ADVERTISEMENT

അവര്‍ അഞ്ചുപേരായിരുന്നു. അഞ്ചും വനിതകള്‍. അറബിക്കടലിലൂടെ സമുദ്ര നിരീക്ഷണ ദൗത്യം പൂര്‍ത്തിയാക്കി അവര്‍ തിരിച്ചെത്തിയത് ചരിത്രം കുറിച്ചാണ്. ഇന്ത്യന്‍ നാവികസേനയുടെ സമുദ്ര നിരീക്ഷണദൗത്യം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ സംഘമെന്ന നേട്ടമാണ് ആ അഞ്ചുപേര്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ നാവികസേനയുടെ എക്കാലത്തെയും അഭിമാനിക്കാവുന്ന നേട്ടങ്ങളിലൊന്നായാണ് ഈ ദൗത്യത്തെ രേഖപ്പെടുത്തുന്നത്.

ഡോര്‍നിയര്‍ 228 എയര്‍ക്രാഫ്റ്റില്‍ വടക്കന്‍ അറബിക്കടലിലാണ് അഞ്ചു വനിതകളടങ്ങിയ സംഘം സമുദ്ര നിരീക്ഷണ ദൗത്യം പൂര്‍ത്തിയാക്കിയത്. ഗുജറാത്തിലെ പോര്‍ബന്ദറിലെ നേവല്‍ എയര്‍ എന്‍ക്ലേവിലുളള ഇന്ത്യന്‍ നാവല്‍ എയര്‍ സ്‌ക്വാഡ്രോണ്‍ 314(I.N.A.S 314) ലെ അംഗങ്ങളാണ് അവര്‍ അഞ്ചുപേരും. 

വിമാനത്തിന്റെ ക്യാപ്റ്റന്‍ ലഫ്. കമാന്‍ഡര്‍ ആഞ്ചല്‍ ശര്‍മയായിരുന്നു. പൈലറ്റുമാരായി ലെഫ്റ്റനന്റ് ശിവാങ്കി, ലെഫ്റ്റനന്റ് അപൂര്‍വ ഗീതെ എന്നിവരും ടാക്റ്റിക്കല്‍- സെന്‍സറിങ് ഓഫീസര്‍മാരായി ലെഫ്റ്റനന്റ് പൂജ പാണ്ഡെയും സബ്. ലെഫ്റ്റനന്റ് പൂജ ശെഖാവത്തും സംഘത്തിലുണ്ടായിരുന്നു. മാസങ്ങള്‍ നീണ്ട പരിശീലനങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും ശേഷമാണ് ഇവര്‍ ദൗത്യത്തിനിറങ്ങിയത്.

ഈ അപൂര്‍വ ദൗത്യം നാവികസേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങളുളള സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ ചെയ്യാനും പ്രചോദനമാവുമെന്ന് നാവിക സേനയുടെ വക്താവ് കമാന്‍ഡല്‍ മെദ്വാല്‍ പറഞ്ഞു. വനിതകള്‍ മാത്രമുളള ഒരു സംഘം ഉദ്യോഗസ്ഥര്‍, സമുദ്ര നിരീക്ഷണ വിമാനത്തില്‍ ഇത്തരമൊരു സ്വതന്ത്ര ദൗത്യം നടത്തിയത് സേനക്ക് വലിയൊരു നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വനിതാശക്തിയുടെ തെളിവാണ് ഈ ദൗത്യം നമുക്ക് മുന്നില്‍ കാണിച്ചുതരുന്നതെന്നും കമാന്‍ഡര്‍ മെദ്വാല്‍ പറഞ്ഞു.  

ഇന്ത്യന്‍ സായുധസേനയില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലാണ് നാവികസേന. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നേരത്തെതന്നെ വനിത പൈലറ്റുമാരെ കൂടുതല്‍ ഉള്‍പ്പെടുത്താനും ഹെലികോപ്റ്റര്‍ സ്ട്രീമിലേയ്ക്ക് വനിത എയര്‍ ഓപറേഷന്‍ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2018ല്‍ വനിതകള്‍ മാത്രമുള്ള സംഘം കപ്പലില്‍ ലോകം ചുറ്റുകയും ചെയ്തിരുന്നു. 

ഐ.എന്‍.എ.എസ് 314 എന്നത് ഒരു മുന്‍നിര നാവിക എയര്‍ സ്‌ക്വാഡ്രണ്‍ ആണ്. സ്‌ക്വാഡ്രണ്‍ എന്നാല്‍ രണ്ടോ അതിലധികമോ വിമാനങ്ങളും അവ പറത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു പ്രവര്‍ത്തന യൂണിറ്റാണ്. ഇത്തരമൊരു യൂണിറ്റിന്റെ ഭാഗമായാണ് അഞ്ചംഗ സംഘം അത്യാധുനിക ഡോര്‍നിയര്‍ സമുദ്ര നിരീക്ഷണ വിമാനം പറത്തിയത്. കമാന്‍ഡര്‍ എസ്.കെ. ഖോയലിന്റെ നേതൃത്വത്തിലാണ് ഈ സ്‌ക്വാഡ്രണിന്റെ പ്രവര്‍ത്തനം.

English Summary: Navy's All-women Aircrew Creates History by Carrying Out Surveillance Mission Over North Arabian Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com