അതിക്രൂരനായ ചാച്ചനെ ഞങ്ങൾക്ക് പേടിയായിരുന്നു; സ്കൂൾ തുറന്ന ദിവസം അമ്മച്ചി ആത്മഹത്യ ചെയ്തു; പൊള്ളുന്ന ജീവിതം

woman-hyderabad
SHARE

വേദനകളെ അതിജീവിച്ച ജീവിതപോരാട്ടങ്ങളെക്കുറിച്ച് ഹൃദയംതുറന്നെഴുതുകയാണ് അനി അനു. അമ്മച്ചിയുടെ ആത്മഹത്യ കണ്ട് പകച്ചു നിന്ന പെൺകുട്ടിയിൽ നിന്നും ഹൈദരാബാദിലെ പ്രശസ്തമായ ആശുപത്രിയിലെ ഇന്റേണൽ ഓഡിറ്റ് ഇൻചാർജിലേക്കുള്ള യാത്രയെക്കുറിച്ച് അനി അനു പറയുമ്പോൾ വായിക്കുന്നവരുടെ കണ്ണുനിറയും. ജീവിക്കാൻ പെടാപ്പാടു പെട്ട നാളുകളിൽ ചെയ്ത ജോലികളും ഒരു നേരത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയ നാളുകളും അനി അനു വികാരനിർഭരമായാണ് പങ്കുവയ്ക്കുന്നത്.

അനി അനു പങ്കുവച്ച കുറിപ്പിന്റെ പൂർണ രൂപം വായിക്കാം

‘1989 ജൂൺ രണ്ടിന് സ്കൂൾ തുറന്ന ദിവസം അമ്മച്ചി ആത്മഹത്യ ചെയ്തത് കണ്ടു തളർന്നു വീണ 14-ാം വയസ്സിലെ പെൺകുട്ടിയിൽ നിന്ന് ഹൈദരാബാദിലെ പ്രശസ്തമായ ആശുപത്രിയിലെ ഇന്റെർണൽ ഓഡിറ്റ് ഇൻചാർജിലേക്കുള്ള എന്റെ യാത്രയിൽ കൂട്ടിനുണ്ടായിരുന്നത് കല്ലും മുള്ളും നിറഞ്ഞ വഴികൾ മാത്രമായിരുന്നു. അതിക്രൂരനായ ചാച്ചനെ എന്നും ഞങ്ങൾ കുട്ടികൾക്ക് പേടിയായിരുന്നു. പകലന്തിയോളം പണിയെടുത്ത് കുടുംബം നോക്കിയ അമ്മച്ചിയെ കൊല്ലാക്കൊല ചെയ്തപ്പോൾ ആ പാവം അവസാനം ജീവിതം മടുത്ത് ഒരു കവിൾ ഫ്യൂരിഡാനിൽ ജീവനൊടുക്കി.

അതിനുശേഷം സന്തോഷം എന്താണെന്ന് അറിയാത്ത നാളുകളായിരുന്നു. അമ്മച്ചി മരിച്ച വർഷം ഒൻപതാം ക്ലാസ്സിൽ തോറ്റു പോയപ്പോൾ പതറിപ്പോയെങ്കിലും നേരാംവണ്ണം ക്ലാസ്സിൽ പോകാതിരുന്നിട്ടും ശരിക്കും പഠിക്കാഞ്ഞിട്ടും എസ്എസ്എൽസി ബുക്കിൽ 282 മാർക്ക് മേടിച്ചു പത്താം ക്ലാസ് പാസ്സായി. അതിനു ശേഷം പാഠപുസ്തകങ്ങൾ ഞാൻ കണ്ടിട്ടില്ല. ജനിച്ചപ്പോൾ മുതൽ കൂടെയുള്ള ശ്വാസം മുട്ടൽ ദിവസവും ബുദ്ധിമുട്ടിച്ചു.

