ADVERTISEMENT

എവിടെയോ യാത്ര പോകുമ്പോഴാണ് ആകസ്മികമായി ആ ദൃശ്യം കാണുന്നത്. ഗ്രാമ പ്രദേശമാണ്, സോപ്പുപെട്ടികൾ അടുക്കി വച്ചതു പോലെ എണ്ണമറ്റ വീടുകളാണ് നിരത്തിന്റെ ഇരു വശത്തും. ഒരു വീടിന്റെ മുന്നിൽ ഭാര്യയും ഭർത്താവും എന്നു തോന്നിക്കുന്ന രണ്ടു പേർ വഴക്കിടുകയാണ്. ഭാര്യ തിരിച്ച് സംസാരിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നേയില്ല. കാർ അവർക്ക് മുന്നിലൂടെ കടന്നു പോയപ്പോഴാണ് ഭർത്താവിന്റെ അടി വീണത്. അവരെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അടുത്തുള്ള വീടുകളിലെ മനുഷ്യർ തങ്ങളുടെ പണി ചെയ്യുന്നു. അപ്പോഴേക്കും കാർ കടന്നു പോയിരുന്നു. നിർത്തണമെന്നും സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് അയാളോടു പറഞ്ഞിട്ട് ഒരെണ്ണം തിരിച്ച് പൊട്ടിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഉൾഭയം അനുവദിച്ചില്ല. കാരണം മറുവശത്ത് ഒരു സ്ത്രീയാണ്. തന്നെ എത്ര തല്ലിയാലും നിന്നു കൊള്ളുകയും അത് തന്റെ അവകാശമാണെന്ന് വിചാരിക്കുകയും ചെയ്യുന്ന എണ്ണമറ്റ സ്ത്രീകളിൽ ഒരാളാണ് അവരെങ്കിലോ? അതിന്റെ പേരിൽ ഭർത്താവിനെ ആരെങ്കിലും ചോദ്യം ചെയ്താൽ തിരിച്ച് അപ്പോൾ മാത്രം ദുർഗയായി മാറുന്ന ‘സ്നേഹമയിയായ’ ഭാര്യയാണ് അവരെങ്കിലോ? സ്ത്രീയാണ്, അവൾ അങ്ങനെയാണ്. 

പത്തനംതിട്ടയിൽ വിദ്യ എന്ന സ്ത്രീ എത്ര അപമാനങ്ങളും മർദനങ്ങളും ഏറ്റിട്ടും പ്രതിഷേധിച്ചെന്നു വിശ്വസിക്കുന്നില്ല. ഒടുവിൽ ഭർത്താവ് കൈ കീറി മുറിച്ച് കളഞ്ഞപ്പോഴാകണം അവൾ നെഞ്ചു നീറി കരഞ്ഞിട്ടുണ്ടാവുക. നിരന്തരം തന്നെ ഭർത്താവ് ഉപദ്രവിക്കുമായിരുന്നുവെന്നു വിദ്യ പറയുന്നത് കേട്ടു. ടിവി കണ്ടുകൊണ്ടിരുന്ന അവരെ പിന്നിൽ നിന്നാണ് ഭർത്താവ് ആക്രമിച്ചത്. കൈ മുറിക്കുകയായിരുന്നില്ല, ജീവൻ തന്നെ കളയുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ ശബ്ദം കേട്ടു കൈ കൊണ്ട് തടുത്തതു കൊണ്ട് വെട്ടേറ്റത് കൈയ്ക്ക്. ബഹളം കേട്ട് ഓടി വന്നു തടയാൻ ശ്രമിച്ച പിതാവിനും കുത്തേറ്റു. അതുകൊണ്ടും അവസാനിച്ചില്ല ഭർത്താവിന്റെ പരാക്രമം. വീണ്ടും അവരുടെ ശരീരത്തിൽ വെട്ടി മുറിവേൽപിച്ചു. ഇരു കയ്യിലും കാലിലും തുന്നലുകളുണ്ട്.

കുട്ടിയുടെ സംരക്ഷണം ആർക്ക് എന്നതും അവർക്കിടയിൽ പ്രശ്നമായിരുന്നത്രേ. കുടുംബ കോടതിയിൽ കേസ് നടക്കുന്നതിനാൽ കോടതി വിധിക്കുന്നതു പോലെ കുഞ്ഞിന്റെ കാര്യം തീരുമാനിക്കാമെന്ന് വിദ്യ പറഞ്ഞിരുന്നെങ്കിലും ‘നിന്നെ ഞാൻ കൊല്ലും’ എന്ന് ഉന്മാദിയായി അയാൾ കോടതിയിൽ വച്ച് അലറി വിളിക്കാറുണ്ടായിരുന്നുവെന്നു വിദ്യ ഓർക്കുന്നുണ്ട്. സംശയരോഗിയായ ഭർത്താവിന്റെ ഇരയാണ് വിദ്യ. വീട്ടിൽനിന്ന് ഒറ്റയ്ക്ക് പുറത്തിറങ്ങാനോ ഒരാളോടും സംസാരിക്കാനോ നല്ല വസ്ത്രം ധരിക്കാനോ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനോ പോലും വിദ്യയ്ക്ക് അവകാശമുണ്ടായിരുന്നില്ല. ഇത്തരത്തിൽ നടന്ന ഒരു ആക്രമണത്തിലാണ് അയാൾ വിദ്യയുടെ വായ വലിച്ചു കീറിയത്.  മകളുടെ ജീവൻ വേണമെങ്കിൽ അവളെ കൊണ്ടുപോകണമെന്ന അവസ്ഥയായപ്പോൾ മാതാപിതാക്കൾ വിദ്യയെ വീട്ടിലേക്കു കൊണ്ടുപോയി. വായ മുഴുവൻ പഴുത്ത് വെള്ളം പോലും കുടിക്കാനാകാതെ മാസങ്ങൾ കിടന്ന വിദ്യയെ അയാൾ തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നീട് വിവാഹമോചനത്തിന് വിദ്യ കേസ് കൊടുത്തു. അതേത്തുടർന്നാണ് കുഞ്ഞിന്റെ അവകാശത്തിനു ശ്രമിച്ചതും വിദ്യയെ കൊലപ്പെടുത്താൻ നോക്കിയതും. 

വിവാഹം കഴിക്കുക എന്നാൽ സ്ത്രീ ഭർത്താവിന്റെ സ്വന്തമായി തീരുക എന്നൊരർഥം പരമ്പരാഗതമായി കൽപിക്കപ്പെട്ടിട്ടുണ്ട്. ‘കാര്യത്തിൽ മന്ത്രിയും കർമത്തിൽ ദാസിയും രൂപത്തിൽ ലക്ഷ്മിയും ഭാര്യ’  എന്ന് കവിയും കാവ്യങ്ങളും റൊമാന്റിസൈസ് ചെയ്തു വയ്ക്കുമ്പോൾ സ്വാഭാവികമായും സ്ത്രീകൾക്കും സ്വയം അത്തരത്തിലൊരു തോന്നലുണ്ടാകും. തങ്ങളെ ‘സംരക്ഷിക്കാൻ’ അർഹതയുള്ള ഒരാളാണ് ഭർത്താവെന്നും സ്നേഹം കൊണ്ട് വേണമെങ്കിൽ ഒന്ന് തല്ലിയാലും കുഴപ്പമില്ല എന്നതാണ് ചിന്ത. നന്നാവാൻ വേണ്ടിയാണ് അടിക്കുന്നതെന്നു കുടുംബക്കാരും പറയുമ്പോൾ എവിടേക്കാണ് ഓടി രക്ഷപ്പെടേണ്ടത്, ആരോടാണ് വിഷമം പറയേണ്ടത് എന്നറിയാതെ സ്ത്രീകളും ആശങ്കയിലാകും. ഈയടുത്താണ് ആലിയ ഭട്ട്, ഷെഫാലി ഷാ എന്നിവർ അഭിനയിച്ച ഡാർലിങ്സ് എന്ന സിനിമ കണ്ടത്. സ്ത്രീകൾ നേരിടുന്ന മാനസികവും ശാരീരികവുമായ ഉപദ്രവങ്ങളെക്കുറിച്ച് കൃത്യമായി പറയുന്ന ചിത്രമാണത്. എത്ര തല്ലിയാലും നിന്നോടുള്ള സ്നേഹം കൊണ്ടാണതൊക്കെ എന്നയാൾ പറയുമ്പോൾ അവൾ വീണ്ടും വീണ്ടും അയാളുടെ വാചകങ്ങളിൽ വീണു പോവുകയും ക്ഷമിക്കുകയും ചെയ്യും. പ്രതീക്ഷയും സ്നേഹവുമാണ് അവളെക്കൊണ്ട് അത്തരത്തിൽ ചിന്തിപ്പിക്കുന്നത്. എന്നാൽ സഹനത്തിന്റെ പരിധി കഴിയുമ്പോൾ സിനിമയിലും നായിക പ്രതികരിക്കുന്നുണ്ട്. 

ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നതാണ് ഏറ്റവും പുതിയ വാർത്ത. നാളുകളായി പരസ്പരം പോരടിക്കുന്ന രണ്ടു പേർ ഇനി ഒന്നിച്ചു ജീവിക്കുന്നില്ല എന്നാകുമ്പോൾ, നീയിനി ജീവിച്ചിരിക്കണ്ട എന്നൊരു തോന്നലിലേക്കെത്തുകയാണ്. ഇവിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മകനെയും കൊല്ലാൻ ശ്രമിച്ചെങ്കിലും ഓടിയതിനാൽ കുട്ടി രക്ഷപ്പെടുകയായിരുന്നു. മരണമാണ് പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന തോന്നലിലാണ് മരണങ്ങളും കൊലപാതകങ്ങളുമുണ്ടാകുന്നത്. ഇനി ഒന്നിച്ചു ജീവിക്കാൻ ആകാത്തതിനാൽ പിരിയുകയും സമാധാനത്തോടെ ജീവിക്കാൻ ശ്രമിക്കുകയും ആകാം എന്നൊരു ചിന്ത പോലും അവർക്കിടയിൽ ഉണ്ടാകുന്നതേയില്ല. എത്രമാത്രം സ്വാർഥതയും ബോധമില്ലായ്മയും കൊണ്ടാകാം ഇത്തരത്തിൽ അവനവനെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ട് മനുഷ്യർ തീരുമാനങ്ങളെടുക്കുന്നത്. 

നമുക്കിഷ്ടമില്ലാത്തവർ ജീവിച്ചിരിക്കേണ്ട എന്ന ചിന്തയുള്ളവർ കൂടുന്നു എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണ്. സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇത്തരത്തിൽ ചിന്തിക്കുകയും ഒരിക്കൽ പ്രിയപ്പെട്ടവരായിരുന്നരെ കൊലപ്പെടുത്തുകയും ചെയ്യുന്നു. പത്തനംതിട്ടയിലെ വിദ്യ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരാൾ മാത്രമാകുന്നു. പകയുടെയും പ്രതികാരത്തിന്റെയും വൈകാരിക ഭ്രാന്തിൽ നിയന്ത്രണമറ്റ് കൊലപാതകം ചെയ്യുമ്പോൾ, അപ്പുറത്തുള്ളയാൾ ഒരു വ്യക്തിയായിരുന്നു എന്നതും അയാൾക്കും സ്വന്തമായ ജീവിതവും ആഗ്രഹങ്ങളും ചെയ്യേണ്ട കാര്യങ്ങളുമുണ്ടായിരുന്നു എന്നും അവർ മറന്നു പോകുന്നു. ഭാര്യ അല്ലെങ്കിൽ ഭർത്താവ് തന്റെ അടിമയല്ലെന്നും മറ്റൊരു വ്യക്തിയാണെന്നും അയാൾക്കും വ്യക്തിത്വം ഉണ്ടെന്നുമുള്ള ബോധമില്ലായ്മ കാലങ്ങളായി പഠിച്ചു നടക്കുന്ന സമൂഹത്തിൽ പരസ്യമായുള്ള തല്ലും കൊലപാതകങ്ങളും ഇനിയും ആവർത്തിക്കും. ആ ബോധം മനുഷ്യരിലേക്ക് പടരുന്നത് വരെ അത് നടക്കുക തന്നെ ചെയ്യും.

English Summary: Domestic Violence Against Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com