പെണ്ണെന്ന വിവേചനം; അരങ്ങിലും കേട്ടത് അസഭ്യം: ‘തീമുടി’യേറ്റിയ ജീവിതത്തെപ്പറ്റി ബിന്ദു പാഴൂർ

bindu
മുടിയേറ്റ് കലാകാരി ബിന്ദു
SHARE

മുടിയേറ്റിലെ ആദ്യ വനിതാ കലാകാരി ബിന്ദു പാഴൂർ സംസാരിക്കുന്നു

മധ്യകേരളത്തിലെ ഭഗവതിക്കാവുകളിലെ പാരമ്പര്യ അനുഷ്ഠാനമായ മുടിയേറ്റ് മറ്റു പല കലകളെയും പോലെ പുരുഷകേന്ദ്രീകൃതമാണ്. യുനെസ്കോ പൈതൃകകലകളുടെ പട്ടികയിൽ (Representative List of the Intangible Cultural Heritage of Humanity) ഉൾപ്പെടുത്തിയ മുടിയേറ്റിൽ കാളി –ദാരിക യുദ്ധമാണ് ഇതിവൃത്തം. ആണധികാരം അരങ്ങു വാഴുന്ന ഈ അനുഷ്ഠാന കലാരൂപത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന്, അപ്രാപ്യമെന്നു കരുതിയ ഉയരങ്ങൾ കീഴടക്കിയ വനിതയാണ് ബിന്ദു പാഴൂർ. മുടിയേറ്റിൽ നൂറ്റാണ്ടുകളായി നിലവിലിരുന്ന പാരമ്പര്യത്തിന്റെ കോട്ടകളെ ഉല്ലംഖിച്ച ആദ്യ വനിത. ഏറെ ജനകീയമല്ലാത്തൊരു കലയിൽ നടന്ന നിശബ്ദ വിപ്ലവം വാർത്തയാകാതെ പോയതിന് കാരണങ്ങൾ പലതുണ്ടാവാം.

ഭർതൃപിതാവും പേരെടുത്ത മുടിയേറ്റ് കലാകാരനുമായ പാഴൂർ പാഴൂർ ദാമോദര മാരാരുടെയുടെയും ഭർത്താവ് നാരായണ മാരാരുടെയും വിയോഗത്തിനു ശേഷമാണ് ബിന്ദു മുടിയേറ്റിന്റെ അരങ്ങിലെത്തിയത്. പട്ടിണിയകറ്റാനാണ് അരങ്ങിലെത്തിയതെന്നു പറയുന്നു ബിന്ദു. പക്ഷേ അവിടെ അവരെ കാത്തിരുന്നത് കടുത്ത വിവേചനവും അവഗണനയും മാനസികപീഡനങ്ങളുമൊക്കെയായിരുന്നു. അതുവരെ ബന്ധുക്കളും സ്നേഹിതരുമായി കരുതിയിരുന്നവർ പോലും പിന്നിൽനിന്നു കുത്തിയ കാലത്തെ അതിജീവിച്ചത് ആത്മവിശ്വാസവും ഭഗവതിയിലുള്ള വിശ്വാസവും കൊണ്ടാണെന്നു ബിന്ദു ഓർത്തെടുക്കുന്നു. 

കേരളത്തിന്റെ പൈതൃകകലകളിലൊന്നായ മുടിയേറ്റിലെ രീതിഭേദങ്ങളെപ്പറ്റിയും മറ്റു കലകളുമായുള്ള ബന്ധത്തെപ്പറ്റിയും അരങ്ങിലെത്തിയപ്പോൾ അനുഭവിക്കേണ്ടിവന്ന വിവേചനങ്ങളെയും വേദനിപ്പിക്കുന്ന അനുഭവങ്ങളെയും പറ്റിയും ബിന്ദു സംസാരിക്കുകയാണ് ഈ ദീർഘ സംഭാഷണത്തിൽ.

