ADVERTISEMENT

അഫ്ഗാനിസ്ഥാനിലെ ഭരണം വീണ്ടും താലിബാന്റെ കൈപിടിയിലായിട്ട് ഓഗസ്റ്റ് 15ന് ഒരു വര്‍ഷം പൂര്‍ത്തിയായി. ലിംഗ-വര്‍ണ്ണ വിവേചനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്ന അഫ്ഗാന്‍ ജനതയെ കുറിച്ച് തികച്ചും ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിലെ വിദ്യാര്‍ത്ഥികളും മുന്‍ പൊലീസുകാരിയും കലാകാരിയും അടക്കം വിവിധ മേഖലകളിലെ സ്ത്രീകളുടെ ദുരനുഭവങ്ങളെക്കുറിച്ച് വാര്‍ത്താ ഏജന്‍സി റുക്ഷാന റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരുവര്‍ഷം മുമ്പ് അമേരിക്കയും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പിന്മാറിയതോടെയാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും പിടിമുറുക്കിയത്. അതിനുശേഷം സ്ത്രീകളുടെ ജീവിതം ദുസ്സഹമാവുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ വെട്ടിചുരുക്കുകയും സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്ന നടപടികളാണ് താലിബാന്‍ അവിടെ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുക, അവരെ ജോലിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങി പല തരം അടിച്ചമര്‍ത്തലുകള്‍ താലിബാന്‍ നടത്തുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി അഫ്ഗാനിസ്ഥാനിലെ പല വിഭാഗത്തിൽപ്പെട്ട സ്ത്രീകളുമായി സംസാരിക്കാനും അവരുടെ അനുഭവങ്ങള്‍ അടുത്തറിയാനും റുക്ഷാന വാര്‍ത്താ ഏജന്‍സി ശ്രമിച്ചിരുന്നു. താലിബാന്‍ ഭരണത്തിനുകീഴിലുളള സ്വന്തം ജീവിതത്തെ കുറിച്ചുള്ള ആശങ്കകള്‍ ആ സ്ത്രീകള്‍ തന്നെ തുറന്നു പറയുന്നു...

 

ഹിജാബെന്ന ഊരാക്കുടുക്ക്

കാബൂളില്‍ സ്വന്തം വീട്ടിലേയ്ക്ക് പോകുന്ന വഴി വിജനമായ ഒരിടത്തുവെച്ചാണ് താലിബാന്‍ സൈനികര്‍ സമാനയെ തടഞ്ഞുനിര്‍ത്തിയത്. 'അവര്‍ രണ്ടുപേരുണ്ടായിരുന്നു, തോളില്‍ തോക്കുമുണ്ടായിരുന്നു. വേശ്യയായതുകൊണ്ടാണ് തലമറക്കാത്തതെന്ന് അവര്‍ ആക്രോശിച്ചു. ഹിജാബ് ധരിക്കാത്തതെന്താണെന്ന് ചോദിച്ച് മുഖത്തിനുനേരെ തോക്കുചൂണ്ടി. അതില്‍ ഒരാളുടെ വിരല്‍ ട്രിഗറിലായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ പേടിച്ച് തലതാഴ്ത്തികൊണ്ട് ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു. വീട്ടിലെത്തിയിട്ട് പേടികൊണ്ടും സങ്കടം കൊണ്ടും വിറക്കുകയായിരുന്നു. ഒരു മണിക്കൂറോളം ഞാന്‍ കരഞ്ഞു. ഇതിനേക്കാള്‍ വലുത് പലതും ഇനിയും വരാനുണ്ടെന്ന മുന്നറിയിപ്പായിരുന്നു അത്. അതിനുശേഷം വിഷാദരോഗിയായി മാറി. ഇപ്പോള്‍ അലമാരയിലെ നിറമുളള വസ്ത്രങ്ങള്‍ നോക്കാന്‍പോലും എനിക്കാവുന്നില്ല. അതെല്ലാം എന്റെ ജീവിതത്തില്‍ നിന്നും നഷ്ടമായിരിക്കുന്നു' സമാന പറയുന്നു. പടിഞ്ഞാറന്‍ കാബൂളിലെ സുഹ്‌റയ്ക്കുമുണ്ടായി സമാനമായ ഒരു അനുഭവം. ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമാക്കിയശേഷം ഒരിക്കല്‍ പൊതു ഇടത്തില്‍വെച്ച് താലിബാനികള്‍ സുഹ്‌റയെ തടഞ്ഞുനിര്‍ത്തി. എന്തുകൊണ്ട് ഹിജാബ് ധരിച്ചില്ലെന്ന് അവര്‍ ചോദ്യം ചെയ്തു. താലിബാന്റെ ഉത്തരവുകള്‍ പിന്തുടരാന്‍ താത്പര്യമില്ലെങ്കിലും അവര്‍ എത്രയും പെട്ടെന്ന് വിട്ടയയ്ക്കുമെന്ന പ്രതീക്ഷയില്‍ സുഹ്‌റ അവരോട് മാപ്പുപറഞ്ഞു. എന്നിട്ടും ആ താലിബാന്‍ സൈനികര്‍ സുഹ്‌റയ്‌ക്കൊപ്പം വീട്ടിലേയ്ക്ക് വരികയും ഇനി സുഹ്‌റയെ പൊതു ഇടത്തില്‍ ഹിജാബ് ധരിക്കാതെ കണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന് വീട്ടുകാരോട് മുന്നറിയിപ്പ് നല്‍കുകയുമാണുണ്ടായത്. അതിനുശേഷം സുഹ്‌റയെയും അവളുടെ സഹോദരങ്ങളെയും വളരെ ചുരുക്കം മാത്രമേ പിതാവ് പുറത്തുപോവാന്‍ അനുവദിക്കാറുളളു. തനിക്ക് യൂണിവേഴ്സിറ്റിയില്‍ പോവാന്‍ പോലും അനുവാദമില്ലെന്നും സുഹ്‌റ പറയുന്നു.

