ADVERTISEMENT

‘‘മോന് പത്തുമാസമായി. അവനു മുകളിൽ അഞ്ചു വയസ്സുള്ള ഒരു പെൺകുട്ടിയാണ്. ഗർഭിണിയായിരുന്നപ്പോൾത്തന്നെ വല്ലാതെ ദേഷ്യം വരാറുണ്ടായിരുന്നു. അടുക്കള ജോലി, അതിനിടക്ക് വരുന്ന കാലു കടച്ചിൽ, ശ്വാസം മുട്ടൽ, ഭർത്താവിന്റെ കാര്യങ്ങൾ, മൂത്ത കുട്ടിയാണെങ്കിൽ പതിവില്ലാത്ത തരത്തിൽ നിർബന്ധവും വാശിയും. ജീവിതം തന്നെ ഇല്ലാതാക്കണമെന്ന തോന്നലായിരുന്നു. പ്രസവിച്ചു കഴിഞ്ഞും അത് കൂടിയതേയുള്ളൂ. വയറ്റിനുള്ളിലായിരുന്നപ്പോൾ ഇല്ലാത്ത പ്രശ്നങ്ങളാണ് പ്രസവം കഴിഞ്ഞപ്പോഴുണ്ടായത്. മൂത്ത മോളുടെ വാശിയും ഇളയ കുഞ്ഞിന്റെ കരച്ചിലും വിശപ്പും ഒക്കെക്കൂടിയായപ്പോൾ എനിക്കു സഹിക്കാനാവുന്നതിന്റെ അപ്പുറത്തായി. ഞാനാണോ മരിക്കേണ്ടത് അതോ ഈ കൊച്ചിനെ ആണോ കൊല്ലേണ്ടത് എന്നാണ് ആലോചന. ഭർത്താവിനോടു പറയുമ്പോൾ ‘നിനക്കു പ്രാന്താണ്, എന്റെ കൊച്ചിനെ തൊട്ടേക്കരുത്’ എന്ന് പറയും. എന്നാൽ അതിന്റെ കുറച്ചു കാര്യങ്ങൾ ഒന്നു നോക്കൂ എന്നു പറഞ്ഞാൽ ‘എനിക്ക് ജോലിക്ക് പോകണ്ടേ, ഇതൊക്കെ പെണ്ണുങ്ങടെ ജോലിയാ’ എന്നു പറയും. അവനു പത്തു മാസം തികഞ്ഞ അന്ന്, എന്റെ സർവ നിയന്ത്രണവും വിട്ടു. നനഞ്ഞ തുണി കുഞ്ഞുങ്ങളുടെ മുഖത്തിട്ടാൽ മരിച്ചു പോകുമെന്ന് കേട്ടിട്ടുണ്ട്, കയ്യിലിരുന്ന തോർത്ത് നനച്ച് അവന്റെ മുഖത്തിട്ടു. പക്ഷേ എനിക്കത് കണ്ടു നിൽക്കാനാവുന്നില്ലായിരുന്നു. പെട്ടെന്നു മാറ്റി. എന്റെ കുഞ്ഞു... അവനെ എനിക്ക് കൊല്ലാൻ പറ്റില്ല. പക്ഷേ ഇതിങ്ങനെ ഇനിയും പോയാൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും. ഉറപ്പാണ്.’’

ഈയടുത്ത് വീണ്ടും അമ്മയായ ഒരു പെൺകുട്ടി അയച്ച സന്ദേശമാണ്. എത്രമാത്രം മാനസികമായി തകർന്നിട്ടാവും വലിയ പരിചയമില്ലാത്ത ഒരാൾക്ക് ഒരു സ്ത്രീ ഇത്തരമൊരു മെസേജ് അയച്ചിട്ടുണ്ടാവുക! തൊടുപുഴയിൽ നവജാത ശിശുവിനെ അമ്മ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി. അതിനു മുൻപ് ഒരാഴ്ച മുമ്പാണ് കരച്ചിൽ സഹിക്കാൻ പറ്റാതായതോടെ മറ്റൊരമ്മ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത്. ചുറ്റുംനിന്ന് ഒരുപാടു ചോദ്യങ്ങളുണ്ടാവുന്നുണ്ട്, എന്താണ് പുതിയ തലമുറയിലെ അമ്മമാർക്കു സംഭവിക്കുന്നത്? ഒരമ്മ അങ്ങനെയൊക്കെ ചെയ്യുമോ? അവളൊരു ക്രിമിനൽ ആയിരിക്കും എന്നിങ്ങനെയുള്ള വിധികളും കേൾക്കാം. എവിടെയാണു പാളിച്ചയെന്നു മാത്രം ആരും ശ്രദ്ധിക്കുന്നില്ല. 

