‘വയറ്റിനുള്ളിൽ നിന്ന് ആരോ തള്ളിവിട്ടപോലെ പോയ കറുത്ത ജീവൻ ഇല്ലാത്ത രൂപം’– ഹൃദയഭേദകമായ അനുഭവം

INDIA-SOCIETY-PEOPLE-ABORTION
Representative Image∙ Elleyna/ Shutterstock
SHARE

ഗർഭകാലത്തെ അനുഭവങ്ങളെ കുറിച്ച് പലപ്പോഴും സ്ത്രീകൾ തുറന്നു പറയാറുണ്ട്. അത്തരത്തിൽ ഒരു യുവതി പങ്കുവച്ച അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച അബോർഷനെ കുറിച്ച് വേൾഡ് മലയാളി സർക്കിള്‍ എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയിലാണ് യുവതിയുടെ കുറിപ്പ് എത്തിയത്. അധ്യാപികയും എഴുത്തുകാരിയുമായ വി.എസ്. വിജയലക്ഷ്മിയുടെ കുറിപ്പാണ് വൈറലാകുന്നത്. 

കുറിപ്പ് വായിക്കാം

ആരും കണ്ടിട്ടില്ലാത്ത....ഞാനും അത് മറവ് ചെയ്ത അമ്മയും അല്ലാതെ മറ്റാരും കണ്ടിട്ടില്ലാത്ത ഒരു കുഞ്ഞു ജീവൻ എന്റെ വയറ്റിൽ ജനിച്ചിരുന്നു. കല്യാണം കഴിഞ്ഞ് ഒന്നര വർഷത്തിനു ശേഷം ഗർഭിണിയായപ്പോൾ എന്തൊക്കെയോ സംഭവിക്കാൻ പോകുന്ന പോലെ ഒരു ടെൻഷൻ മനസ്സിൽ നിറഞ്ഞിരുന്നു. ഉറപ്പില്ലാത്ത എന്തോ ഒരു തോന്നൽ പോലെ....ഏറെ കലുഷിതമായ ചിന്തകളും അരക്ഷിതാവസ്ഥയുമൊക്കെ നിറഞ്ഞ ദിവസങ്ങളിലൊന്നിൽ ഒരു ചോരപ്പാടിലൂടെ ഇറുന്ന് പോയ തുടിപ്പ്. ഒട്ടും വേദന ഇല്ലാതെ, വയറ്റിനുള്ളിൽ നിന്നും ആരോ തള്ളിവിട്ടപോലെ പോയ കറുത്ത നിറമുള്ള, ജീവൻ ഇല്ലാത്ത, രൂപം ഇല്ലാത്ത ഒന്ന്. ഡോക്ടർ 'സ്‌പൊണ്ടെനിയസ് 'എന്ന് റിപ്പോർട്ട് എഴുതിയ വളർച്ച എത്താത്ത ആദ്യത്തെ കുഞ്ഞ്.

ഒന്ന് രണ്ട് ആഴ്ച ഒരു രക്തസ്രാവക്കാരിയെ പോലെ അതെന്നെ കട്ടിലിൽ കിടത്തിയെങ്കിലും. ഒരു ചെറുവേദന കൊണ്ടു പോലും ഓർക്കാൻ ഇടവരാത്ത രീതിയിൽ നിശബ്ദമായി മറഞ്ഞു പോകാൻ വിധിക്കപ്പെട്ട ജീവനായിരുന്നു അത്. ഏറെക്കാലം പിരീഡ് ആകുമ്പോൾ അന്നത്തെ ആ അലസിപ്പോകലിൽ ഒഴുകിപോയ ചോരപിണ്ഡത്തെ ഓർത്ത് കരയുമായിരുന്നു. പിന്നീട് ഐദേനെ ഗർഭിണി ആയപ്പോൾ, ഒരു നേരിയ തുടിപ്പ് മാത്രമേ ഉള്ളൂ എന്നും. ഇതും പോകാനാണ് സാധ്യത എന്നും അതുവരെ ഉണ്ടെന്ന് അറിയാതിരുന്ന തൈറോയ്ഡ് എന്നിലുണ്ടെന്ന് അറിഞ്ഞപ്പോൾ വളർച്ച ഇല്ലെങ്കിൽ അബോർഷൻ ചെയ്യേണ്ടി വരും എന്ന് പറഞ്ഞപ്പോൾ നവഭരത് ഹോസ്പിറ്റലിന്റെ ലാബിന്റെ മുന്നിലിരുന്ന് കരഞ്ഞു. അവിടെ കൂടിയ നഴ്സ്മ്മാരും എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന ആദർശേട്ടനെയും ഒക്കെ അവ്യക്തമായി കണ്ടത് ഓർമ്മയുണ്ട്.

വീണ്ടും എന്നിൽ  നിന്ന്, അത് എന്ത് കാരണം കൊണ്ടാണെങ്കിലും ഇറുന്ന് പോകുന്ന ഒന്നിനെ കൂടി താങ്ങാൻ എനിക്ക് കഴിയില്ല എന്ന് പറഞ്ഞ് വിങ്ങിയിട്ടുണ്ട്. ഒൻപത് മാസങ്ങൾക്കിപ്പുറം ഒരു കുഴപ്പവുമില്ലതെ അവനെ കിട്ടിയപ്പോൾ മാത്രമാണ് ഒരു കടമ്പ കടന്ന ആശ്വാസം ഉണ്ടായത്. ഇടക്കെങ്കിലും നേർത്ത ചുടു കാറ്റായി. അന്ന് എന്നിൽ നിന്നും അറിഞ്ഞോ അറിയാതെയോ ഇറുന്ന് പോയ ആദ്യ തുടിപ്പിന്റെ ഓർമ്മ കടന്ന് വരും. ആദ്യം ജനിച്ചു എങ്കിലും പിറവിയെടുക്കാതെ പോയ ഒന്ന്. പിന്നീട് അതേ സാഹചര്യത്തിൽ കടന്ന് പോയ പലരും അങ്ങനെ ഒരു ഓർമ്മയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അറത്ത് മുറിച്ചു കളഞ്ഞതായാലും അതല്ല സ്വയം ഇറുന്ന് പോയതായാലും പിന്നെയുള്ള കാലങ്ങളിൽ എപ്പോഴെങ്കിലുമോക്കെ വന്ന് കണ്ണുകൾ നിറക്കുകയോ ചെറിയ ഒരു നെടുവീർപ്പിന്നുള്ളിൽ ഉണർന്ന് അവസാനിക്കുകയോ ചെയ്യുന്ന എത്ര എത്ര കാണാ കണ്മണികൾ.

വി ആർ സുധീഷിന്റെ ഒരു കഥയുണ്ട് 'മരക്കൂടങ്ങൾക്കിടയിലെ നനഞ്ഞ മണ്ണ് ' ഛിദ്രിച്ച കുഞ്ഞിനെ കുഴിച്ചിട്ട ആശുപത്രി വളപ്പിലെ നനഞ്ഞ മണ്ണ്  കാണുമ്പോൾ ഇപ്പോഴും ഉള്ളു പിടയുന്ന അനുഭവത്തിൽ നിന്നും അദ്ദേഹം എഴുതിയ കഥ.

‌"ലോകാവസാനം വരേക്കും  

പിറക്കാതെ പോയ മകനെ.

എന്ന് ചുള്ളിക്കാട് പാടുമ്പോൾ എന്തോ കണ്ണുകൾ നിറയും. ബെന്യാമിന്റെ നിശബ്ദത സഞ്ചാരത്തിൽ ലാലി എന്ന കഥാപാത്രമുണ്ട്.  ജോലിക്ക് വേണ്ടി വിദേശത്ത് പോകാൻ ഒരുങ്ങുമ്പോൾ ഗർഭിണിയാണ് അറിയുമ്പോൾ, ആ കുഞ്ഞിനെ അബോർഷൻ ചെയ്തിട്ട് പോകുന്ന ആ പോക്കിൽ അവളുടെ കുടുംബം രക്ഷപ്പെടുമ്പോൾ, തന്റെ ജനിക്കാതെ പോയ കുഞ്ഞിന്റെ മുകളിലാണ് ഇന്ന് ഈ കാണുന്നതെല്ലാം കെട്ടിപ്പടുത്തതെന്ന് അവർ ഇടയ്ക്കിടെ പറയുന്നുണ്ട്. അതിനു ശേഷമാണ് അവർ ഏറ്റവും കർക്കശക്കാരിയായി മാറുന്നതും.

അടുത്തിടെ വായിച്ച ചെമ്മരത്തിയുടെ 'ഏകാകിനിയുടെ ഒസ്യത്ത് ' എന്ന പുസ്തകത്തിൽ ഇങ്ങനെ കാണാതെ മറഞ്ഞുപോയ മാലാഖ കുഞ്ഞുങ്ങൾക്കായി ഇടമുള്ളതായി കൊളംബിയയിൽ എവിടെയോ ഒരു പൂന്തോട്ടം ഉള്ളതായി വായിച്ചു.കാണാ കണ്മണികൾക്കയി ഒരു ഇടം.

നൂറ് കുഞ്ഞുങ്ങൾ ഉണ്ടെങ്കിലും നഷ്ടപ്പെട്ടുപോയ ഒരു കുഞ്ഞിനെ ഓർത്ത് അമ്മമാർ കരയാറുണ്ടെന്ന് വായിച്ചിട്ടുണ്ട്. ജനിച്ച് ജീവിച്ച കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാത്രമല്ല എന്ന് തോന്നുന്നു. പിറക്കാതെ പോയ കാണാതെ പോയ കുഞ്ഞുങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ ആയിരിക്കും എന്ന് തോന്നുന്നു. പിന്നീടുള്ള ഓരോ ചേർത്ത് പിടിക്കലും ആ കുഞ്ഞുങ്ങൾക്ക് വേണ്ടിക്കൂടി ഉള്ളതായിരിക്കും. തീർച്ച.

English Summary: Woman's viral social post about abortion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}