അമ്മച്ചി മരിച്ചു കഴിഞ്ഞു ജീവിക്കാൻ പെടാപ്പാട് പെടുമ്പോൾ, എനിക്ക് ചിലവിനു തരാൻ മാർഗ്ഗമില്ലെന്നും പറഞ്ഞു ചാച്ചൻ മൂവാറ്റുപുഴയിലെ ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടിൽ അവരുടെ കൊച്ചിനെ നോക്കാനായി കൊണ്ടു പോയി വിട്ടു. അവരാകട്ടെ ആ വീട്ടിലെ സർവ്വ പണിയും എടുപ്പിക്കാൻ ഉത്സാഹിച്ചപ്പോൾ, അവിടെ നിന്നും കരഞ്ഞു കൊണ്ട് തിരിച്ചു പോന്നു. പിന്നേം ചാച്ചൻ മൂവാറ്റുപുഴയിലെ ഒരു പ്രമാണിയുടെ കൈയ്യിൽ നിന്നും കാശു മേടിച്ചിട്ട് എന്നെ മൂലമറ്റത്തുള്ള അവരുടെ സെന്റ് ജോർജ് ഹോസ്പിറ്റലിൽ ചീട്ടെഴുതി കൊടുക്കുന്ന പണിയാണെന്നും പറഞ്ഞു കൊണ്ട് പോയി ഏൽപ്പിച്ചു. അവിടെ ചെന്നപ്പോൾ ആണ് അറിഞ്ഞത് ആയയുടെ പണി ആണെന്ന്. കൂടാതെ ഈനാഞ്ചേരി മഴയും, ശ്വാസം മുട്ടലും. അവിടെ പെട്ടു പോകും എന്ന് ബോധ്യം വന്നപ്പോൾ മൂലമറ്റത്തു നിന്നും തൊടുപുഴ വരെയുള്ള വണ്ടിക്കൂലി അവിടെയുള്ള ഒരാളുടെ കൈയ്യിൽ നിന്നും മേടിച്ചു. തൊടുപുഴയിൽ നിന്നും കൂത്താട്ടുകുളത്തിന് ബസ്സിൽ കയറിയപ്പോൾ ഞാൻ പറഞ്ഞു എന്റെ കൈയ്യിൽ പൈസയില്ല.വ  നാളെയീ വണ്ടി സ്റ്റാൻഡിൽ വരുമ്പോൾ കൊണ്ടു വന്നു തരാം. ഇല്ലെങ്കിൽ പാലായ്ക്കു പോകുന്ന മഡോണ ബസ് ഓടിക്കുന്നത് എന്റെ കൊച്ചച്ഛൻ ആണ്. അവരുടെ കൈയ്യിൽ നിന്നും വാങ്ങിച്ചു കൊള്ളൂ. സാരമില്ല എന്നും പറഞ്ഞു ആ കണ്ടക്ടർ എന്തായാലും ടിക്കറ്റ് തന്നു. അങ്ങനെ വീട്ടിൽ തിരിച്ചെത്തി.

പിന്നെ വടക്കൻ പാലക്കുഴയിലെ ആശാൻ ഇരുമുടിക്കെട്ട് തയ്ച്ചു കൊടുത്താൽ ഒരെണ്ണത്തിനു 25 പൈസ തരാമെന്നു പറഞ്ഞപ്പോൾ അറിയാവുന്ന രീതിയിൽ തയ്ച്ചു കൊടുത്തും, ടിപ്ടോപ് ബാബുച്ചേട്ടന്റെ തയ്യൽക്കടയിൽ ഷർട്ടിനു ബട്ടൻസും, ബ്ലൗസിനു കൊളുത്തും കൈത്തുന്നൽ ചെയ്തു കൊടുത്തു ആഴ്ച്ചാവസാനം മേടിച്ച തുച്ഛവരുമാനമായിരുന്നു ഏക ആശ്വാസം. ഈ സങ്കടക്കടലിൽ ആകെ താങ്ങായുണ്ടായിരുന്നത് അച്ഛന്റെ അമ്മയും, ചേച്ചിയും, അനിയനുമായിരുന്നു.

ടിടിസി പഠനം പൂർത്തിയാക്കിയ ചേച്ചിക്ക് ഹൈദരാബാദിലെ ഒരു സ്കൂളിൽ ജോലി ലഭിച്ചതോടെ ഞങ്ങൾക്ക് ഒത്തിരി സന്തോഷം തോന്നി.അവളെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന് പ്രാർത്ഥിച്ച നാളുകളിൽ അവൾ പോയി കഴിഞ്ഞു ആദ്യത്തെ അവധിയ്ക്കു വന്നു തിരിച്ചു പോയപ്പോൾ ഞാനും ചേച്ചിക്കൊപ്പം ഹൈദരാബാദിലേക്ക് ട്രെയിൻ കയറി. അവിടെ എത്തിയപ്പോൾ, ചേച്ചി പഠിപ്പിക്കുന്ന പിള്ളേർക്ക് ഹോം വർക്ക് പറഞ്ഞു കൊടുത്തും ജോലിയ്ക്കു കുറേ ശ്രമിച്ചു.

ജോലി കിട്ടാതെ വന്നപ്പോൾ 6 മാസം കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തിയപ്പോൾ ഞാനാദ്യം നിന്ന തയ്യൽക്കടയിൽ വേറെ ആൾ വന്നിരുന്നു.500 രൂപ കൂടുതൽ കിട്ടുമെന്നറിഞ്ഞു ചേച്ചിയും കൂട്ടുകാരികളും സ്കൂൾ മാറി ഹൈദരാബാദ് നഗരം വിട്ടു. ആന്ധ്രയിലെ "നീർഡുംചേർല" ഗ്രാമത്തിലേയ്ക്കും പോയി. പിന്നീട് ഞാൻ കൂത്താട്ടുകുളത്തുള്ള ഹാൻവീവ് ഷോറൂമിൽ ഓണവിൽപ്പന സമയത്തു 300 രൂപയ്ക്ക് സെയിൽസ് ഗേൾ ആയും, എസ്റ്റിഡി ബൂത്തിലെ റിസപ്‌ഷനിസ്റ്റായും ജോലി ചെയ്യുന്നതിനിടയിൽ വീണ്ടും ഹൈദെരാബാദിലേയ്ക്ക് പോകാൻ നിർബന്ധിതയായത് "ഹൈദരാബാദിൽ ഉള്ളപ്പോൾ എന്നെ ആസ്ത്മ ശല്യപ്പെടുത്താത്തതു കൊണ്ടു മാത്രമാണ്".

