ADVERTISEMENT

കോഴിക്കോട് കരിക്കാംകുളത്തെ ഫ്‌ളോറിക്കന്‍ റോഡിലെ എടച്ചേരിപ്പറമ്പ് തറവാട്ടിലെ സമപ്രായക്കാരായ നാല് പെണ്‍കുട്ടികള്‍. തറവാടിന്റെ പരിസരങ്ങളിലായി താമസിക്കുന്ന ഈ കസിന്‍സ് കുട്ടികള്‍ സമയം കിട്ടുമ്പൊഴൊക്കെ ഒത്തുകൂടി, വിരുന്നുപോയി, മിഠായിത്തെരുവില്‍ കറങ്ങി കോഫിയും ഫലൂദയും കഴിച്ചു. അത്യാവശ്യം മുതിര്‍ന്നപ്പോള്‍ സാരിയുടുക്കണമെന്ന് ഒരു മോഹം. കരിക്കാംകുളത്തെ രമ്യ സ്റ്റുഡിയോയില്‍ പോയി, സാരിയില്‍ ഒരു ഫോട്ടോയുമെടുത്തു. ആ ഫോട്ടോ കണ്ടപ്പോള്‍ അവരുറപ്പിച്ചു, ഇനിയെന്നും നമ്മള്‍ ഒന്ന്. 

 

edacheri2

അതൊരു തുടക്കമായിരുന്നു. വീടിനകത്ത് ഒതുങ്ങിക്കൂടി, സ്വന്തമായി ഒരു സൗഹൃദ വലയം പോലും ഇല്ലാതായേക്കാമായിരുന്ന ഈ വീട്ടമ്മമാര്‍ ശക്തമായ ഇഴയടുപ്പമുള്ള എട്ടംഗ സംഘമാണിന്ന്. എല്ലാ മാസവും കൃത്യമായി ഏതെങ്കിലും ഒരാളുടെ വീട്ടില്‍ ഒത്തുകൂടുന്നു, പതിവായി യാത്രകള്‍ പോകുന്നു, എല്ലാവര്‍ഷവും ചിട്ടി പിടിക്കുന്നു, ജന്മദിനങ്ങളും ഓണവും ക്രിസ്മസും ഈദുമൊക്കെ മുടക്കമില്ലാതെ ആഘോഷിക്കുന്നു, മിഠായിത്തെരുവില്‍ കറങ്ങാന്‍ പോകുന്നു. 

 

edacheri1

എടച്ചേരിപ്പറമ്പത്തെ പാര്‍വതിയമ്മ, അമ്മുഅമ്മ, ജാനകിയമ്മ എന്നിവരുടെ മക്കളുടെ മക്കളിലൂടെയാണ് സ്വാതന്ത്ര്യത്തിലേക്കുള്ള പുതിയ വാതായനവുമായി ഒരു കൂട്ടായ്മ രൂപംകൊണ്ടത്. ആദ്യസംഘത്തിലുണ്ടായിരുന്നത് സനിത മനോഹറും ബിന്ദുവും ശാലിനിയും ബീനയും. കുടുംബത്തിലെ ഇളയവരായ സംഗീതയും സൗമ്യയും  മുതിര്‍ന്നപ്പോള്‍ അവരെക്കൂടെ കൂട്ടി. പെണ്‍സംഘത്തിന് സഹായ സഹകരണവുമായി കൂടെയുണ്ടായിരുന്ന ആങ്ങളച്ചെക്കന്‍ സജീവന്‍ മുതിര്‍ന്ന് വിവാഹിതനായപ്പോള്‍ ഭാര്യ അമ്പിളിയെയും ഇവര്‍ കൂടെക്കൂട്ടി. വിവാഹത്തോടെ ബിന്ദുവിന് കൂട്ടായി കിട്ടിയ, ബിന്ദുവെന്ന് തന്നെ പേരുള്ള ഭര്‍തൃ സഹോദര ഭാര്യയും ക്രമേണ സംഘത്തിന്റെ ഭാഗമായി. സനിതയുടെ അച്ഛന്‍പെങ്ങളുടെ മക്കളായ ലതയും കലയും മിനിയും ഇപ്പോള്‍ ഈ കൂട്ടായ്മയുടെ 'ന്യൂ അഡീഷന്‍സ്' ആണ്. 

 

ഞങ്ങള്‍ക്ക് ജീവിതം പരമാവധി ആസ്വദിക്കണം. അതിനുള്ള കരുത്താണ് ഈ കൂട്ടായ്മ -സംഘത്തിന്റെ തുടക്കക്കാരില്‍ ഒരാളും സാമൂഹ്യപ്രവര്‍ത്തകയുമായ സനിത മനോഹര്‍ പറയുന്നു. 'ഞങ്ങളുടെയും മക്കളുടെയും ജന്മദിനങ്ങളെല്ലാം എല്ലാവരും ചേര്‍ന്നാണ് ആഘോഷിക്കുന്നത്. ഓണവും വിഷുവും കൃസ്മസും പുതുവത്സരവുമെല്ലാം അങ്ങനെ തന്നെ...' ഒരുമിച്ച് ഒട്ടേറെ യാത്രകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. മുംബൈ, ചെന്നൈ, ബെംഗളൂരു, ഊട്ടി, കൊടക് തുടങ്ങിയയിടങ്ങളില്‍ യാത്ര ചെയ്തു കഴിഞ്ഞു. സമീപ പ്രദേശങ്ങളിലേക്കുള്ള ചെറു യാത്രകള്‍ ധാരാളം. പല യാത്രകളിലും ഇവര്‍ തനിച്ചായിരിക്കും. കുട്ടികളെ ഭര്‍ത്താക്കന്മാരെ ഏല്‍പ്പിച്ച്ായിരിക്കും കറക്കം. ചിലപ്പോള്‍ കുടുംബത്തെയും കൂടെകൂട്ടി. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് പോകാനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നെങ്കിലും കോവിഡ് കാരണം മുടങ്ങി. 

സ്ഥിരമായ യാത്രകളും ആഘോഷവും കുടുംബത്തിനകത്ത് തന്നെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കിലും അതൊന്നും ഇവര്‍ കാര്യമാക്കുന്നില്ല. ഇത് ഞങ്ങളുടെ ജീവിതമാണ്, കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ ചെയ്തുകൊണ്ടുതന്നെ ജീവിതത്തില്‍ സന്തോഷങ്ങള്‍ കണ്ടെത്താം, അതിനുള്ള ഏറ്റവും മികച്ച വഴിയാണ് സൗഹൃദം. ഒരിക്കല്‍ പോലും തനിച്ചായിപ്പോകുന്നില്ല എന്നതാണ് ഈ കൂട്ടായ്മയുടെ സവിശേഷത. കൂട്ടുകൂടി ഒപ്പം ചിരിക്കാനും ഒരു വിഷമം വരുമ്പോള്‍ താങ്ങാകാനും എപ്പോഴും ആളുണ്ട്- എടച്ചേരിപ്പറമ്പ് കസിന്‍സ് പറയുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com