 

ആണും പെണ്ണും ഒന്നിച്ചു യാത്ര ചെയ്താല്‍

ഇക്കഴിഞ്ഞ ജൂണിലാണ് കാബൂളിലെ സര്‍ലാഷെന്ന പെണ്‍കുട്ടി സഹോദരന്റെ ഒപ്പം യാത്രചെയ്തത്. യാത്രക്കിടെ ഒരു ചെക്ക് പോയന്റില്‍ വെച്ച് താലിബാന്‍കാര്‍ അവരെ തടഞ്ഞു നിര്‍ത്തി. പിന്നീട് അവര്‍ തമ്മിലുളള ബന്ധം അറിയാനായിട്ട് പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തു. അതിനുശേഷം തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ പറഞ്ഞു. കാര്‍ഡ് കയ്യില്‍ കരുതാറില്ലെന്ന് പറഞ്ഞ സഹോദരനെ കൂട്ടത്തിലൊരു താലിബാനി തോക്ക് വെച്ച് ഇടിക്കുകയും വെടിവെയ്ക്കുമെന്ന രീതിയില്‍ ഭയപ്പെടുത്തുകയും ചെയ്തു. അതിനുശേഷം ഏതാണ്ട് രണ്ടു മണിക്കൂറോളം ഇരുവരെയും അവിടെ പിടിച്ചു നിര്‍ത്തി. വീട്ടില്‍ നിന്ന് തിരിച്ചറിയല്‍ രേഖയുമായി വന്നിട്ടാണ് പോകാന്‍ അനുവദിച്ചതെന്നും സര്‍ലാഷ് പറയുന്നു. അതിനുശേഷം സര്‍ലാഷിന് വീട്ടില്‍ നിന്ന് പുറത്തുപോവാന്‍ തന്നെ പേടിയാണ്.

 

life-for-afghan-women-one-year-after-the-taliban-took-power1
പ്രതീകാത്മക ചിത്രം. Image Credit: kursat-bayhan/Shutterstock

ബാമിയാന്‍ പ്രവിശ്യ

സര്‍വകലാശാലയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പെട്ടതല്ലെങ്കിലും നിര്‍ബന്ധിതമായി കറുത്ത ഹിജാബ് ധരിച്ചുമാത്രമേ കോളജിലേക്ക് കടത്തിവിടാറുളളൂ എന്നാണ് വിദ്യാര്‍ത്ഥിനിയായ സാബിറ പറയുന്നത്. ബാമിയന്‍ പ്രവിശ്യയിലെ താമസക്കാരിയാണ് സാബിറ. സര്‍വകലാശാലയിലെ മിക്ക ചുമരുകളിലും വാതിലുകളിലും ഹിജാബ് നിര്‍ബന്ധമാക്കികൊണ്ടുള്ള നോട്ടീസ് കാണാം. മാത്രമല്ല ഓരോ വിദ്യാര്‍ത്ഥിനിയും നിരന്തരമായ നിരീക്ഷണത്തിലായിരിക്കുമെന്നും സാബിറ പറയുന്നു. ബാമിയാനിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇത്തരത്തില്‍ നിര്‍ബന്ധിതമായി ഹിജാബ് വെച്ച് ജീവിക്കേണ്ടിവരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും സാബിറ കൂട്ടിച്ചേര്‍ക്കുന്നു