അങ്ങനെ 200 രൂപയും കൊണ്ട് 1996 ഓഗസ്റ്റ് മാസം ഞാൻ തനിയേ ശബരി എക്‌സ്പ്രസ്സിലെ ലോക്കൽ കമ്പാർട്മെന്റിൽ ഹൈദരാബാദിന് ട്രെയിൻ കയറി. വൈഡബ്ലിയുസിഎയിൽ ഫ്രീയായി താമസിക്കാം എന്ന് വായിച്ചറിഞ്ഞ അറിവ് വെച്ച് അവിടെ താമസിച്ചു കൊണ്ട്, അതിന്  മുമ്പിലുള്ള പെട്ടിക്കടയിൽ നിന്നും ഉസ്മാനിയ ബിസ്കറ്റും, കുഞ്ഞു സമോസയും വാങ്ങിക്കഴിച്ചും, പട്ടിണി കിടന്നും നൈസാമിന്റെ രാജവീഥികളിലെ തിരക്കിലേക്ക് ഭാഷ പോലും അറിയാതെ രണ്ടും കൽപ്പിച്ചു ഇറങ്ങുമ്പോൾ എന്നിൽ നിശ്ചയദാർഢ്യം നിറഞ്ഞത് "അമ്മച്ചി മരിച്ചു പോയി, ചാച്ചൻ വീട് നോക്കില്ല, രോഗിയായ എനിക്ക് കേരളത്തിൽ ജീവിക്കാനും കഴിയില്ല" എന്ന തിരിച്ചറിവാണ്.അക്ഷരാർത്ഥത്തിൽ Do or Die.

കൈവെള്ളയിൽ ബസ്സിന്റെ നമ്പർ എഴുതി ബസ് റൂട്ട് മനസ്സിലാക്കി, ഡെക്കാൺ ക്രോണിക്കിളിലെ  പ്ലേസ്മെന്റ് നോക്കി പല ഓഫീസുകളും കയറിയിറങ്ങി അവസാനം അമീർപേട്ടുള്ള ഒരു റിയൽ എസ്റ്റേറ്റ് ഓഫീസിൽ 1996 ലെ വിജയദശമിയുടെ അന്ന് റിസപ്‌ഷനിസ്റ്റ് ആയി ജോയിൻ ചെയ്തു. വിശേഷ ദിവസം ആയതിനാൽ അന്നായിരുന്നു ഓഫീസ് ഓപ്പണിംഗും. ആദ്യം 500 രൂപയും, 6 മാസം കഴിഞ്ഞു 800 രൂപയും തരാം എന്ന് പറഞ്ഞവർ ഒരു മാസം കഴിഞ്ഞു ഓഫീസ് പൂട്ടി. അതറിയാതെ ഒരു തിങ്കളാഴ്ച പതിവു പോലെ രാവിലെ ഓഫീസിൽ ചെന്നപ്പോൾ ആണ് ബിൽഡിംഗ് ക്‌ളീൻ ചെയ്യുന്ന തൂപ്പുകാരിയിൽ നിന്നും അറിയാൻ കഴിഞ്ഞത് അവർ അവരുടെ ഊരിലേയ്ക്ക് പോയി എന്ന്.

ജോലി കിട്ടിയാൽ വൈഡബ്ലിയുസിഎയിൽ നിന്നും മാറിക്കൊടുക്കണം എന്നാണ് ചട്ടമെങ്കിലും ഒരു മാസം കൂടി അധികം താമസിക്കുകയും ചെയ്തു. തിരിച്ചു ചെന്ന് അവരോട് എന്തു പറയും , എങ്ങോട്ട് പോകും, വീട്ടിലേയ്ക്ക് തിരിച്ചു ചെന്നാലുള്ള ദുരിതവും കഠിനമാണല്ലോ എന്നൊക്കെ ചിന്തിച്ചു എന്തു ചെയ്യണമെന്നറിയാതെ രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് മൂന്നു മണി വരെ അമീർപേട്ടിലെ ബസ് സ്റ്റോപ്പിൽ തലങ്ങും വിലങ്ങും പായുന്ന വണ്ടികൾ നോക്കിയിരിക്കുമ്പോൾ, എന്റെ കൈയ്യിലിരുന്ന പോപ്പികുട കണ്ട് "മലയാളിയാണല്ലേ" എന്നും ചോദിച്ചു ഇന്ദു എന്നൊരു ആലപ്പുഴക്കാരി മലയാളി പെൺകുട്ടി വന്ന് പരിചയപ്പെട്ടു.