ലക്ഷ്മി നാരായണൻ എഴുതുന്നു:

‘‘പ്രസവം കഴിഞ്ഞിട്ട് 48 ദിവസം മാത്രം. ഇത്തരം ഒരവസ്ഥയിൽ, പൊടിക്കുഞ്ഞിനെ അമ്മ തന്നെ നോക്കണം എന്നു വാശി പിടിക്കാതെ, അമ്മയ്ക്കും കുഞ്ഞിനും അർഹമായ പരിചരണം നൽകാൻ ആ വീട്ടിൽ വേണ്ടപ്പെട്ടവർ ആരുമില്ലായിരുന്നോ? പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന ഒരു കാര്യമുണ്ട്. വാർത്തയിൽ പറഞ്ഞ അമ്മയ്ക്ക് ആ അവസ്ഥയുണ്ടോ എന്നു പോലും അവർക്ക് ശിക്ഷ വിധിക്കുന്നവർ ചിന്തിക്കുന്നില്ല. മെഡിക്കൽ സയൻസ് അംഗീകരിച്ചാലും പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥയെ മലയാളികൾ അംഗീകരിക്കില്ല. കുഞ്ഞ് നിർത്താതെ കരഞ്ഞു എന്നത് പലർക്കും നിസാരമാണ്. എന്നാൽ ഉറക്കമില്ലാത്ത ഒരു കുഞ്ഞിനെ കൈകാര്യം ചെയ്യേണ്ടി വരുന്നത് അത്ര നിസ്സാരമല്ല. മാനസികമായി ആരോഗ്യവതിയല്ലാത്തപ്പോൾ ഉറക്കം നഷ്ടപ്പെടുന്നത് കൂടുതൽ മോശം അവസ്ഥയിലേക്ക് നയിക്കും. ഈ സമയത്തൊക്കെ കുഞ്ഞിന്റെ അച്ഛൻ ഉൾപ്പെടെയുള്ളവരാണ് കാര്യങ്ങൾ മാനേജ് ചെയ്യേണ്ടത്. പ്രസ്തുത വാർത്തയിൽ കുഞ്ഞു മരണപ്പെട്ടതിൽ ആശങ്കയോ വിഷമമോ ഇല്ലാതെ പറയുന്നതല്ല. ഞാനും 6 മാസം ഗർഭിണിയാണ്. അതിനാൽ അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുന്നു. പ്രസവാനന്തരം സമാധാനപൂർണമായ അന്തരീക്ഷമാണ് അമ്മയ്ക്ക് വേണ്ടത്. അത് നൽകാൻ കുടുംബം ഒന്നടങ്കം ബാധ്യസ്ഥരാണ്.’’

ലക്ഷ്മി പറഞ്ഞ കാര്യങ്ങൾ കൃത്യമാണ്. ഇതിനെപ്പറ്റി ഒരു ഗർഭിണിയെക്കാൾ നന്നായി ആർക്കു സംസാരിക്കാനാകും? തൊടുപുഴയിൽ നടന്ന കൊലപാതകത്തിൽ, കുഞ്ഞു ജനിച്ചതു പോലും പിണങ്ങിയിരുന്ന അവരുടെ ഭർത്താവ് അറിഞ്ഞിരുന്നില്ല. ഒറ്റയ്ക്ക് ഒരു കൊച്ചു കുഞ്ഞിനെയും കൊണ്ട് ഒരു സ്ത്രീ അതിജീവിക്കാൻ പാടുപെടുന്നതിനിടയിൽ പോസ്റ്റ് പാർട്ടം ഡിപ്രഷൻ അവരെ കീഴ്പ്പെടുത്തിയിട്ടുണ്ടാകാം. ഒരു കൊലപാതകവും സാധൂകരിക്കപ്പെടുന്നതല്ല. കൊലയാളി ശിക്ഷ അർഹിക്കുന്നുമുണ്ട്. പക്ഷേ ഇത്തരമൊരു അവസ്ഥയിലേക്ക് സ്ത്രീകളെ കൊണ്ടെത്തിക്കുന്ന സാഹചര്യങ്ങൾ ചർച്ച ചെയ്യപ്പെടുകയും ആ ചർച്ച കൂടുതൽ കുടുംബങ്ങളിലേക്ക് എത്തിക്കുകയും വേണം. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങളിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിലും ഗർഭിണിക്കു പരിചരണം ആവശ്യമാണെന്ന് അവർക്കൊപ്പം നിൽക്കേണ്ട പലർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. തൊടുപുഴയിലെ സാഹചര്യം വ്യത്യസ്തമാണെങ്കിലും, പലപ്പോഴും വീട്ടിൽ ഭർത്താവിന്റെ അമ്മയുൾപ്പെടെ പലരും ഉള്ളപ്പോഴാണ് കുഞ്ഞുങ്ങൾ ഇത്തരത്തിൽ കൊല്ലപ്പെടുന്നത്. 