 

ഇസ്ലാമിക് സ്‌റ്റേറ്റ് ആക്രമണം - അബ്ബാസി വെസ്റ്റ് കാബൂള്‍

സുഹൃത്തിനൊപ്പം വെസ്റ്റ് കാബൂളിലെ ഹസാര ഷിയയിലേയ്ക്ക് പോവുകയായിരുന്നു അബ്ബാസി. പെട്ടെന്നാണ് ഒരു പൊട്ടിത്തെറിയും തീയുംപുകയും അലറിക്കരച്ചിലുമെല്ലാം കേട്ടത്. പിന്നീട് കാണുന്നത് അബ്ബാസിയും സുഹൃത്തും ഒരു കൂട്ടക്കൊലക്ക് നടുവില്‍ നില്‍ക്കുന്നതാണ്. അവര്‍ സഞ്ചരിച്ച ബസ് ഐ.എസ് ഭീകരര്‍ ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നു. നിരവധിപേരാണ് ആ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അബ്ബാസിയുടെ കാലിനും നെഞ്ചിനും പരിക്കുപറ്റി സുഹൃത്തിന്റെ കാലിനും സാരമായി പരിക്കേറ്റു. താലിബാന്റെ ഭരണത്തിനുകീഴിലും വളരെ ധൈര്യപൂര്‍വം ജോലിചെയ്ത് സ്വന്തം കാലില്‍ ജീവിക്കുകയായിരുന്നു അബ്ബാസി. എന്നാല്‍ ഈ സംഭവത്തോടെ അബ്ബാസി ആകെ തളര്‍ന്നുപോയി. ഇതിനകെ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് വിധേയനാവേണ്ടി വന്നു. സ്വന്തമായി ഒന്ന് ബാത്‌റൂമില്‍ പോവാനോ ഒറ്റയ്ക്ക് വസ്ത്രം ധരിക്കാനോ പോലും ഇന്ന് അബ്ബാസിക്കാവില്ല. ശാരീരിക ബുദ്ധിമുട്ടുകളേക്കാള്‍ മാനസിക വേദനകളാണ് ആഴത്തില്‍ വേദനിപ്പിക്കുന്നതെന്നാണ് അബ്ബാസി പറയുന്നത്.  ഉറങ്ങുമ്പോള്‍ പോലും ബോംബു സ്‌ഫോടനവും  അലറികരിച്ചിലുകളും മുന്നില്‍ വീണ്ടും വീണ്ടും തെളിഞ്ഞുവരുമെന്നും അബ്ബാസി വേദനയോടെ പറയുന്നു.

 

വിധവകളുടെ ദുരിതജീവിതം

അഞ്ചു വര്‍ഷം മുന്‍പ്, അതായത് താലിബാന്‍ ഭരണം ഏറ്റെടുക്കും മുന്‍പ് ഒരു വ്യോമാക്രമണത്തിലാണ് കാണ്ഡഹാറിലെ സക്കീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടത്. അതിനുശേഷം തെരുവില്‍ ഭക്ഷണം വിറ്റാണ് സക്കീന ജീവിക്കുന്നതും മക്കളെ വളര്‍ത്തുന്നതും. ഇപ്പോള്‍ സക്കീനയ്ക്ക് ജോലിക്ക് പോകാന്‍ അനുവാദമില്ല. പകരം സക്കീനയെപോലുളള വിധവകള്‍ക്ക് താലിബാന്‍ ഒരു കാര്‍ഡ് നല്‍കിയിരിക്കുകയാണ്. അതുപ്രകാരം ഒരു ചാക്ക് ഗോതമ്പ്, മൂന്ന് ലിറ്റര്‍ പാചകഎണ്ണ, 1,000 അഫ്ഗാനി പൈസ എന്നിവ എല്ലാ മൂന്ന് മാസം കൂടുമ്പോഴും ലഭിക്കും. സക്കീന ജീവിക്കുന്നത് വേറെ മൂന്ന് വിധവകളും അവരുടെ മക്കളും ഒക്കെയുളള കുടുംബത്തിനൊപ്പമാണ്. വീട്ടുവാടകയായ 40,000 അഫ്ഗാനി പോലും സക്കീനക്ക് നല്‍കാനാവുന്നില്ല. ജോലിയ്ക്ക് പോവാന്‍ സാധിച്ചില്ലെങ്കില്‍ പട്ടിണികിടന്ന് മരിക്കുമെന്ന് ഭയപ്പെടുകയാണ് സക്കീനയും കുടുംബവും.

