ADVERTISEMENT

കോഴിക്കോട് ∙ വർണങ്ങൾ വിരിയുന്ന കാൻവാസ്. ചിത്രകാരിയുടെ വിരൽത്തുമ്പിൽനിന്ന് ഉതിർന്നു വീഴുന്നത് അതിമനോഹരമായ വർണജാലമാണ്. ഇന്നുമുതൽ കോഴിക്കോട്ട് തന്റെ ചിത്രങ്ങളുടെ പ്രദർശനം ഒരുക്കിയിരിക്കുന്ന ഈ ചിത്രകാരി സിവിൽ സർവീസുകാരിയാണ്. ഔദ്യോഗിക തിരക്കുകൾക്കിടയിലും ചിത്രരചനയുടെ പുതുരീതികളുമായി കലാസ്വാദകരെ അമ്പരപ്പിക്കുന്നത് സംസ്ഥാന ജിഎസ്ടി സ്പെഷൽ കമ്മിഷണർ വീണ എൻ.മാധവനാണ്. ജെഎൻയുവിൽനിന്ന് ഇംഗ്ലിഷിൽ പിഎച്ച്ഡി നേടിയ വീണ 2010 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്. 

 

വീണാ മാധവനു കുട്ടിക്കാലം തൊട്ടുതന്നെ ചിത്രരചനയിൽ താൽപര്യമുണ്ട്. എന്നാൽ, ചിത്രരചന പരിശീലിച്ചിട്ടില്ല. പുസ്തകങ്ങളിൽനിന്നും ഇന്റർനെറ്റിൽനിന്നുമായി ചിത്രരചന കണ്ടുകണ്ടാണ് പഠിച്ചത്. ഫൊട്ടോഗ്രഫിയും വീണയുടെ ഇഷ്ടമേഖലയാണ്. 

 

ആദ്യകാലത്ത് ഗ്ലാസ് പെയിന്റിങ്ങും മറ്റുമായിരുന്നു താൽപര്യം. പിന്നീട് അക്രിലിക്ക് ചിത്രങ്ങളിലേക്ക് തിരിഞ്ഞു. അബ്സ്ട്രാക്റ്റ് ചിത്രങ്ങളാണ് വരച്ചിരുന്നത്.  ആൽക്കഹോൾ ഇങ്ക് എന്ന പുതിയ മാധ്യമത്തിൽ വരച്ച ചിത്രങ്ങളാണ് ഇന്നും നാളെയും പ്രദർശിപ്പിക്കുന്നത്. ഫ്ലൂയിഡ് ആർട്ട് രീതിയിലാണ് ചിത്രങ്ങൾ‍. ഒഴുകിയിറങ്ങുന്ന ചായത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് പ്രകൃതിയുടെ അമൂർത്തമായ കാഴ്ചകൾ ഒരുക്കുന്ന രീതിയാണത്. ‘എൻചാന്റിങ് ഹ്യൂസ് ’ എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം മാനാഞ്ചിറ ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ ഇന്നു തുടങ്ങും. പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു വൈകിട്ട് 4ന് കെ.ജയകുമാർ നിർവഹിക്കും. ചെറുതും വലുതുമായ 25 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. നാളെ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com