ADVERTISEMENT

ആള്‍ക്കൂട്ടത്തിന്റെ കയ്യടി ലഭിക്കാവുന്ന പല കാര്യങ്ങളും നമ്മുടെ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. അതില്‍ പലതും ആരും അറിയാതെ പോവുകയാണ് പതിവ്. എന്നാല്‍ സ്തനാര്‍ബുദത്തെ തോല്‍പിച്ച വലേറി ജോണ്‍സിന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചത്. ഹവായിലേക്ക് പോവാനായി വിമാനത്തില്‍ കയറിയ വലേറിയെ ആദ്യം ഞെട്ടിച്ചത് പൈലറ്റിന്റെ അനൗണ്‍സ്‌മെന്റായിരുന്നു. പിന്നീട് തിരപോലെ ആര്‍ത്ത കയ്യടികളും ആര്‍പ്പുവിളികളുമായി സഹയാത്രികരും വലേറിയില്‍ സ്‌നേഹം പൊതിഞ്ഞു. 

മൂന്നു പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായ വലേറി ജോണ്‍സിന്റെ സാധാരണ യാത്രയായി മാറുമായിരുന്നു ആ വിമാനയാത്രയും. എന്നാല്‍ സ്തനാര്‍ബുദത്തെ തോല്‍പിച്ച വലേറിയുടെ മനക്കരുത്തിനെ പരസ്യമായി അഭിനന്ദിക്കാന്‍ വിമാനത്തിന്റെ പൈലറ്റ് തീരുമാനിച്ചതോടെ ആ യാത്ര വലേറിയുടെ ജീവിതത്തിലെ മറക്കാനാവാത്ത യാത്രയായി മാറുകയായിരുന്നു. 

ഇന്‍സ്റ്റഗ്രാമിലെ വര്‍ത്ത്ഫീഡ് എന്ന പേജിലാണ് വലേറി ജോണ്‍സിന്റെ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തില്‍ പൈലറ്റിന്റെ അനൗണ്‍സ്‌മെന്റോടെയാണ് വീഡിയോ തുടങ്ങുന്നത്. നമ്മുടെ വിമാനത്തിലുള്ള വളരെ സ്‌പെഷ്യലായ അതിഥിക്ക് പ്രത്യേകം സ്വാഗതമെന്ന് പൈലറ്റ് പറയുമ്പോള്‍, അതാരാ... എന്ന ഭാവത്തില്‍ നോക്കുന്ന വലേറിയെ കാണാം. ഹവായിലേക്ക് യാത്ര തിരിക്കുന്ന അവര്‍ സ്തനാര്‍ബുദത്തെ തോല്‍പിച്ചിരിക്കുകയാണെന്ന് കൂട്ടിച്ചേര്‍ക്കുന്നതോടെയാണ് പൈലറ്റ് പറയുന്നത് തന്നെ തന്നെയാണെന്ന് അവര്‍ തിരിച്ചറിയുന്നത്. 

ഇത്രയുമാവുമ്പോഴേക്കും സഹയാത്രികര്‍ എല്ലാവരും തന്നെ കയ്യടികളുമായി കൂടിച്ചേരുന്നുണ്ട്. 'പോരാടിയ അവര്‍ ഇപ്പോള്‍ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നും പുറത്തുവന്നിരിക്കുന്നു. നമ്മള്‍ ഇവിടെ വലിയൊരു കുടുംബമാണ്. നമുക്ക് പരസ്പരം താങ്ങുകളാവാം. എല്ലാവര്‍ക്കും സ്വാഗതം' എന്നു കൂടി പൈലറ്റ് പറയുമ്പോഴേക്കും വിമാനത്തിന്റെ ഉള്‍ഭാഗം കയ്യടികളാലും ആര്‍പുവിളികളാലും നിറയുന്നു. ഇതോടെ വലേറി കണ്ണീടരടക്കാന്‍ പാടുപെടുന്നതും വിഡിയോയില്‍ കാണാം.

English Summary: Pilot's heartwarming announcement for passenger who beat breast cancer is viral.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com