 

അന്ന് പൊലീസുകാരി, ഇന്ന് ഭിക്ഷാടക

മുന്‍ പൊലീസ് ഉദ്യോഗസ്ഥയായിരുന്ന മറിയത്തിന് ഇതിലും യാതനകള്‍ നിറഞ്ഞ കഥകളാണ് പറയാനുണ്ടായിരുന്നത്. ഭര്‍ത്താവ് മരിച്ചതിനുശേഷം രണ്ട് പെണ്‍മക്കളെ മറിയം വളര്‍ത്തിയത് ഈ ജോലികൊണ്ടാണ്. താലിബാന്‍ വന്നതോടെ മറിയത്തിന് ജോലി നഷ്ടമായി. മാത്രമല്ല സെക്യൂരിറ്റി സര്‍വീസുകളില്‍ ജോലിചെയ്ത സ്ത്രീകളെ താലിബാന്‍ വേട്ടയാടികൊണ്ടിരിക്കുകയാണെന്നും മറിയം പറയുന്നു.

കഴിഞ്ഞ ഏഴ് മാസമായി തെരുവുകളില്‍ ഭിക്ഷയാചിച്ചാണ് മറിയം ജീവിക്കുന്നത്. ആരും എന്നെ തിരിച്ചറിയാതിരിക്കാന്‍ രാവിലെ മുതല്‍ നേരമിരുട്ടും വരെ തെരുവില്‍ ബുര്‍ഖ ധരിച്ചാണ് ഇരിക്കാറെന്നും മറിയം പറയുന്നു. തനിയ്ക്കുണ്ടായ ഒരു അനുഭവവും മറിയം പങ്കുവെയ്ക്കുന്നുണ്ട്. ഒരിക്കല്‍ ഭിക്ഷയാചിച്ച് ഇരിക്കുമ്പോള്‍ രണ്ട് ആണ്‍കുട്ടികള്‍ മറിയത്തിന് നേരെ ചില്ലറ എറിഞ്ഞിട്ട് അവളൊരു വേശ്യയാണെന്ന് പറഞ്ഞു.  അന്ന് വീട്ടിലെത്തി താന്‍ ഒരുപാട് കരഞ്ഞെന്നും മറിയം പറയുന്നു.

 