ബസ്‌സ്റ്റോപ്പിനു അടുത്തുള്ള മെഡികിഡ് ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു ഇന്ദു. എന്റെ ദയനീയാവസ്ഥ ഞാൻ ഇന്ദുവിനോട് പറഞ്ഞു. അതോടെ ഇന്ദു അവരുടെ ഫ്രണ്ട്‌സ് പേയിങ് ഗസ്റ്റായി താമസിക്കുന്ന  വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ഒരു സ്ത്രീയും പ്രായമായ അമ്മയും ആയിരുന്നു നടത്തിപ്പുകാർ. ആയിരം രൂപ അഡ്വാൻസ് കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ജോലി കിട്ടി കഴിഞ്ഞു തരാം എന്ന ഉറപ്പിന്മേൽ ആണ് അവർ ബെഡ് തന്നത്. ബെഡ് മാത്രമേ തരൂ. ഫുഡിന് ഡെയിലി പൈസ കൊടുക്കണം എന്ന എഗ്രിമെന്റിൽ കയറിക്കൂടുമ്പോൾ, അടുത്ത ബെഡിലെ കുട്ടികൾ തരുന്ന ബിസ്കറ്റും, ഉടമസ്ഥയുടെ കണ്ണുവെട്ടിച്ച് ഇന്ദുവിന്റെ കൂട്ടുകാർ സംഘടിപ്പിച്ചു തരുന്ന ഭക്ഷണത്തിലും ജീവിതം മുന്നോട്ട് പോകുമ്പോൾ ഒരു ദിവസം പിടിക്കപ്പെട്ടു. അതോടെ അവരുടെ മെസ്സിൽ ഭക്ഷണമുണ്ടാക്കാൻ സഹായിക്കേണ്ടി വന്നു. അത്രയും ദിവസം താമസിച്ചതിന്റെ വാടക കൊടുത്തിട്ടു പോയാൽ മതിയെന്ന താക്കീതും ലഭിച്ചു. ഇതോടെ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങിയ ഞാൻ ഒരു ദിവസം വീട്ടുടമസ്ഥയില്ലാത്ത സമയത്ത് അവിടെ നിന്ന് ഒളിച്ചോടി ഇന്ദുവിന്റെ ഹോസ്പിറ്റലിൽ ചെന്നു. കഥകൾ കേട്ട പീഡിയാക്ട്രീഷൻ ഡേ. ജഗദീഷ് 600 രൂപ ശമ്പളത്തിൽ റിസപ്‌ഷനിസ്റ്റായി ജോലിയ്‌ക്കെടുത്തു.താമസം ഫ്രീ. ഫുഡ് കൂട്ടുകാർക്കൊപ്പം വെച്ചുണ്ടാക്കി കഴിക്കണം. എഎൻഎം നേഴ്സ്മാർ എല്ലാവരും തന്നെ കേരളത്തിൽ നിന്നും ഉള്ളവരും.

രണ്ടു മാസം അവിടെ ജോലി ചെയ്യുമ്പോൾ, അബിഡ്സിലെ ആദിത്യ ഹോസ്പിറ്റലിൽ നൈറ്റ് ഡൂട്ടിയ്ക്ക് ആളെ ആവശ്യമുണ്ടെന്നും ആയിരം രൂപ കിട്ടുമെന്നും, താമസം സൗജന്യമാണെന്നും ഇന്ദുവിനോട് ആരോ പറഞ്ഞപ്പോൾ, ഞാൻ പൊക്കോളാം എന്നും പറഞ്ഞു 1996 ഡിസംബറിൽ ആദിത്യയിൽ ഞാൻ ഡ്യൂട്ടിക്കു കയറി. മഞ്ഞുകാലത്തു ഹോസ്റ്റലിലുള്ളവർ കമ്പിളി പുതപ്പും, സ്വറ്ററും ഉപയോഗിക്കുന്നത് കൊതിയോടെ നോക്കി നിന്ന് ശമ്പളം കിട്ടിയപ്പോൾ Koti യിൽ പോയി വഴിയോര കച്ചവടക്കാരോട് ബാർഗെയ്ൻ ചെയ്തു പച്ചക്കളർ ഉള്ള പുതപ്പും, നേവി ബ്ലൂ കളർ ഉള്ള സ്വറ്ററും സ്വന്തമാക്കി.

ഹൈദരാബാദിന്റെ ഒത്ത നടുക്കായ ആദിത്യയിൽ വരുന്ന രോഗികളിൽ ഏറെയും ഉറുദു സംസാരിക്കുന്ന സാധാരണക്കാർ ആയിരുന്നു. ഹിന്ദി പറഞ്ഞാൽ മനസ്സിലാകുമെങ്കിലും തിരിച്ചു സംസാരിക്കാൻ എനിക്ക് അറിയില്ലായിരുന്നു.. ഒരിക്കൽ രോഗിയുടെ കൈയ്യിൽ നിന്നും ബിൽ എക്സ്പ്ലൈൻ ചെയ്തു 5000 രൂപ മേടിക്കാൻ കഴിഞ്ഞില്ല. അവരാണെങ്കിൽ ബില്ല് ഒത്തിരി കൂടുതൽ ആണെന്നും പറഞ്ഞു വഴക്കുണ്ടാക്കലും..പിറ്റേന്ന്‌, ക്യാഷ് മേടിക്കാതെ രോഗിയെ വിട്ടുവെന്നും, ഇനി ജോലിയ്ക്കു വരേണ്ടയെന്നും അവിടുത്തെ മാഡം കട്ടായം പറഞ്ഞപ്പോൾ, കരഞ്ഞു കാലു പിടിച്ചു പറഞ്ഞു ആ പൈസ എന്റെ സാലറിയിൽ നിന്നും കട്ട് ചെയ്തു കൊള്ളുവാൻ..അവരതു ചെവിക്കൊള്ളാതെ മുഖം തിരിച്ചപ്പോൾ വേറെ ജോലി കിട്ടുന്ന വരെ വേണമെങ്കിൽ ഹോസ്റ്റലിൽ താമസിച്ചു കൊള്ളൂ എന്ന ഔദാര്യം മാത്രം തന്നു.