ബുധശുക്രൻമാർ കാവൽ നിൽക്കുന്ന പാഴൂർ പടിപ്പുരയ്ക്കിപ്പുറം, ഒരു പുഴയകലം മാത്രം ദൂരെയുള്ള പാഴൂർ പെരും തൃക്കോവിൽ ക്ഷേത്രത്തിന് മുന്നിലുള്ള അംഗഭംഗം വന്ന ആൽമരം കനത്ത മഴയിൽ അകലക്കാഴ്ചയെ മറച്ചു നിന്നു. പടിപ്പുരയും പെരും തൃക്കോവിലും പത്തു ഭാഗ്യങ്ങളും കൊണ്ട് സമ്പന്നമായ പെരുംതൃക്കോവിലിന്റെ മുഖ്യ കവാടത്തിന് എതിർവശത്തുള്ള വീട്ടിലെ ഉമ്മറത്തിരുന്ന് മഴയുടെ പിന്നണി വാദ്യത്തോടെ

തന്റെ അനുഭവങ്ങൾ ബിന്ദു പാഴൂർ പറഞ്ഞു. ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ പലപ്പോഴും ബിന്ദു നിശബ്ദയായി. ഓർമകളെ വാക്കുകളിലേക്കാവാഹിക്കാൻ സമയമെടുത്തു. ഒരുവട്ടം മാത്രം പൊടിഞ്ഞ കണ്ണീർ തുടച്ച് അടുത്ത ചോദ്യത്തിലേക്ക് വളരെ വേഗം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടയ്ക്കെപ്പോഴോ തീവ്രസങ്കടങ്ങളുടെ ആളിക്കത്തലിൽ കണ്ണുകൾ കലങ്ങിച്ചുവന്നു.

ആദ്യ ചോദ്യം മുടിയേറ്റിന്റെ വ്യത്യസ്ത ശൈലികളെക്കുറിച്ചായിരുന്നു. മുടിയേറ്റിൽ പാഴൂർ കീഴില്ലം ശൈലിയും കൊരട്ടി ശൈലിയും കഥകളിയിലെ ചിട്ടകളിൽനിന്ന് ഏറെ വ്യത്യസ്തമായ രീതിയിൽ രണ്ട് വ്യത്യസ്തധാരകളെ പ്രതിഫലിപ്പിക്കുന്നതാണ്. മാതാവ് വഴി കൊരട്ടി ശൈലി പിന്തുടരുന്ന കുടുംബത്തിൽ ജനിച്ച ബിന്ദു വിവാഹത്തെ തുടർന്ന് എത്തിച്ചേർന്നത് പാഴൂർ കീഴില്ലം ശൈലിയുടെ പ്രയോക്താക്കളായ പാഴൂർ ദാമോദര മാരാരുടെ വീട്ടിലേക്കായത് യാദൃച്ഛികതയാവാം. 

∙ എന്തൊക്കെയാണ് രണ്ടു ശൈലികൾ തമ്മിലുള്ള വ്യത്യാസങ്ങൾ ?

രണ്ടു ശൈലികളും തമ്മിൽ പിന്നണിപ്പാട്ടിന്റെ രീതി, സാഹിത്യം, വേഷം, എന്നിവയിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ഈ രണ്ടു ധാരകളും തമ്മിൽ ഏതെങ്കിലും വിധത്തിലുള്ളതും പ്രയോജനപ്രദവുമായ കൊടുക്കൽവാങ്ങലുകൾ ഉണ്ടായതായി ഞാൻ കരുതുന്നില്ല. ഈ രണ്ടു ശൈലികൾ കൂടാതെ കുന്നയ്ക്കാൽ ശൈലി, തിരുമറയൂർ ശൈലി എന്നൊക്കെ പറയാവുന്ന മട്ടിൽ പല തരത്തിലുള്ള മുടിയേറ്റുകൾ ഇപ്പോൾ അരങ്ങേറുന്നുണ്ട്. ചില സംഘങ്ങളൊക്കെ പഴയകാല ഭക്തഹനുമാൻ ബാലെ മോഡലിൽ വല്ലാതെ ലളിതവൽക്കരിച്ചാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്. ജനത്തിന് ആവശ്യമുള്ളത് നൽകുന്നു എന്ന വാദമാണ് അത്തരക്കാർ ഉയർത്തുന്നത്.