പ്രതീക്ഷ കൈവിടാതെ പുതുതലമുറ

അതേസമയം കടുത്ത വിഷമങ്ങള്‍ക്കിടയിലും ജീവിക്കാനുളള വഴികളും പ്രതീക്ഷകളും തേടുകയാണ് അഫ്ഗാനിസ്ഥാനിലെ പുതുതലമുറ. സ്‌കൂളില്‍ പോകാനാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കടുത്ത വിഷാദത്തിന്റെ വക്കിലായിരുന്നു മാഹി ലിഖയെന്ന പതിനാല് വയസുകാരി. വീട്ടിലെ കാര്യങ്ങള്‍ ചെയ്യാനോ പഠിക്കാനോ ഒന്നും അവള്‍ക്ക് ഒട്ടും താത്പര്യം തോന്നിയിരുന്നില്ല. എന്നിരുന്നാലും നല്ല ഒരു നാളെ എന്ന പ്രതീക്ഷ അവള്‍ മുറുകെ പിടിച്ചിരുന്നു. അത് ആര്‍ത്തിച്ച് മനസിലുറപ്പിച്ചുകൊണ്ടിരിക്കുന്നു മാഹി ലിഖ. സ്‌കൂളില്‍ പോയില്ലെങ്കിലും പഠനം തുടരണമെന്നും അവള്‍ക്ക് ആഗ്രഹമുണ്ടായി. ഇപ്പോള്‍ വീട്ടിലിരുന്ന് സ്വയം ഇംഗ്ലീഷ് പഠിക്കുകയാണ് മാഹി ലിഖ. സ്‌കോളര്‍ഷിപ്പ് വഴി എവിടെയങ്കിലും പോയി കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കണമെന്നാണ് അവളുടെ ഇപ്പോഴത്തെ ആഗ്രഹം. ഈ നിയന്ത്രണങ്ങള്‍ക്കിടയിലും താന്‍ ജീവിതത്തില്‍ പലതും നേടാനായി പരിശ്രമിക്കുകയാണെന്ന് മാഹി ലിഖ പ്രതീക്ഷയോടെ പറയുന്നു. സമീറയെന്ന പതിനെട്ട് കാരിക്കും പഠനം വഴിമുട്ടിയ കഥയാണ് പറയാനുളളത്. എന്നാല്‍ സ്വന്തം പരിശ്രമത്തിലൂടെ അവള്‍ ജീവിക്കാന്‍ മറ്റൊരു വഴി കണ്ടെത്തിയിരിക്കുകയാണ്. 'ഞാന്‍ ശരിക്കും 12ാം ക്ലാസ്സിലാണ് എത്തേണ്ടത്. എന്നാല്‍ സ്‌കൂളില്‍ പോവാന്‍ അനുവാദമില്ലല്ലോ. താലിബാന്‍ ഭരണത്തിനുശേഷം ഞാന്‍ വെല്ലുവിളികളെ അവസരങ്ങളായി മാറ്റാനുളള ശ്രമത്തിലാണ്. മുത്തുകളും തുണികളും പോലുളള സാധനങ്ങള്‍ ഞാന്‍ മൊത്തമായി വാങ്ങി അടുത്തുളള സ്ത്രീകള്‍ക്ക് ചില്ലറവില്‍പന നടത്തുന്നുണ്ട്. ഇങ്ങനെ കുറച്ച് പണമുണ്ടാക്കിയിട്ടുണ്ട് ഞാന്‍. അതെല്ലാം കൂട്ടിവെച്ച് സ്വന്തമായി ഒരു കട തുടങ്ങണമെന്നുണ്ട്. എന്റെ കുടുംബത്തെ ഈ പ്രതിസന്ധിയില്‍ സഹായിക്കാന്‍ പറ്റുന്നതില്‍ അഭിമാനമുണ്ട്' കാലത്തിനൊപ്പം ജീവിക്കാന്‍ പഠിച്ച സമീറയെന്ന കൊച്ചുമിടുക്കി പറയുന്നു.

 

കലാകാരികളുടെ ദുരിതം

അഫ്ഗാനിലെ കലാകാരികളുടെ ജീവിതവും ഒട്ടും വ്യത്യസ്തമല്ല. അവസരങ്ങളും വരുമാനവും മാത്രമല്ല സ്വാതന്ത്ര്യം പോലും ഇപ്പോള്‍ ഇവര്‍ക്കില്ല. ഹേറത്തെന്ന പ്രദേശത്തെ ഒരു മരത്തില്‍ കൊത്തുപണിചെയ്യുന്ന കലാകാരിയാണ് കത്തേര. ഹേറത്തിലെ ആകെയുളള സ്ത്രീ കൊത്തുപണിക്കാരികൂടിയാണ് കത്തേര. ആയിരത്തിലേറെ കരകൗശല വസ്തുക്കളാണ് അവര്‍ ഉണ്ടാക്കിയിട്ടുളളത്. താലിബാന്‍ വന്നതിനുശേഷം കലയെന്നത് ഒരു അപകടകരമായ ജോലിയായി മാറിയിരിക്കുകയാണവിടെയെന്നാണ് കത്തേര പറയുന്നത്. മുഖങ്ങളും രൂപങ്ങളും നിര്‍മ്മിച്ചിരുന്ന താനിപ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെ വാക്യങ്ങള്‍ മാത്രമാണ് മരത്തില്‍ ആലേഖനം ചെയ്യുന്നത്. ജീവിക്കാനായി കലയെ മറന്ന് ജോലിചയ്യുകയാണ്. മുന്‍പ് കൊത്തുപണിചെയ്യുന്ന മുറിയില്‍ മണിക്കൂറുകളോളം ചിലവഴിച്ചിരുന്ന കത്തേര ഇപ്പോള്‍ ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ പൊടിതട്ടാനായി മാത്രമാണ് ആ മുറിയില്‍ പോവുന്നത്. തന്റെ പല ഉപകരണങ്ങളും ലേലത്തില്‍ വിറ്റുവെന്നും കത്തേര പറയുന്നു. അതേസമയം കൂട്ടുകാരും ഇറാനിലെ കത്തേരയുടെ ഉപഭോക്താക്കളും പറയുന്നത് അഫ്ഗാനിസ്ഥാന്‍ വിടാനാണ്. എന്നാല്‍ എന്നെങ്കിലും സാഹചര്യങ്ങള്‍ മാറുമെന്ന പ്രതീക്ഷയില്‍ അഫ്ഗാനിസ്ഥാനില്‍ തന്നെ കഴിയാനാണ് കത്തേരക്കിഷ്ടം.

 

പ്രതീക്ഷ നല്‍കുന്ന വനിതകളുടെ ബുക്ക് ക്ലബ്

ഇരുള്‍നിറഞ്ഞ വഴികളില്‍ ഒട്ടും പ്രതീക്ഷയ്ക്ക് വഴിയില്ലാതെ നില്‍ക്കുമ്പോള്‍ മിക്കപ്പോഴും വഴികാട്ടിയായി കൂട്ടുവരിക പുസ്തകളായിരിക്കും. ആ വഴിയേ സഞ്ചരിക്കുന്ന സ്ത്രീകളെയും റുക്ഷാന മീഡിയ പരിചയപ്പെടുത്തുന്നുണ്ട്. കവികളും എഴുത്തുകാരും ഉളള കുടുംബത്തില്‍ നിന്നാണ് ബഹ്‌റ. ഹേറേത്തുകാരിയായ ബഹ്‌റ ബിരുദാനന്തര ബിരുദധാരിയാണ്. താലിബാന്‍ വന്നതിനു രണ്ട് മാസത്തിനുശേഷമാണ് ബഹ്‌റയും നാല് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ബുക്ക് ക്ലബ് തുടങ്ങുന്നത്. ജര്‍മന്‍ എഴുത്തുകാരനായ ഹെന്റിച്ച് ബോളിന്റെ 1963ല്‍ പുറത്തിറങ്ങിയ ദി ക്ലൗണ്‍ എന്ന നോവലായിരുന്നു ബുക്ക് ക്ലബില്‍ വായനക്കും ചര്‍ച്ചയ്ക്കുമായി അവര്‍ തിരഞ്ഞടുത്തത്. വളരെ രഹസ്യമായാണ് ബുക്ക് ക്ലബ്ബിന്റെ ചര്‍ച്ചകള്‍ നടത്തിയിരുന്നതെങ്കിലും മറ്റുളളവര്‍ വൈകാതെ അത് മനസിലാക്കുകയും നിരവധിപേര്‍ അംഗത്വമെടുക്കുകയും ചെയ്തു. ഇപ്പോള്‍ ക്ലബില്‍ 40 അംഗങ്ങളുണ്ടെന്നും ബഹ്‌റ പറയുന്നു. ടെലഗ്രാമിലൂടെയാണ് ബുക്ക് ക്ലബിന്റെ ചര്‍ച്ചകള്‍. സാഹിത്യ ചര്‍ച്ചകള്‍ക്കായി തങ്ങളില്‍ ചിലര്‍ രണ്ടാഴ്ച കൂടുമ്പോള്‍ നേരില്‍ കാണാന്‍ ശ്രമിക്കാറുണ്ടെന്നും ബഹ്‌റ. അതേസമയം സ്ത്രീകളെ കുറിച്ചും ഇപ്പോള്‍ തങ്ങള്‍ അനുഭവിക്കുന്നതിനുസമാനമായി ലോകത്തുണ്ടായ ചരിത്രസംഭവങ്ങളെകുറിച്ചും അതിനെ അതിജീവിച്ചവരുടെ അനുഭവങ്ങളും മറ്റ് ചരിത്ര പുസ്തകങ്ങളും വായനയില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന ആഗ്രഹത്തിലാണ് ബഹ്‌റ. ഹേറേത്തിലെ സ്ത്രീകളെ ജീവസ്സുളളതാക്കി നിര്‍ത്തുന്നതില്‍ ഈ ബുക്ക് ക്ലബ്ബിനും പങ്കുണ്ടെന്നും അവര്‍ കരുതുന്നു.

 

 

English Summary: ‘I was a policewoman. Now I beg in the street’: life for Afghan women one year after the Taliban took power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com