ADVERTISEMENT

ചെറുപ്പത്തിലെ നല്ല ഓര്‍മകള്‍ വീണ്ടും നടന്നിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവരുണ്ടാവില്ല. അതുണ്ടാവില്ലെന്ന് അറിയാമെങ്കിലും ചിലര്‍ ആ വഴികളിലൂടെ ഒരിക്കല്‍കൂടി നടക്കാന്‍ ഒരു ശ്രമം നടത്തും. അത്തരമൊരു ശ്രമം നടത്തി വിജയിച്ചതിന്റെ സന്തോഷത്തിലാണ് 92കാരിയായ റീന ചിബാര്‍. ഇന്ത്യക്കാരിയായ റീന തന്റെ വേരുകള്‍ തേടി പാക്കിസ്ഥാനിലേയ്ക്കാണ് യാത്ര തിരിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ ഹൈകമ്മീഷനാണ് റീനക്ക് പൂര്‍വിക ഭവനം സന്ദര്‍ശിക്കാനായി മൂന്നു മാസത്തെ വിസ അനുവദിച്ചതെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ശനിയാഴ്ചയോടെ റീന തന്റെ പൂര്‍വിക ഭവനത്തില്‍ എത്തി. വാഗാ അട്ടാരി അതിര്‍ത്തി വഴിയാണ് അവര്‍ പാകിസ്ഥാനിലെത്തിയത്. റാവല്‍പിണ്ടിയിലുളള പ്രേം നിവാസിലാണ് റീന ചിബാറിന്റെ തറവാട് വീട്. ഈ തറവാടും താന്‍ പഠിച്ച സ്‌കൂളും പഴയകാല സുഹൃത്തുക്കളെയും ഒക്കെ സന്ദര്‍ശിക്കണമെന്ന ആഗ്രഹത്തിലാണ് റീന.  

1947ല്‍ വിഭജനത്തോടെ പല ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിട്ട് റീനയും സഹോദരങ്ങളും മാതാപിതാക്കളും ഇന്ത്യയിലേയ്ക്ക് മാറുകയായിരുന്നു. അന്ന് റീനയ്ക്ക് 15 വയസായിരുന്നു. ആദ്യകാലത്ത് സോളനില്‍ താമസിച്ച കുടുംബം പിന്നീട് ഡല്‍ഹിയിലേക്ക് മാറി. ഇന്ത്യയില്‍ വീട് വെയ്ക്കാന്‍ പണമില്ലാതിരുന്ന റീനയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായത്താല്‍ ഡല്‍ഹിയില്‍ ഒരു സ്ഥലം അനുവദിച്ചു കിട്ടുകയായിരുന്നു. ഇപ്പോള്‍ പൂനെയിലാണ് റീന താമസിക്കുന്നത്. 

പാകിസ്ഥാനില്‍ നിന്ന് പോന്നെങ്കിലും തന്റെ തറവാടും അയല്‍പക്കവും തെരുവുകളും ഹൃദയത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് റീന പറയുന്നത്. നേരത്തെ 1965ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ റീന വിസയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ അന്ന് ഇരുരാജ്യങ്ങള്‍ തമ്മിലുളള യുദ്ധത്തെ തുടര്‍ന്ന് ബന്ധം അതീവ മോശമായിരുന്നതിനാല്‍ അനുമതി ലഭിച്ചില്ല. ഇപ്പോള്‍ 75 വര്‍ഷത്തിനു ശേഷമാണ് 92 കാരിയായ റീന പാകിസ്ഥാനിലെ തറവാട് സന്ദര്‍ശിക്കാന്‍ അനുമതി നേടിയിരിക്കുന്നത്. 

ഇന്ത്യയിലും പാകിസ്താനിലുമായി ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് റീനയ്ക്കുളളത്. തന്നെ പോലുളളവര്‍ക്ക് യാത്ര സുഗമമാക്കാനായി വിസ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് റീനയുടെ ആഗ്രഹം. ഇക്കാര്യം ചൂണ്ടിക്കാട്ടി യാത്രയ്ക്ക് മുമ്പ് റീന ചിബ്ബാര്‍ സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചതായും ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com