ആദിത്യയിൽ നിന്നും കിട്ടിയ കൂട്ടുകാരിയാണ് സുമ..എന്റെ സങ്കടങ്ങൾ കണ്ടിട്ട് അവൾ അറിയുന്നോരോടെല്ലാം എനിക്ക് വേണ്ടി ജോലി ചോദിച്ചു. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ ബഷീർ ബാഗിലെ ഹോസ്പിറ്റലിൽ ജോലി കിട്ടി. ഡേ ഡ്യൂട്ടി ആയതു കൊണ്ട് 800 രൂപ തരാം. അല്ലെങ്കിൽ 12 മണിക്കൂർ ചെയ്‌താൽ 1000 രൂപ തരാം എന്ന് പറഞ്ഞപ്പോൾ, 12 മണിക്കൂർ ചെയ്തു കൊള്ളാം എന്ന് സമ്മതിച്ചു അവിടെ ജോലി ചെയ്തു തുടങ്ങി. അപ്പോഴെല്ലാം മനസ്സിൽ കൊതി ഒരു 1500 രൂപ കിട്ടിയിരുന്നെങ്കിൽ 1000 രൂപ ചിലവായാലും 500 രൂപ മിച്ചം വെയ്ക്കാമായിരുന്നു എന്നായിരുന്നു.

അവിടുത്തെ വിസിറ്റിംഗ് കൺസൾട്ടന്റായ ഡോ.റാവു യശോദയിലും, അപ്പോളോയിലും കൂടി പോകുന്ന ഡോക്ടർ ആയിരുന്നു.‌ ഇവിടെ രോഗികൾ വരുമ്പോൾ അപ്പോയ്മെന്റ് കൊടുക്കണമെങ്കിൽ അദ്ദേഹത്തെ വിളിച്ചു ചോദിച്ചിട്ട് വേണമായിരുന്നുകണ്‍സൾട്ടിങ് ടൈം കൊടുക്കാൻ. അന്നത്തെ കാലത്ത് മൊബൈൽ എന്തെന്നു പോലും ആർക്കും അറിയില്ല. അദ്ദേഹത്തിനു വേണ്ടി അപ്പോളോയിലും, യശോദയിലും ലാൻഡ് ഫോൺ വിളിച്ചു വിളിച്ചു അവിടുത്തെ റിസപ്‌ഷനിസ്റ്റുമാരുമായി ചങ്ങാത്തം കൂടി. "നെയ്യ് ഇച്ചിരെ കൂടിയെന്നു പറഞ്ഞു നെയ്യപ്പത്തിനു രുചി കുറയില്ല" എന്ന് പറയുന്ന പോലെ പത്തു രൂപ കൂടുതൽ കിട്ടിയാൽ എനിക്ക് കയ്ക്കില്ലല്ലോ എന്നോർത്തു അപ്പോളോയിലെ മല്ലികാർജുനോടും യശോദയിലെ മനോഹർ സാറിനോടും വേക്കൻസി ഉണ്ടെങ്കിൽ പറയണേ എന്ന് പറഞ്ഞു വെച്ചു.

അങ്ങനെ ഒരു ദിവസം വേക്കൻസിയുണ്ടെന്നും ഇന്റർവ്യൂവിനു വരാനും വിളിച്ചപ്പോൾ, ബഷീർബാഗിൽ നിന്നും ഡയറക്ട് ബസ് ഇല്ലാത്തതിനാൽ കുറേ ദൂരം നടന്നും പിന്നെ ഓട്ടോ പിടിച്ചും പോയി ഇന്റർവ്യുയിൽ പങ്കെടുത്തു. മലയാളി എന്നൊരു പരിഗണനയും, അമ്മയില്ലാത്ത കുട്ടിയും, അയ്യോ പാവം പിടിച്ച എന്റെ രൂപവും, ശമ്പളം കൂടുതലുള്ള ജോലിയ്ക്കു വേണ്ടിയുള്ള അലച്ചിലും കണ്ടിട്ടാവും, ഞാൻ ആഗ്രഹിച്ച 1500 നേക്കാൾ 100 രൂപ കൂട്ടിത്തരാൻ Yashoda എം.ഡി ദേവേന്ദർ സാറിനു തോന്നിയത്.

പെട്ടെന്ന് ജോയിൽ ചെയ്യണമെന്ന് പറഞ്ഞപ്പോൾ 4 ദിവസം കൂടി കഴിഞ്ഞാൽ മെയ്‌മാസത്തെ ശമ്പളം കിട്ടുമെന്നും, അതിനു ശേഷം വരാമെന്നും പറഞ്ഞു തിരിച്ചു AMAR ഹോസ്പിറ്റലിൽ ചെന്നു വേറെ ജോലി കിട്ടി അതിനാൽ എനിക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ഒരു രീതിയിലും അവർ സമ്മതിക്കുന്നില്ല.

