പീഡിപ്പിക്കുമെന്ന് പരസ്യമായി കമന്റിട്ടു; ഞങ്ങൾ നേരിടുന്നതിന്റെ ഒരംശംപോലും മുഖ്യമന്ത്രിയുടെ മകൾ നേരിട്ടിട്ടില്ല: വീണ

veenas-nair
SHARE

തിരുവനന്തപുരം∙  കെപിസിസി ആസ്ഥാനം ആക്രമിക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധത്തിനിടെ സിപിഐഎം പതാക കത്തിച്ചതിനു പിന്നാലെ തുടങ്ങിയ സൈബർ ആക്രമണം ഇപ്പോഴും തുടരുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്.നായർ. പൊതുനിരത്തിൽ പീഡിപ്പിക്കുമെന്നും കത്തിക്കുമെന്നും  പറഞ്ഞ് സ്വകാര്യമായും പരസ്യമായും സോഷ്യൽമിഡിയയിലൂടെ ഭീഷണികൾ വരുന്നുണ്ട്. മന്ത്രി മുഹമ്മദ് റിയാസിനെ മെൻഷൻ ചെയ്തുകൊണ്ട് പങ്കുവച്ച ഫെസ്യ്ബുക്ക് കുറിപ്പിനു ശേഷവും ആക്രമണത്തിനു കുറവില്ല. ഇടതുമുന്നണിക്ക് ചെങ്കൊടി എങ്ങനെയാണോ വികാരം അതുപോലെ തന്നെയാണ് ഞങ്ങൾക്ക് ഞങ്ങളുടെ ഓഫിസും. അത് ആക്രമിക്കപ്പെട്ടപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണ് ചെങ്കൊടി കത്തിക്കലെന്ന് വീണ എസ്. നായർ ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.

എ.കെ. ആന്റണി ഉൾപ്പെടെ മുതിർന്ന നേതാക്കളുള്ള സമയത്താണ് സിപിഎം കെപിസിസി ആസ്ഥാനം ആക്രമിച്ചത്. അതൊരിക്കലും ഞങ്ങൾക്ക് അംഗീകരിക്കാനായിരുന്നില്ല. അതിൽ പ്രതിഷേധിച്ച് വി.കെ പ്രശാന്ത് എംഎൽഎയുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. കെഎസ്‌യു ജില്ല സെക്രട്ടറി അനന്തകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. നിരായുധരായി വന്ന ഞങ്ങൾക്കെതിരെ പൊലീസ് ആക്രമണം അഴിച്ചുവിട്ടു. സഹപ്രവർത്തകന്റെ തലയിലാണ് പൊലീസ് അടിച്ചത്. നിരവധിപ്പേർക്ക് പരുക്കേറ്റു. അവിടെ നിന്നും വെള്ളയമ്പലത്ത് എത്തിയപ്പോഴാണ് സിപിഎമ്മിന്റെ കൊടി നശിപ്പിച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട കെപിസിസി ആസ്ഥാനം ആക്രമിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു അത്. മുൻകാലങ്ങൾ നോക്കിയാൽ കോൺഗ്രസ് ഒരു പ്രശ്നത്തിനും പോകാറില്ല. ഇതിപ്പോൾ അങ്ങനെയല്ല. ഞങ്ങളുടെ പ്രധാന ഓഫിസാണ് ആക്രമിക്കപ്പെട്ടത്. എല്ലാ കാലവും അടി വാങ്ങിയിരിക്കാൻ ആകുമോ?

ആ രാത്രി മുതലാണ് എന്റെ സോഷ്യൽമിഡിയ അക്കൗണ്ടുകൾ വഴി ആക്രമണം ഉണ്ടാകുന്നത്. നിന്നെ കൊല്ലും, കത്തിക്കും, അഡ്വാൻസ് ആദരാഞ്ജലികൾ എന്നിങ്ങനെ വേണ്ട പലതരത്തിലുള്ള ഭീഷണികൾ വന്നുതുടങ്ങി. എസ്എഫ്ഐയും ഡിവൈഎഫ്ഐയുമാണ് ഇതിനുപിന്നിൽ. അനന്തകൃഷ്ണന്റെ വീട് ആക്രമിക്കപ്പെട്ടു. കറുവൻകോണം മണ്ഡലം കമ്മറ്റി ഓഫീസും അടിച്ചുതകർത്തു.

