ADVERTISEMENT

വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് സ്പാനിഷ് സര്‍ക്കാര്‍. സ്‌പെയിനിലെ തുല്യതാ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒരു പ്രചാരണമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എല്ലാ ശരീരങ്ങളും സുന്ദരമാണെന്നായിരുന്നു പ്രചാരണം. തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സ്‌പെയിനിന്റെ ഈ പ്രചാരണ നടപടിയെ അനുമോദിച്ചുള്ള സന്ദേശങ്ങളെത്തി. എന്നാല്‍ ആ പ്രചാരണത്തിനായി ഉപയോഗിച്ച മനുഷ്യരുടെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയെന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 

സമൂഹം പൊതുവേ സുന്ദരമെന്ന് വിളിക്കുന്നത് മാത്രമല്ല എല്ലാവരും സുന്ദരന്മാരും സുന്ദരികളുമാണെന്ന വിശാലമായ കാഴ്ചപ്പാടിലാണ് സ്‌പെയിന്‍ ഈ പ്രചാരണം ആരംഭിച്ചത്. ഏറ്റവും പുരോഗമനപരമായിട്ടാണ് ഈ പ്രചാരണം വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഇതിന്റെ പരസ്യത്തില്‍ മൂന്നു സ്ത്രീകളുടെ പോസ്റ്ററുകള്‍ അവരുടെ അറിവോ സമ്മതമോ കൂടാതെ മാറ്റം വരുത്തി ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുവന്നതോടെ പ്രചാരണം തിരിച്ചടിയാവുകയായിരുന്നു. ബ്രിട്ടീഷ് മാധ്യമമായ ബിബിസി ഇതേക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 

പരസ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്ത ചിത്രങ്ങളിലെ മൂന്നു പേരില്‍ ഒരാള്‍ അര്‍ബുദത്തെ അതിജീവിച്ച ജൂലിയറ്റ് ഫിറ്റ്‌സ്പാട്രിക്കാണ്. ഇവരുടെ പ്രതികരണവും ബിബിസി റിപ്പോര്‍ട്ടിലുണ്ട്. തന്റെ തല മറ്റേതോ സ്ത്രീയുടെ ഉടലുമായി ചേര്‍ത്ത നിലയിലാണുള്ളതെന്നാണ് ജൂലിയറ്റ് പറയുന്നത്. അര്‍ബുദത്തെ തുടര്‍ന്ന് അവരുടെ ഇരു സ്തനങ്ങളും നീക്കം ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിലുള്ള സ്ത്രീയുടെ ഒരു സ്തനം മാത്രമാണ് നീക്കം ചെയ്തിട്ടുള്ളത്. 'അനുമതിയില്ലാതെ എന്റെ ശരീരം ഉപയോഗിച്ചുവെന്നതാണ് എന്നെ സംബന്ധിച്ചുള്ള പ്രധാന പ്രശ്‌നം' ജൂലിയറ്റ് പറയുന്നു. 

റിപ്പോര്‍ട്ടുകള്‍ വിവാദമായതിനു പിന്നാലെ പ്രചാരണത്തിനു നേതൃത്വം നല്‍കിയ ആര്‍ട്ടെ മപ്പാച്ചെ പരസ്യമായി ജൂലിയറ്റിനോട് മാപ്പു പറയുകയും ചെയ്തിട്ടുണ്ട്. ഈ മാപ്പു പറച്ചില്‍ മുറിവില്‍ ഉപ്പു തേച്ച ഫലമാണുണ്ടാക്കിയതെന്നു മാത്രം. അതേക്കുറിച്ച് പരസ്യ ചിത്രത്തിലുള്ള മറ്റൊരാളായ ന്യോം നിക്കോളസ് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത് ഇങ്ങനെ. 

'ഒരു വെളുത്തവര്‍ഗക്കാരിയായതുകൊണ്ടാണോ സ്പാനിഷ് സര്‍ക്കാര്‍ ജൂലിയറ്റിനോട് മാത്രം മാപ്പു പറഞ്ഞത്. സിയാനും എനിക്കും ഇങ്ങനെയൊരു മാപ്പു പോലുമില്ലേ? ഇതേക്കുറിച്ച് ഞങ്ങളെന്താണ് കരുതേണ്ടത്. ഇത്തരം കാര്യങ്ങള്‍ എന്നെ ശരിക്കും മുഷിപ്പിക്കുന്നുണ്ട്'. സിയാനും സമാനമായ പ്രതികരണം ഇന്‍സ്റ്റ വഴി നടത്തിയിട്ടുണ്ട്. 'കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആ ചിത്രം ഞാന്‍ കണ്ടത്. അതോടെ എന്റെ ആത്മവിശ്വാസം ഇല്ലാതായി.

സമ്മര്‍ദം കുത്തനെ കൂടി. സാധാരണ ഞാന്‍ സ്വയം പ്രചോദിപ്പിക്കുന്ന രീതികളൊന്നും ഫലം കാണുന്നില്ല. വിചിത്രമായ എവിടെയോ എത്തിപ്പെട്ടതുപോലെ തോന്നുന്നു. ഈ മുറിവുകളില്‍ നിന്നും വീണ്ടും പഠിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ തോന്നുന്നത്. എന്തെങ്കിലും തരത്തിലുള്ള നാണക്കേടിന്റെ കാരണമായിരുന്നില്ല എനിക്കെന്റെ കാല്‍. ശക്തിയുടേയും പ്രതിരോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അടയാളമാണത്' നഷ്ടമായ ഇടതുകാലിന് പകരം കൃത്രിമകാല്‍ ഘടിപ്പിച്ചിട്ടുള്ളയാളാണ് സിയാന്‍. എന്നാല്‍ സിയാന് കാലുള്ള രീതിയിലുള്ള ചിത്രമാണ് പരസ്യത്തിനായി സ്പാനിഷ് സര്‍ക്കാര്‍ വകുപ്പ് ഉപയോഗിച്ചത്. 

ആര്‍ട്ടെ മപ്പാച്ചെയുടെ ക്ഷമാപണത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നിട്ടുണ്ട്. തെറ്റ് തിരിച്ചറിഞ്ഞെന്നും പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനാണ് ശ്രമമെന്നും ഈ സ്ത്രീകളുടെ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരു കലാസൃഷ്ടിക്കാണ് ശ്രമിച്ചതെന്നും അതില്‍ പറയുന്നു. ഈ ജോലിയിലൂടെ ലഭിക്കുന്ന പണം പോസ്റ്ററിലെ സ്ത്രീകളുമായി പങ്കുവെക്കാനും അവരുടെ ശരിയായ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുതിയ പോസ്റ്റര്‍ അടിക്കാനും തയ്യാറാണെന്നും ആര്‍ട്ടെ മപ്പാച്ചെ വ്യക്തമാക്കുന്നു.

English Summary: Three British Women Disgusted By Spain's Liberating Campaign Of Celebrating Beach Body Positivity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com