പ്രക്ഷോഭകരെ പിന്തുണച്ച യുവതിക്കെതിരെ കടുത്ത നടപടിയുമായി ശ്രീലങ്കൻ സർക്കാർ; ഓഗസ്റ്റ് 15നു മുൻപ് രാജ്യം വിടണം

srilanka1
Image Credit∙ Kayleigh Fraser/Instagram
SHARE

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ സോഷ്യല്‍മീഡിയയില്‍ പിന്തുണച്ച ബ്രിട്ടീഷ് യുവതിക്കെതിരെ കടുത്ത നടപടിയുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. ബ്രിട്ടീഷുകാരി കെയ്‌ലി ഫ്രേസറുടെ വിസ റദ്ദാക്കിയ അധികൃതര്‍ ഓഗസ്റ്റ് 15ന് മുമ്പായി രാജ്യം വിടണമെന്നും ഉത്തരവിട്ടു. ശ്രീലങ്കയില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ചതാണ് ലങ്കന്‍ അധികൃതരെ പ്രകോപിപ്പിച്ചത്. 

ശ്രീലങ്കയിലെ ഇമിഗ്രേഷന്‍ ആന്റ് എമിഗ്രേഷന്‍ വകുപ്പ് കെയ്‌ലി ഫ്രേസിയറുടെ പാസ്‌പോര്‍ട്ട് ഓഗസ്റ്റ് രണ്ടിന് വിശദ പരിശോധനക്കായി പിടിച്ചെടുത്തിരുന്നു. വിസ ചട്ടങ്ങള്‍ അവര്‍ ലംഘിച്ചോ എന്ന പരിശോധനക്കായാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുന്നതെന്നായിരുന്നു നല്‍കിയ വിശദീകരണം. വിശദമായ പരിശോധനക്കൊടുവില്‍ ശ്രീലങ്കയില്‍ കെയ്‌ലി ഫ്രേസിയര്‍ താമസിച്ച സമയത്തുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അവര്‍ പിന്തുണ നല്‍കിയതായും സോഷ്യല്‍മീഡിയ വഴി ഈ പ്രക്ഷോഭങ്ങളെ പ്രചരിപ്പിച്ചതായും കണ്ടെത്തുകയായിരുന്നു. 

ചികിത്സാ സംബന്ധിയായ ആവശ്യത്തിനായാണ് കെയ്‌ലി ഫ്രേസിയര്‍ ശ്രീലങ്കയിലെത്തിയത്. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണത്തിന്റെ ഭാഗമായി ശ്രീലങ്കയിലെ ഇമിഗ്രേഷന്‍ ആന്റ് എമിഗ്രേഷന്‍ ഓഫീസില്‍ ഹാജരാവാനും ബ്രിട്ടീഷ് യുവതിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ മുന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെക്കെതിരെ നടന്ന 'GotaGoHome' പ്രക്ഷോഭത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഫ്രേസിയര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരുന്നു. ഈ സംഭവത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇവരുടെ വിസ റദ്ദാക്കാനും ഓഗസ്റ്റ് 15ന് മുമ്പായി രാജ്യം വിടാനും നിര്‍ദേശിക്കുകയായിരുന്നു. 

രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നട്ടം തിരിയുകയാണ് നശ്രീലങ്ക. രാജ്യ വ്യാപക പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെക്കും ഇളയ സഹോദരനും ലങ്കന്‍ പ്രസിഡന്റുമായിരുന്ന ഗോട്ടബയ രാജപക്‌സെക്കും സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ലങ്കയെ ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചതിന് പിന്നില്‍ രാജപക്‌സെ കുടുംബത്തിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നാണ് പ്രക്ഷോഭകരുടെ ആരോപണം.

കൊളംബോയിലെ ഗല്ലെ ഫേസായിരുന്നു ഏപ്രില്‍ ഒമ്പത് മുതല്‍ പ്രക്ഷോഭകരുടെ കേന്ദ്രം. പ്രസിഡന്റിന്റെ രാജിക്കു ശേഷം കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇവിടുത്തെ പ്രക്ഷോഭം ഔദ്യോഗികമായി അവസാനിപ്പിച്ചത്. ഗോട്ട ഗ്രാമത്തിലേക്ക് മടങ്ങൂ എന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഇവിടെ നിന്നുള്ള പ്രക്ഷോഭത്തിന്റെ ചിത്രങ്ങളാണ് കെയ്‌ലി ഫ്രേസര്‍ ഇന്‍സ്റ്റയില്‍ പോസ്റ്റു ചെയ്തിരുന്നത്.

English Summary: British Instagrammer Asked To Leave Sri Lanka For Backing Protesters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}