‘‘ഞങ്ങളും ഒരുപാടു പ്രസവിച്ചിട്ടുണ്ട്. അന്നൊന്നും ഞങ്ങളൊന്നും ഒരു കൊച്ചിനെയും കൊന്നിട്ടില്ലല്ലോ. ഇപ്പൊ എന്താ പെണ്ണുങ്ങക്ക് കൊമ്പുണ്ടോ?’’ ഒരു അമ്മായിയമ്മയുടെ ചോദ്യമാണ്. മക്കളെ പ്രസവിക്കുകയും വളർത്തുകയും ചെയ്ത ഭാഗ്യവതികളായ സ്ത്രീകളിൽ ഒരാളായിരിക്കും അവർ. പക്ഷേ ഓരോ മനുഷ്യനും വൈകാരികമായും ശാരീരികമായും പല അവസ്ഥകൾ പേറുന്നവരാണ്. കഴിക്കുന്ന ഭക്ഷണം, ജനിച്ചു വളരുന്ന സാഹചര്യം, മനോഭാവം തുടങ്ങി ഒരുപാടു കാര്യങ്ങൾ ഇതിൽ ഘടകമാണ്. ഗർഭിണിയായിരിക്കുമ്പോഴും അമ്മയാകുമ്പോഴും ഹോർമോൺ വ്യത്യാസങ്ങൾ കൂടി ഉണ്ടാകുന്നതോടെ മാനസികാവസ്ഥയിൽ മാറ്റങ്ങളുണ്ടാകും. ‘എനിക്കു സംഭവിച്ചില്ല’ എന്നതിന്റെ അർഥം അത് മറ്റൊരാൾക്കു സംഭവിക്കാൻ സാധ്യതയില്ല എന്നല്ല.

നവ അമ്മമാർക്ക‌ു വേണ്ടത് കുടുംബത്തിന്റെ പിന്തുണയാണ്. പ്രസവാനന്തരമുള്ള അസ്വസ്ഥതകൾ‌, ശാരീരിക പ്രശ്നങ്ങൾ, കുഞ്ഞിന്റെ ഉത്തരവാദിത്തം, അതിന്റെ ഉറക്കമില്ലായ്മ, കരച്ചിൽ തുടങ്ങിയവയെല്ലാം ഒരുമിച്ചു കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ അവരുടെ താളം തെറ്റും. ഇവിടെ ചെയ്യാനുള്ളത് കുടുംബത്തിലെ മറ്റുള്ളവർക്കാണ്. പ്രസവിച്ചു എന്ന് കരുതി കുഞ്ഞിന്റെ മുഴുവൻ ഉത്തരവാദിത്തവും അമ്മയുടേതല്ല. അത് പങ്കു വയ്ക്കപ്പെടേണ്ടതാണ്. അമ്മയ്ക്കുള്ളത്ര ഉത്തരവാദിത്തം കുഞ്ഞിന്റെ പിതാവിനുമുണ്ട്. അയാളുടെ മറ്റു ജോലികൾ അതിനൊരു തടസ്സമേയല്ല. വീട്ടിലുള്ളപ്പോൾ അവർക്കു വേണ്ട പരിചരണം നൽകേണ്ടത് പിതാവിന്റെ ഉത്തരവാദിത്തമാണ്. കരയുമ്പോൾ എടുക്കാനും മൂത്രത്തുണി മാറ്റാനും രാത്രിയിൽ അമ്മയ്ക്ക് ഉറങ്ങാൻ അവസരമുണ്ടാക്കാനുമൊക്കെ അച്ഛനും സഹായിക്കാം. 

അതുപോലെ തന്നെയാണ് കുടുംബത്തിലെ മറ്റുള്ളവരും. കുഞ്ഞുണ്ടാവുക, അതിനെ പരിപാലിച്ച് വളർത്തിയെടുക്കുക എന്നത് സ്ത്രീകളുടെയോ അമ്മയുടേയോ മാത്രം ഉത്തരവാദിത്തമല്ലെന്ന് എല്ലാവരും മനസ്സിലാക്കണം. ആദ്യം അതു തിരിച്ചറിയേണ്ടത് അമ്മമാർ തന്നെയാണ്. കുട്ടിയുടെ കാര്യങ്ങൾ താൻ ചെയ്താലേ ശരിയാകൂ എന്നു ചിന്തിക്കുന്ന അമ്മമാരും കുറവല്ല. കുട്ടികളെ വളർത്തുക എന്നത് കൂട്ടുത്തരവാദിത്തമാണ്. അത് പങ്കു വയ്ക്കപ്പെടുക തന്നെ വേണം.

English Summary: Postpartum Depression Experience Of Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com