ആഭാസത്തോളമെത്തുന്ന ഇത്തരം ആവിഷ്ക്കാരങ്ങളെ പുതിയ ശൈലി എന്നു വിളിക്കാൻ നിവൃത്തിയില്ല. അങ്ങനെ നോക്കുമ്പോൾ എനിക്ക് എന്റെ ഭർതൃവീട്ടുകാർ പിന്തുടർന്നു വന്ന ശൈലിയാണ് അഭികാമ്യമെന്ന് തോന്നി. വലിയ മാറ്റങ്ങൾ വരുത്താതെ പാരമ്പര്യ രീതിയിൽത്തന്നെ പാഴൂർ  ശൈലിയിലുള്ള ആവിഷ്ക്കാര രീതി മുന്നോട്ടു കൊണ്ടുപോകാനാണ് ഞാൻ ശ്രമിക്കുന്നത്.

∙ മുടിയേറ്റ് ജനകീയ കലയെന്നതിലുപരി അമ്പലവാസി സമുദായാംഗങ്ങളായ വരേണ്യവർഗത്തിന്റെ കലയാണ് എന്ന വാദത്തെക്കുറിച്ച്?

തീർച്ചയായും അതങ്ങനെതന്നെ ആയിരുന്നു. ബ്രാഹ്മണർ അധികാരം കൈയാളിയിരുന്ന ക്ഷേത്രാങ്കണങ്ങളിൽ സോപാനത്തിനു നേരെ നിന്ന് പൂജ കൊട്ടാൻ പോലും അനുവാദമില്ലാത്തവരായിരുന്നു കുറുപ്പ്, മാരാർ തുടങ്ങിയ അമ്പലവാസി സമുദായത്തിൽപ്പെട്ടവർ. ശൈവാരാധന പ്രബലമായിരുന്ന ഒരു കാലഘട്ടത്തിൽ തികച്ചും അനാര്യരായ കാളിയും ശിവനുമൊക്കെ ഉൾപ്പെടുന്ന  കഥാതന്തു മുടിയേറ്റിനു വിഷയമാക്കിയതുതന്നെ അക്കാലത്തെ സാമൂഹിക പരിമിതികൾക്കുള്ളിൽനിന്നു നോക്കിയാൽ പുരോഗമനപരമായ നടപടിയാണ്. കോയിമ്പട നായർ, കൂളി എന്നീ കഥാപാത്രങ്ങൾ സാമൂഹിക വിമർശനം നടത്തുന്നു പോലുമുണ്ട്. അന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ അത്രയൊക്കെയേ പ്രതീക്ഷിക്കാനാവുമായിരുന്നുള്ളൂ. ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. അവാന്തരവിഭാഗത്തിൽപ്പെട്ട പലരും മുന്നോട്ടു വരുന്നുണ്ട്. കുറുപ്പ്, മാരാർ സമുദായത്തിൽപ്പെട്ട കലാകാരൻമാരുടെ എണ്ണം കുറഞ്ഞതും ഒരു കാരണമാകാം.

mudiyettu2

∙ നാമമാത്ര പ്രതിഫലം പറ്റി അനുഷ്ഠാനമായി മുടിയേറ്റ് നടത്തിയ കാലം മാറിയിട്ടുണ്ട്. ഈ മാറ്റത്തെ എങ്ങനെ കാണുന്നു? 

വേദികളും പ്രതിഫലവും കൂടിയിട്ടുണ്ട്. എന്നാൽ അനാരോഗ്യകരമായ രീതിയിൽ മുടിയേറ്റ് സംഘങ്ങളുടെ എണ്ണവും വർധിച്ചതായി കാണാം. എന്റെ അറിവിൽത്തന്നെ പത്തോളം സംഘങ്ങൾ സജീവമായി രംഗത്തുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് നിലവാരത്തിൽ വീഴ്ചയുണ്ട്. കൊരട്ടി പാഴൂർ, കീഴില്ലം തുടങ്ങിയ സ്ഥലങ്ങളിൽ ഒതുങ്ങി നിന്നവയായിരുന്നു ആദ്യ കാല മുടിയേറ്റ് സംഘങ്ങൾ. ഇപ്പോൾ പല സ്ഥലങ്ങളിലും സംഘങ്ങളായി. കളിയുടെ നിലവാരമാണ് പലപ്പോഴും പ്രശ്നമായി തോന്നുന്നത്.

അതുപോലെതന്നെ പഴയ അമ്മാവൻ കോംപ്ലക്സിൽനിന്നു മുക്തരാകാത്ത പലരും, അന്യസംസ്ഥാന തൊഴിലാളികൾക്ക് അവിദഗ്ദ്ധ തൊഴിലിന് നൽകുന്ന വേതനം പോലും നൽകാതെ ഭക്തിയുടെയും ത്യാഗത്തിന്റെയും പേരിൽ കലാകാരൻമാരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു. പഴയ കാലത്ത് മുടിയേറ്റിനു മുൻപുള്ള കളമെഴുത്തിന് ഭദ്രകാളിയുടെ മുലകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ഒന്നോ രണ്ടോ ഇടങ്ങഴി അരിയും നെല്ലും ഒപ്പം കിട്ടുന്ന നാളികേരവും വാങ്ങി കളി നടത്താൻ ഇന്ന് ആർക്കെങ്കിലും കഴിയുമോ ?

∙ കഥകളിയുടെ സ്വാധീനം മുടിയേറ്റിന്റെ ആഹാര്യ -സംഗീത പാരമ്പര്യത്തെ തടസപ്പെടുത്തുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. അഭിപ്രായമെന്ത്?

കഥകളിക്കും കൂടിയാട്ടത്തിനും മുൻപു തന്നെ ഉണ്ടായിരുന്ന കലാരൂപമാണ് മുടിയേറ്റ്. സോപാന സംഗീതത്തിന്റെ രീതിയിലായിരുന്നു പഴയ കാലത്തെ പിന്നണി. പുതുകാലത്ത് ചില സംഘങ്ങളിലെ വായ്ത്താരികളും പിന്നണിയും കർണാടക സംഗീതത്തിന്റെ സ്വാധീനത്തിൽപ്പെട്ട് വ്യത്യാസപ്പെട്ടു. പാരമ്പര്യ ആലാപന ശൈലി പിന്തുടരുന്ന സംഘങ്ങൾ ഇന്നുമുണ്ട് എന്ന കാര്യം വലിയ ആശ്വാസമാണ്. അതുപോലെ തന്നെ മുടിയേറ്റിനു ശേഷമുണ്ടായി എന്നു കരുതുന്ന കഥകളിയിൽനിന്ന് ഉടുത്തുകെട്ട് തുടങ്ങിയ കാര്യങ്ങൾ കടം കൊണ്ടിട്ടുണ്ട്. ക്ലാസിക്കൽ കലകളിൽനിന്നു കൊടുക്കൽ വാങ്ങലുകൾ ഒരു പരിധി വരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം.

mudiyettu1
പാഴൂർ പാഴുർ ദാമോദര മാരാർ

∙ മുടിയേറ്റിന്റെ രേഖപ്പെടുത്തിയ ചരിത്രത്തിലെങ്ങും ഒരു സ്ത്രീ രംഗത്തു വന്നതായി അറിവില്ല. പൂർണമായും പുരുഷ കേന്ദ്രീകൃതമായ ഈ രംഗത്തേക്ക് ബിന്ദു കടന്നു വരാനുണ്ടായ സാഹചര്യം എന്തായിരുന്നു? സ്ത്രീ എന്ന നിലയിൽ വിവേചനമോ അധിക്ഷേപമോ നേരിട്ടിട്ടുണ്ടോ ?

മുടിയേറ്റ് കലാകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായിരുന്ന പാഴൂർ ദാമോദര മാരാർ എന്റെ ഭർതൃപിതാവായിരുന്നു. മുടിയേറ്റ് കലാകാരൻ എന്നതിലുപരി ഒരു പ്രസ്ഥാനമായിരുന്നു അദ്ദേഹം. ഇന്ന് കലാരംഗത്തുള്ള പല പ്രശസ്തരും ഏതെങ്കിലുമൊരു മേഖലയിൽ മികവു കാട്ടുമ്പോൾ, ക്ഷേത്രത്തിന്റെ അടിയന്തിര ചടങ്ങുകൾക്കാവശ്യമായ പരിഷവാദ്യവും മരപ്പാണിയും തുടങ്ങി, വ്യത്യസ്ത രീതിയിലുള്ള  പ്രയോഗജ്ഞാനം ആവശ്യപ്പെടുന്ന പഞ്ചവാദ്യം, തായമ്പക, സോപാന സംഗീതം, മുടിയേറ്റ് വേഷം എന്നിങ്ങനെ സമസ്ത മേഖലകളിലും നിറഞ്ഞു നിന്നിരുന്ന അദ്ദേഹം കലാക്ഷേത്ര എന്ന പേരിൽ നടത്തിവന്നിരുന്ന സ്ഥാപനത്തിൽ നിന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികൾക്ക് വൈക്കം ക്ഷേത്ര കലാപീഠം എന്ന ആശയം ഉണ്ടാകുന്നതും അദ്ദേഹം ആ സ്ഥാപനത്തിലെ അധ്യാപകനായി നിയമിതനാകുന്നതും. എന്നാൽ അദ്ദേഹത്തിന്റെ കാലശേഷം എന്റെ ഭർത്താവ് നാരായണ മാരാർ വഴി അതിനൊരു തുടർച്ച ഉണ്ടായില്ല.

വിവേചനത്തെക്കുറിച്ചു പറഞ്ഞാൽ അതു മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നു പറയേണ്ടിവരും. പൂർണമായ തമസ്കരണമാണ് ഉണ്ടായിട്ടുള്ളത്. നേരത്തേ പരാമർശിച്ച രണ്ടു പേരുടെയും കാലശേഷം ഞാൻ നഴ്സിങ് ജോലി ഉപേക്ഷിച്ച് മുടിയേറ്റിലേക്കു വരാൻ കാരണമായത് സ്വന്തമെന്നു കരുതിയിരുന്ന പലരുടെയും കടുത്ത അവഗണനയാണ്. ‘പാഴൂർ ദാമോദര മാരാർ ഗുരുകുലം’ എന്ന സ്ഥാപനം പോലും വേറെ പേരിൽ തട്ടിയെടുക്കാൻ ശ്രമം നടന്നു. മുഴുപ്പട്ടിണിയിലായ എന്റെയും രണ്ടു കുഞ്ഞുങ്ങളുടെയും സഹായത്തിന് ഒരാളും വന്നില്ല. മുൻ കാലങ്ങളിൽ എന്റെ വീട്ടുകാർ നടത്തിയിരുന്ന മുടിയേറ്റ് പ്രോഗ്രാമുകൾ ഏറ്റെടുത്തു നടത്താൻ ശ്രമിച്ച എനിക്ക് വേഷത്തിനും ഉടുത്തു കെട്ടിനും ആവശ്യമായ കോപ്പുകൾ പോലും ലഭിക്കാതിരിക്കാനായിരുന്നു ആദ്യ ശ്രമം. എന്റെ കുടുംബത്തിലുണ്ടായിരുന്ന കളിക്കോപ്പുകൾ അന്യാധീനപ്പെട്ടു. ഒടുവിൽ കടം വാങ്ങി കോപ്പുകൾ വാങ്ങേണ്ടി വന്നു. മറ്റു കലാകാരൻമാരെ സംഘടിപ്പിച്ച്  പ്രോഗ്രാം നടത്താൻ തുടങ്ങിയപ്പോൾ എനിക്കൊപ്പം പരിപാടികൾ അവതരിപ്പിക്കാൻ വരുന്നവരെ ഊരുവിലക്കാൻ എന്റെ പിതാവിന്റെ പഴയ ശിഷ്യരിൽ ചിലർ നെട്ടോട്ടമോടി. തേവര സേക്രട്ട് ഹാർട്ട് കോളജിൽ 2016 ൽ ഏറ്റ പ്രോഗ്രാമിലാണ് ഞാൻ പൂർണ തോതിലല്ലെങ്കിൽ പോലും ആദ്യമായി കാളിയുടെ വേഷം കെട്ടുന്നത്. സാഹചര്യങ്ങളുടെ സമ്മർദമായിരുന്നു കാരണം. അതൊരു ചരിത്ര നിമിഷമായിരുന്നു എന്നോ, അത്തരമൊരു നടപടിയുടെ ദീർഘകാല പ്രത്യാഘാതമെന്തെന്നോ അന്ന് അറിയുമായിരുന്നില്ല. ബിന്ദു അമ്മിണിയെക്കാൾ മുമ്പ് ആചാര ലംഘനം നടത്തിയ സ്ത്രീയായി എന്നെ പലരും ചിത്രീകരിച്ചു. റീമ കല്ലിങ്കലിനൊപ്പം നിൽക്കുന്ന ഫോട്ടോയാണ് ചിലരെ ചൊടിപ്പിച്ചത്.