"ഇത്രയും നന്നായി പെട്ടെന്ന് ജോലി പഠിച്ചെടുത്ത നിന്നെ വിടാൻ കഴിയില്ലെന്നും, പുതിയ ആൾ വരാതെ ശമ്പളവും തരില്ലയെന്ന് അവിടുത്തെ മാനേജർ പറഞ്ഞപ്പോൾ, പോകുന്നില്ലെന്നും പറഞ്ഞു ജോലി തുടർന്നു..ശമ്പള ദിവസം സാലറി ഷീറ്റിൽ എന്റെ പേരുണ്ടെങ്കിലും Cross tick ചെയ്തു വെച്ചിരിക്കുന്നതിനാൽ ക്യാഷ്യർ Kundan Vaghre യോട് കരഞ്ഞു പറഞ്ഞു ക്യാഷ് മേടിച്ചു.

ഒന്നാം തീയതി ചെല്ലാമെന്നു പറഞ്ഞിട്ട് കാണാത്തതു കൊണ്ട് വരുന്നോ ഇല്ലയോ എന്നും ചോദിച്ചും മനോഹർ സാറിന്റെ ഫോൺ കോളുകളും, കൂടുതൽ ശമ്പളമുള്ള ജോലിയും എന്നെ പ്രലോഭിപ്പിച്ചപ്പോൾ, ശമ്പളം കിട്ടിയ പിറ്റേന്ന്‌ അതിരാവിലെ അമർ ഹോസ്പിറ്റലിലെ സെക്യൂരിറ്റിയെ പറഞ്ഞു പറ്റിച്ചു കൂടെയുള്ള കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു പോയി വിടാൻ പോകുവാ എന്നും പറഞ്ഞു ഗേറ്റ് തുറപ്പിച്ചു ലഗേജ് എടുത്തു "തോമസ് കുട്ടീ വിട്ടോടാ" എന്ന സ്പീഡിൽ ഓടി Himayath Nagar മെയിൻ റോഡിൽ പോയി ഓട്ടോ വിളിച്ചു Somajiguda Yashoda ഹോസ്പിറ്റലിൽ പോയി 1997 ജൂൺ 10 നു പോയി ജോയിൻ ചെയ്തു.

ശെരിക്കും തെലുങ്ക് സംസാരിക്കാൻ അറിയാത്ത ഞാൻ ഒരു കാൾ വന്നാൽ അത്യാവശ്യം എന്ത് മറുപടി പറയണം എന്ന് പേപ്പറിൽ എഴുതി വെച്ചു സകല ദൈവങ്ങളേം മനസ്സിൽ വിളിച്ചു വരുത്തി ടെലിഫോൺ ഓപ്പറേറ്റർ ആയിട്ട് യശോദയിൽ ജോലിയ്ക്ക് കയറി. 1600 രൂപ പറഞ്ഞു ജോലിയ്ക്കു കയറിയ ഞാൻ ഓവർടൈം ഒക്കെ ചെയ്തു 2200 വരെ ശമ്പളം മേടിച്ചു..എന്റെയീ ഉത്സാഹം കണ്ടിട്ട് ടെലിഫോൺ ഓപ്പറേറ്ററിൽ നിന്നും റിസപ്‌ഷനിസ്റ്റിലേക്കും, അവിടെ നിന്നും ക്യാഷ് കൗണ്ടറിലേയ്ക്കും, ഹാൻഡ് റൈറ്റിംഗ് നല്ലതായതു കൊണ്ട് ചെക്ക് എഴുതിക്കാൻ അക്കൗണ്ട്സ് സെക്ഷനിലേക്കും ജോലിക്കയറ്റം കിട്ടി..രാവിലെ മുതൽ ഉച്ച വരെ ക്യാഷ് കൗണ്ടറിലും, ഉച്ചയ്ക്ക് ശേഷം ചെക്കെഴുതാൻ അക്കൗണ്ട്സിലും പണിയെടുക്കുമ്പോൾ അത്യാവശ്യം കൂട്ടാനും കുറയ്ക്കാനും ഞാൻ പഠിച്ചു കഴിഞ്ഞു...അങ്ങനെയിരിക്കേ സെക്ഷനിൽ ജോലി ചെയ്ത പയ്യന്റെ അശ്രദ്ധ കാരണം Pharmacy payment 50000 രൂപ രണ്ടു പ്രാവശ്യം ഇഷ്യൂ ചെയ്ത മിസ്റ്റേക്ക് ഞാൻ കാണിച്ചു കൊടുത്തപ്പോൾ, നാളെ മുതൽ ഫുൾ ഡേ അക്കൗണ്ട്സിൽ ജോലിയ്ക്കു വരാൻ M.D പറഞ്ഞുവെന്നും പറഞ്ഞു മാനേജർ Venkat സാർ ക്യാഷ് കൗണ്ടറിലേയ്ക്ക് വിളിച്ചു പറഞ്ഞു. എനിക്ക് അക്കൗണ്ട്സ് ഒന്നും അറിയില്ലെന്നും, തെലുങ്കു ശെരിക്കും പറയാൻ അറിയില്ലല്ലോ എന്നും Venkat സാറിനോട് പറഞ്ഞപ്പോൾ, നീയൊന്നു വന്നാൽ മാത്രം മതി ഞാൻ പഠിപ്പിച്ചു തരാം എന്നായി...അങ്ങനെ മനസ്സില്ലാ മനസ്സോടെയും പേടിയോടെയും അക്കൗണ്ട്സ്‌ ഡിപ്പാർട്മെന്റിൽ