പൊതുസമൂഹത്തിന്റെ മുൻപിൽവച്ച് ലൈംഗികമായി പീഡിപ്പിക്കുമെന്ന് പരസ്യമായി ഫെയ്സ്ബുക്കിൽ കമന്റിട്ടവരുണ്ട്. മെസഞ്ചറിലും മറ്റുമായി ഇത്തരത്തിൽ നൂറോളം മെസേജുകളാണ് ലഭിച്ചത്. ഒരു നിവൃത്തിയും ഇല്ലാതായതോടെയാണ് മെസേജുകളുടെ സ്ക്രീൻഷോട്ട് സഹിതം ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടേണ്ടി വന്നത്. പ്രതിപക്ഷ നേതാവിനും ലഭിച്ച മെസേജിന്റെ 14 സ്ക്രീൻഷോട്ടുകൾ നൽകി.

മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്നവൾ എന്നാണ് ഫെയ്സ്ബുക്കിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് വിവാഹ വാർഷികദിനത്തിൽ ഭാര്യയെ പ്രശംസിച്ച് പോസ്റ്റിട്ടത് ഇവിടെ എന്നെപ്പോലെ പ്രതിപക്ഷ പാർട്ടിയിൽ പ്രവർത്തിക്കുന്ന വനിതകൾ ആരും നേരിടുന്ന ആക്രമണത്തിന്റെ ഒരു ശതമാനം പോലും വീണ വിജയന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.  ഇപ്പോൾ നടക്കുന്ന തോന്ന്യാസത്തിന് നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐയുടെ മുൻ ദേശീയ സെക്രട്ടറി കൂടി ആയതുകൊണ്ടാണ് മുഹമ്മദ് റിയാസിനെ തന്നെ കുറിപ്പിൽ മെൻഷൻ ചെയ്തത്. എന്നിട്ടും എനിക്കെതിരായ ആക്രമണത്തിന് കുറവില്ല. ഇപ്പോഴും സ്വകാര്യമായും പരസ്യമായും അശ്ലീലചുവയോടെയുള്ള കമന്റുകളും ഭീഷണികളും വന്നുകൊണ്ടിരിക്കുകയാണ്.

ഇതാദ്യമായല്ല എനിക്കെതിരെ ഇടതുമുന്നണിയുടെ ആക്രമണം.  രണ്ട് വർഷം മുൻപ് കോവിഡുകാലത്തെ മുഖ്യമന്ത്രിയുടെ പിആർ പ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിൽ എനിക്കെതിരെ കേസെടുത്തിരുന്നു. ശശിതരൂർ എംപി ഉൾപ്പെടെയുള്ളവർ എനിക്ക് പിന്തുണയുമായെത്തിയിരുന്നു. ഇതിനുപിന്നാലെ പരാതിനൽകിയ സിപിഎം പ്രവർത്തകൻ ഫെയ്സ്ബുക്ക് ലൈവ് ചെയ്യുകയും എനിക്കെതിരെ അശ്ലീല പരാമർശം നടത്തുകയും ചെയ്തു. ശശിതരൂരിനെ ദുസ്വാധീനിച്ചതിനാലാണ് അദ്ദേഹം എന്നെ പിന്തുണച്ചതെന്നായിരുന്നു അയാൾ പറഞ്ഞത്. ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകി. രണ്ടുവർഷം മുൻപ് നൽകിയ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അദാലത്ത് വിളിച്ചത്. ഇപ്പോഴത്തെ സംഭവത്തിലും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പരിപാടിയിൽ ഒരു പെൺകുട്ടി ബാരിക്കേഡ് കയറുന്ന സമയത്ത് അതിന്റെ ഒരു ചിത്രംവച്ച്  അശ്ലീല സൈബർ ആക്രമണം ഉണ്ടായി. നെന്മാറ എംഎൽഎ വളരെ മോശമായാണ് ആ പെൺകുട്ടിയെക്കുറിച്ച് പറഞ്ഞത്. 

വിട്ടുവീഴ്ചയില്ലാത്ത സ്ത്രീസുരക്ഷ എന്നുപറഞ്ഞുകൊണ്ടാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. സ്ത്രീകൾക്ക് വേണ്ടി ‘വനിതാ മതിൽ’ പണിയുന്നു, സ്ത്രീകൾക്ക് നീതി നടപ്പാക്കുന്നുവെന്ന് പറയുന്നു. രാഷ്ട്രീയ പൊതുരംഗത്ത് നിൽക്കുന്ന എനിക്ക് നേരിടേണ്ടി വരുന്ന ആക്രമണം ഇതാണെങ്കിൽ മറ്റ് സ്ത്രീകളോടുള്ള ഇവരുടെ സമീപനവും നിലപാടും എങ്ങനെയായിരിക്കും? നാളെയുടെ പ്രതീക്ഷയായ യുവതലമുറയാണ് ഇത്തരം അശ്ലീല മെസേജുകൾക്ക് പിന്നിലെന്നത് ഖേദകരം. 

English Summary: Veena S Nair About Social Bullying

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA