഇത്രയേറെ പേടിക്കുമെന്ന് താനും കരുതിയില്ലെന്ന് സുഹൃത്ത് സ്റ്റീഫൻ പറഞ്ഞു. ‘‘ക്ലോയ്ക്ക് മൃഗങ്ങളുമായി അടുത്തിടപഴകി ശീലമുണ്ട്. അവൾക്ക് ഇതിനെ ഭയമായിരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇനി ഏതെല്ലാം ജീവികൾ കാറിനടുത്തേക്കു വരുമെന്നു ഞങ്ങൾ ഭയന്നു.’’– സ്റ്റീഫൻ വ്യക്തമാക്കി.