സ്കൂൾ പഠനം ഉപേക്ഷിച്ച് 37 വർഷങ്ങൾ പിന്നിട്ട ശേഷം എസ്എസ്‌സി പരീക്ഷ പാസായി 53 കാരി. പഠനത്തിന് പ്രായം തടസമല്ലെന്ന് തെളിയിക്കുകയാണ് മുംബൈ സ്വദേശിയായ ഇവർ. അമ്മയുടെ വിജയം മകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പ്രസാദ് ജാംഭലെയാണ് 37 വർഷങ്ങൾക്ക് ശേഷം അമ്മ കൈവരിച്ച നേട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലെ കുറിപ്പിലൂടെ പറഞ്ഞത്. പിതാവിന്റെ വിയോഗത്തോടെ കുടുംബത്തിലെ പ്രാരാബ്ധവും സഹോദരങ്ങളുടെ തുടർവിദ്യാഭ്യാസവും കണക്കിലെടുത്താണ് അമ്മയ്ക്ക് പതിനാറാം വയസിൽ പഠനം നിര്‍ത്തേണ്ടി വന്നതെന്ന് മകൻ പറയുന്നു.
എസ്.എസ്.സി പഠനം പൂർത്തിയാക്കാനാകാത്തവർക്കായി നടപ്പിലാക്കുന്ന സർക്കാർ പദ്ധതിയെക്കുറിച്ച് അധ്യാപിക മുഖാന്തരം അറിഞ്ഞതോടെയാണ് 2021 ഡിസംബറിൽ പഠനം പുനരാരംഭിക്കുന്നത്. നൈറ്റ് ക്ലാസിനു വേണ്ടിയുള്ള പഠനോപകരണളും പരിശീലനവുമെല്ലാം സൗജന്യമായിരുന്നുവെന്നും മകന്‍ വ്യക്തമാക്കി.
എന്നാൽ പഠനം പുനരാരംഭിച്ച കാര്യം തുടക്കത്തിൽ അമ്മ രഹസ്യമായി സൂക്ഷിച്ചുവെന്നും അയർലന്റിൽ താമസിക്കുന്ന താൻ ഫോൺ ചെയ്യുമ്പോൾ, മറ്റ് കുടുംബാംഗങ്ങളോടൊപ്പം അമ്മ നടക്കാൻ പോയിരിക്കുകയാണെന്നാണ് അറിഞ്ഞിരുന്നതെന്നും മകൻ കുറിപ്പിൽ പറയുന്നു. ‘ഒരുമിച്ചു കഴിഞ്ഞിരുന്ന അച്ഛനിൽ നിന്നും സഹോദരനിൽ നിന്നും അമ്മ ഇക്കാര്യം മറച്ചുവച്ചു. അമ്മയുടെ ദിവസം ആരംഭിക്കുന്നത് തന്നെ എസ്.എസ്.സിയുടെ പാഠഭാഗങ്ങൾ പഠിച്ചു കൊണ്ടാണ്. ഞാൻ നാട്ടിലേക്കു വന്നപ്പോൾ അമ്മ അമ്മയുടെ പുസ്തകം എന്നെ കാണിച്ചു. കണക്കിലും ഇംഗ്ലീഷിലുമുള്ള അമ്മയുടെ മികവ് എന്നെ അത്ഭുതപ്പെടുത്തി. പഠനം പുനരാരംഭിച്ചതിൽ അമ്മയുടെയും സുഹൃത്തുക്കളുടെയും സന്തോഷം ഫോട്ടോകളിലൂടെ എനിക്ക് കാണിച്ചു തന്നു. ഇത്ര നാളുകള്‍ക്ക് ശേഷവും കാര്യങ്ങൾ പഠിച്ചെടുക്കാനും ബാച്ചിലെ മികച്ച വിദ്യാർത്ഥിയായരിക്കാനും അമ്മയ്ക്കായി. ഫെബ്രുവരിയിലായിരുന്നു എന്റെ വിവാഹം. എല്ലാ കാര്യങ്ങളും അമ്മ തന്നെയാണ് നോക്കി നടത്തിയത്. എന്നിട്ടും മാർച്ചിൽ നടന്ന എസ്.എസ്.സി പരീക്ഷയിൽ 79.60 ശതമാനത്തോടെ വലിയ വിജയം നേടി. അമ്മയെക്കുറിച്ച് എന്നും അഭിമാനമായിരുന്നു, എന്നാൽ 53ലും പഠനം നിർത്തരുതെന്ന വലിയ പാഠവും അമ്മ പഠിപ്പിച്ചു.’–പ്രസാദ് ജാംഭലെ കുറിക്കുന്നു. നാലു ദിവസങ്ങൾക്ക് മുൻപ് ഷെയർ ചെയ്യപ്പെട്ട ഈ പോസ്റ്റ് നിരവധി പേർ ലൈക് ചെയ്തു. അമ്മയുടെ ഫോട്ടോയും മാർക്ക് ലിസ്റ്റും കുറിപ്പിനോടൊപ്പം പങ്ക് വച്ചിരുന്നു.