സ്ഥിരമായി ജോലിയ്ക്കു പോയി . ലെഡ്‌ജറും, വൗച്ചറും, ചെക്കും നല്ല വടിവൊത്ത കൈയ്യക്ഷരത്തിൽ എഴുതിയത് കണ്ട് ചെയർമാൻ Ravinder Rao"ബലേ ഭേഷ്" എന്ന് പറഞ്ഞു ആയിരം രൂപ കൈയ്യക്ഷരത്തിനു കൂട്ടിത്തന്നപ്പോൾ ആ കാലു തൊട്ടു തൊഴുതു അനുഗ്രഹം മേടിച്ചു ഒരു തെറ്റു പോലും കൂടാതെ ചെയ്യുന്ന ജോലി ആത്മാർത്ഥതയോടെ ചെയ്ത് , അവരെ അനുസരിച്ചും, മാനേജ്മെന്റിന്റെ വലംകൈയ്യായി 13 വർഷം യശോദയിൽ ജോലി ചെയ്തു...

നല്ല പ്രായം 22 മുതൽ 35 വരെ അതീവ സെക്യൂരിറ്റിയിൽ യശോദ മാനേജ്‍മെന്റിന്റെ Pampering-ൽ ഞാൻ സുരക്ഷിതയായിരുന്നു.....1600 രൂപയിൽ 1997 ൽ യശോദയിൽ ജോലിയ്ക്കു കയറിയ എനിക്ക് അവിടുത്തെ ലാസ്റ്റ് സാലറി 2010 ൽ 22000 രൂപയായിരുന്നു... പിരിഞ്ഞു പോരുമ്പോൾ, സെറ്റിൽമെന്റ് കൂടാതെ 50000 രൂപ ചെക്കിൽ എഴുതി ഒപ്പിട്ടു, "നീയിത്ര നാളും ഹാർഡ് വർക്ക് ചെയ്തതിനുള്ള സമ്മാനം ആണ്..നിനക്ക് എന്തു ബുദ്ധിമുട്ടു വന്നാലും എപ്പോ വേണേലും തിരിച്ചു വരാം" എന്ന് പറഞ്ഞു സ്നേഹത്തോടെ ചേർത്തു പിടിച്ച എം.ഡിയുടെ കൈയ്യിൽ മുറുക്കെ പിടിച്ചു അമ്മച്ചി മരിച്ചപ്പോൾ അനുഭവിച്ച സങ്കടം പോലെ പൊട്ടിക്കരഞ്ഞു ഞാനാ പടിയിറങ്ങുമ്പോൾ , ഈ ലോകത്തിന്റെ ഏതു കോണിൽ പോയാലും പിടിച്ചു നിൽക്കാൻ കഴിയും വിധം അക്കൗണ്ട്‌സും, ഓഡിറ്റും, കമ്പ്യൂട്ടർ പരിജ്ഞാനവും, ഇംഗ്ലീഷും, ഹിന്ദിയും, തെലുങ്കും ഒക്കെ അസാമാന്യ ബുദ്ധിശക്തിയാൽ അനായാസം പഠിച്ചെടുത്തു ഞാൻ സ്വായത്തമാക്കിയിരുന്നു....

ജീവിത യാത്രയിൽ പലവേഷങ്ങളും കെട്ടിയാടേണ്ടി വന്നപ്പോൾ കൈ പിടിച്ചവന്റെ വാക്കു കേട്ട് യശോദയിൽ നിന്നും ജോലി രാജി വെച്ചു പോന്നെങ്കിലും ആയിരക്കണക്കിനു മലയാളികൾ ജോലി ചെയ്തു പോയിട്ടും എന്നും എനിക്കവിടെ ഒരു സ്ഥാനം ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു ട്യൂബൽ പ്രെഗ്നൻസിയുടെ ഓപ്പറേഷൻ കഴിഞ്ഞു ഞാൻ ഏറെ ബുദ്ധിമുട്ടുവാണെന്നറിഞ്ഞു ഒരു വർഷത്തോളം 10000 രൂപ മാസം തോറും എനിക്ക് അയച്ചു തന്നത് ...വല്ലപ്പോഴും എന്റെ കാൾ ചെന്നാൽ പെട്ടെന്ന് എടുത്തിട്ട് "അമ്മാ, നിനക്കു സുഖമാണോ " എന്ന് ചോദിക്കുമ്പോൾ എനിക്ക് കിട്ടുന്ന വാത്സല്യം, മറ്റു പലർക്കും വീതിച്ചു കൊടുത്തിട്ടുണ്ട്. അറിയുന്ന പല രോഗികൾക്കും യശോദ ഹോസ്പിറ്റലിലെ ബില്ലിൽ ഡിസ്‌കൗണ്ട് കുറച്ചു കൊടുക്കാൻ ഇടയാക്കിയിട്ടുണ്ട്.