എന്നെ കാണാൻ വന്ന രണ്ടു ഗവേഷണ വിദ്യാർഥികളുടെ ആവശ്യപ്രകാരമാണ് ഞാൻ പുറപ്പാടോടു കൂടിയ കാളിയുടെ വേഷം എന്റെ നാട്ടിലുള്ള ഹരിപുരം ക്ഷേത്രത്തിൽ  ആദ്യമായി ചെയ്യുന്നത്. അതു തടസ്സപ്പെടുത്താൻ ശ്രമമുണ്ടായി. നന്നാക്കാൻ കൊടുത്തിരുന്ന കളിക്കോപ്പുകൾ ഭീമമായ തുക ആവശ്യപ്പെട്ട് തടഞ്ഞുവച്ചു. ചില ഇടപെടലുകളെ തുടർന്ന് സന്ധ്യയോടെ മാത്രമാണ് അവ വിട്ടു കിട്ടിയത്. സഹായിക്കാനെന്ന ഭാവത്തിൽ ചുട്ടി കുത്താൻ വന്നയാൾ മുഖത്തെ ചുട്ടി പകുതിയാക്കി മുങ്ങി. എങ്കിലും രാത്രി ഏറെ വൈകി ഞാൻ കാളി വേഷം ചെയ്യുമ്പോൾ അത് ചരിത്രത്തിലേക്കുള്ള ചുവടുവയ്പായി.

വാക്കാൽ പറയാൻ കഴിയുന്നതിലപ്പുറം പീഡനം എനിക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. പെണ്ണ് കാളീവേഷം കെട്ടിയാടിയാൽ ഭഗവതി ശ്രീകോവിൽ വിട്ടു പോകുമെന്നു പറഞ്ഞ തന്ത്രിയുടെ വായടഞ്ഞത് മുടിയേറ്റ് നടന്ന ശേഷം നടന്ന പ്രശ്നവിധിയിൽ ഭഗവതി ഏറെ സന്തോഷവതിയായി എന്നു കണ്ടതോടെയാണ്. പലയിടത്തും പുരോഗമനാശയക്കാരായ കമ്മിറ്റിക്കാരാണ് എനിക്കു വേണ്ടി സംസാരിക്കാൻ തയാറായത്.

മുടിയേറ്റിൽ കാളി ദാരിക യുദ്ധം നടക്കുമ്പോൾ കലി കയറി അലറി വിളിച്ചോടുന്ന സമയത്ത് പിടിച്ചു മാറ്റാൻ എന്ന വ്യാജേന ഒപ്പം കൂടിയവർ  ശാരീരികമായി ഉപദ്രവിച്ചു. ചെവിയരികിൽ കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. ആർത്തവാശുദ്ധിയുള്ള പെണ്ണ് അമ്പലത്തിൽ കയറിയെന്ന് ആക്ഷേപിച്ചു. എന്നിട്ടും ഞാൻ പിടിച്ചു നിന്നു. ഇത്തരം പീഡനങ്ങൾ ഏറെയും ഏൽക്കേണ്ടി വന്നത് ഞാൻ സ്ത്രീയാണ് എന്ന ഒറ്റക്കാരണം കൊണ്ടു മാത്രമാണ്. എന്റെ ഭർതൃ പിതാവും ഭർത്താവും ജീവിച്ചിരുന്നപ്പോൾ ഏറെ സ്വന്തമെന്ന് കരുതിയവർ, അവരുടെ കാലശേഷം പിന്നിൽനിന്ന് കുത്തി. സ്നേഹം, കടപ്പാട് എന്നിവയേക്കാൾ പ്രോഗ്രാമുകളിൽ നിന്ന് കിട്ടുന്ന പണമായിരുന്നു പലർക്കും പ്രധാനം.

ഏറ്റവും വേദനാജനകം, ഞാനൊരു മോശം സ്ത്രീയാണ് എന്ന അപവാദ പ്രചാരണമായിരുന്നു. എല്ലാ കലാകാരികളും നേരിടുന്ന പ്രശ്നം. രംഗത്തുള്ള എന്റെ പ്രകടനത്തെക്കുറിച്ച് എനിക്ക് ആത്മവിശ്വാസമുണ്ടാക്കിത്തന്നതും ഭദ്രകാളി വേഷം എനിക്ക് ഇണങ്ങുന്നതാണെന്ന് ഉറപ്പാക്കിയതും തൊടുപുഴ അറക്കുളം ക്ഷേത്രത്തിൽ നടന്ന സമ്പൂർണ മുടിയേറ്റാണ്. തുടർന്ന് കണ്ണൂർ ഫോക്‌ലോർ അക്കാദമിയിലെ  മുടിയേറ്റോടു കൂടി ഞാൻ ഈ രംഗത്ത് ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. എന്നിട്ടും ഉപദ്രവങ്ങൾ തുടർന്നു. എനിക്ക് ഫോക്‌ലോർ അക്കാദമി അവാർഡ് തന്നപ്പോൾ അതിനെതിരെ പരാതി നൽകാൻ പ്രേരണ നൽകിയത് എനിക്കു വേണ്ടപ്പെട്ടയാൾ തന്നെയാണ്.ഇനിയുമുണ്ട് പീഡന കഥകൾ. പറഞ്ഞാൽ സീരിയൽ പോലെ നീണ്ടു പോകും.

∙ ഭർത്താവിന്റെ അപ്രതീക്ഷിത മരണശേഷം  ജീവിതത്തിൽ വല്ലാതെ ഒറ്റപ്പെട്ട കാലത്ത് കൈത്താങ്ങായി നിന്നവർ ആരൊക്കെയാണ്?

ഒറ്റവാക്കിൽ പറഞ്ഞാൽ ആരുമില്ലായിരുന്നു. താങ്ങായി ഉണ്ടായിരുന്നത് ഭഗവതി എന്നെ കൈ വെടിയില്ലെന്ന വിശ്വാസം മാത്രം.

∙ യുനെസ്കോയുടെ പൈതൃക പട്ടികയിൽ കൂടിയാട്ടത്തിന് ശേഷം ഉൾപ്പെട്ട കലാരൂപമാണ് മുടിയേറ്റ്. അന്യംനിന്നു പോകുമായിരുന്ന ഒരു കലാരൂപത്തിന് ജീവശ്വാസം നൽകിയ നടപടിയായിരുന്നു അത്. അതുകൊണ്ട് എന്തെങ്കിലും കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ടാ? 

വലുതായ ഒരു മാറ്റവും ഉണ്ടായിട്ടില്ല. എന്റെ അറിവിൽ ഒരു സംഘത്തിന് ഒരു ലക്ഷം രൂപ കിട്ടിയതായി അറിയാം. മുടിയേറ്റ് എന്ന കലയെ പരിപോഷിപ്പിക്കാനോ നശിക്കാതെ നിലനിർത്താനോ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനോ എന്തെങ്കിലും ശ്രമങ്ങൾ നടന്നിട്ടുള്ളതായി അറിവില്ല. ഇനിയെങ്കിലും അത്തരം ശ്രമങ്ങൾ ഉണ്ടാവട്ടെ .

∙ എത്രകാലം ഈ രംഗത്ത് തുടരും? വനിതകൾ മുടിയേറ്റിലേക്ക് കടന്നു വന്നാൽ സ്വാഗതം ചെയ്യുമോ? അവർക്ക് നൽകാനായി എന്തെങ്കിലും സന്ദേശങ്ങളുണ്ടോ?

എത്ര കാലമെന്ന് തീർച്ചയില്ല. ഭദ്രകാളിയുടെ തിരുമുടി തലയിലേന്തി മരിക്കണമെന്നാണ് ആഗ്രഹം. അനിശ്ചിതത്വം നിറഞ്ഞു നിൽക്കുന്ന ഈ മേഖലയിലേക്ക്, പ്രത്യേകിച്ചും ഏറെ ആകർഷകമായ മറ്റ് അവസരങ്ങൾ ലഭ്യമാണെന്നിരിക്കെ, വനിതകൾ കടന്നു വരാൻ സാധ്യതയില്ല. എങ്കിലും പാരമ്പര്യം മറക്കാൻ വയ്യല്ലോ. ഈ രംഗത്ത് ഇപ്പോൾ എനിക്കൊപ്പമുള്ള ഏക വനിതാ സാന്നിധ്യം മകൾ കൃഷ്ണപ്രിയയാണ്.

∙ അനുഷ്ഠാന കല എന്ന നിലയിലല്ലാതെ അവതരിപ്പിക്കപ്പെടുന്ന കലാരൂപമായി മുടിയേറ്റ് മാറുന്ന ആധുനിക കാലത്ത് ഇത്തരമൊരു കലാരൂപത്തിന്റെ ഭാവിയെക്കുറിച്ച് എന്താണഭിപ്രായം?

ഭാവി ശോഭനമാണെന്നാണ് എന്റെ അഭിപ്രായം. വർധിച്ചു വരുന്ന അരങ്ങുകൾ നല്ല ലക്ഷണമാണ്. പല മുടിയേറ്റ് കലാകാരൻമാരും ക്ഷേത്ര സംബന്ധിയായ ജോലികൾ ഉള്ളവരോ മേളം, പഞ്ചവാദ്യം തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ളവരുമാണ്. മുടിയേറ്റ് മാത്രം ഉപജീവനമാക്കി എത്ര പേർക്ക് ഇന്നത്തെ കാലത്ത് ജീവിക്കാൻ കഴിയുമെന്നത് വലിയൊരു ചോദ്യചിഹ്നം തന്നെയാണ്. 

bindu1

∙ മുടിയേറ്റ് കലാകാരി എന്ന നിലയിൽ ഓർമയിൽ തങ്ങി നിൽക്കുന്ന സംഭവങ്ങൾ ഓർത്തെടുക്കാമോ?

എന്റെ വിവാഹ ശേഷം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന മുടിയേറ്റിലാണ് ഞാൻ എന്റെ ഭർതൃപിതാവിന്റെയും സംഘത്തിന്റെയും മുടിയേറ്റ് ആദ്യമായി കാണുന്നത്. വർഷങ്ങൾക്കു ശേഷം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി അതേ വേദിയിൽ ഭദ്രകാളിയുടെ വേഷത്തിൽ മുടിയേന്തി അവരുടെ ഓർമകളിൽ മുങ്ങി കണ്ണീരണിഞ്ഞു നിന്ന നിമിഷം ഒരിക്കലും മറക്കാൻ കഴിയില്ല.

∙ മുടിയേറ്റിന്റെ പ്രചാരവുമായി ബന്ധപ്പെട്ട ഭാവിപരിപാടികൾ എന്തെങ്കിലുമുണ്ടോ ?

മുടിയേറ്റ് ഉൾപ്പെടുന്ന സാഹിത്യ കൃതികളോ സിനിമകളോ ശ്രദ്ധയിൽ പെട്ടിട്ടില്ല. മുടിയേറ്റ് മുഖ്യ വിഷയമായി വരുന്ന സിനിമയിൽ ഭാഗഭാക്കാവാനുള്ള ശ്രമത്തിലാണ്. വൈകാതെ അത് സഫലമാവുമെന്ന് ഞാൻ കരുതുന്നു. മനസ്സിലുള്ള മറ്റൊരു ആശയം ഫോക്‌‌ലോറിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആർട്ട് ഗ്യാലറിയാണ്. അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

∙ ബിന്ദുവിന് മുടിയേറ്റുമായി ബന്ധപ്പെട്ട് ലഭിച്ച പുരസ്കാരങ്ങൾ ഏതെല്ലാമാണ്? 

യുഎസിലെ ഇന്റർനാഷനൽ ഗ്ലോബൽ പീസ് യൂണിവേഴ്സിറ്റിയിൽനിന്ന് 2019 ൽ മുടിയേറ്റിന്റെ പഠനവുമായി ബന്ധപ്പെട്ട് ലഭിച്ച ഡോക്ടറേറ്റ്,കണ്ണൂർ ഫോക്‌ലോർ അക്കാദമി പുരസ്കാരം, തിരുവനന്തപുരം കലാനിധി നൽകിയ .അക്ഷര കനിവ് പുരസ്കാരം, കലാ ശ്രേഷ്ഠ പുരസ്കാരം (സ്നേഹവീട്, കോട്ടയം) 2018 ലെ നാരീ പുരസ്കാർ എന്നിവ ലഭിച്ചിട്ടുണ്ട്.

English Summary: Special Interview With Mudiyettu Artist Bindu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}