യശോദയിൽ നിന്നും രാജി വെച്ചു പോന്നതിനു ശേഷം ഒന്നരക്കൊല്ലം കഴിഞ്ഞു ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ 10000 രൂപയ്ക്കു ഡാറ്റ എൻട്രിയ്ക്ക് കയറേണ്ടി വന്നത് ഗതികേട്.എങ്കിലും നാലാം മാസം Staff Of the month അവാർഡ് നേടി. കമ്പനിയിൽ ഇല്ലാതിരുന്ന ഓഡിറ്റിംഗ് ഡിപ്പാർട്മെന്റിനു തുടക്കമിട്ടു. അവിടെ നിന്നും വീണ്ടും ഒന്നിൽ നിന്നും തുടങ്ങേണ്ടി വന്നപ്പോൾ, എന്റെ കഴിവുകളും ബുദ്ധിയും നശിച്ചു പോകാതിരിക്കാൻ വീണ്ടും ഹോസ്പിറ്റൽ ഇൻഡസ്ട്രിയിലേയ്ക്ക് ചുവടു വെയ്ക്കാൻ പ്രേരിപ്പിച്ചപ്പോൾ ആസ്റ്റർ ഹെൽത്ത് കെയറിലേയ്ക്ക് 2016 ൽ ഡോക്ടർ സതീഷ് റെഡ്ഡി ഓഡിറ്റ് ഇൻചാർജ് ആയി കൈ പിടിച്ചു കയറ്റി...പിന്നീട് 2017 മുതൽ Vinn ഹോസ്പിറ്റലിലും ഓഡിറ്റ് ഇൻചാർജും ഹെഡ് എച്ച്ആർ ഉം ആയി 2021 ഡിസംബർ വരെ ജോലി ചെയ്തു.

അതിനുശേഷം ഈ കഴിഞ്ഞ ജനുവരി ഒന്നിന് കുക്കത് പള്ളിയിലെ അമോർ ഹോസ്പിറ്റലിൽ ഓഡിറ്റ് ഹെഡായി ജോലിയിൽ പ്രവേശിച്ചു. നിരന്തരം ലക്ഷക്കണക്കിനു മൂല്യമുള്ള പണമിടപാടുകൾ വരുന്ന ഈ ആശുപത്രിയിലെ ഒരു പേയ്‌മെന്റ് പോലും എന്റെ ഒപ്പില്ലാതെ  കൊടുക്കില്ല എന്ന വാശി എം.ഡി കൂടിയെടുക്കുമ്പോൾ, ഇന്റേണൽ ഓഡിറ്റ് ഇൻചാർജ് എന്ന പദവിയിൽ കമ്പനിയുടെ തലപ്പത്തിരുന്നു പേയ്മെന്റ് പേപ്പറുകളിലെ അധികത്തുക വെട്ടിക്കുറച്ചും, ഫേക്ക് പർച്ചൈസ് ബില്ലുകൾക്ക് തടയിട്ടും ജീവന്റെ വിലയുള്ള ഒപ്പിടുന്ന എനിക്ക് ഇവിടെ വന്ന ആദ്യത്തെ മാസം തന്നെ "You are the asset for my organisation" എന്നുള്ള കോംപ്ലിമെന്റ് ഡോക്ടർ കിഷോറിൽ നിന്നും കൂടി കേൾക്കാൻ ഭാഗ്യമുണ്ടായി.അർപ്പണമനോഭാവവും, ആത്മാർത്ഥതയും മാത്രം കൈ മുതലായ എനിക്ക് ഈ ജോലി തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും എന്ന് ഏറെ അഭിമാനത്തോടെ പറയട്ടേ. മനസ്സുണ്ടെങ്കിൽ മാർഗ്ഗവും ഉണ്ടെന്ന തെലുങ്ക് വാക്യം ഊർജ്ജമാണെന്നും.

വാൽക്കഷണം:- പണ്ടത്തെ പത്താം ക്ലാസ് വിദ്യാഭ്യാസം കൊണ്ട് ഏതു പ്രതിസന്ധിയിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നു 25 വർഷമായി ഹൈദരാബാദിലെ ജീവിതപരീക്ഷയിൽ ഒന്നാം റാങ്കു മേടിച്ച എനിക്ക്, ഇന്ന് എല്ലാ വിഷയത്തിനും A+വാങ്ങാൻ കഴിഞ്ഞില്ലല്ലോ എന്ന് വിഷമിക്കുന്ന കുട്ടികളോട് പറയാൻ ഒന്ന് മാത്രം, ജീവിത സാഹചര്യങ്ങൾ നിങ്ങൾക്കിന്ന് ഏറെ അനുകൂലമാണ് അത് ആത്മാർത്ഥതയോടെ ഉപയോഗിക്കുക . വിജയം സുനിശ്ചയം .ഞാൻ ഗ്യാരണ്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA