ADVERTISEMENT

സമൂഹ മാധ്യമങ്ങളിലൂടെ തൊഴിൽ കണ്ടെത്തുന്നവരും തൊഴിൽ നൽകുന്നവരും ഇന്ന് ധാരാളമുണ്ട്. ഇതിൽ സത്യസന്ധത പുലർത്തുന്ന പരസ്യങ്ങൾ ഉണ്ടെങ്കിലും തട്ടിപ്പുകാരുടെ എണ്ണവും കുറവല്ല. അത്തരമൊരു തട്ടിപ്പിൽപെട്ട് മഹാരാഷ്ട്ര സ്വദേശിനിയായ സ്ത്രീക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്. ഫേസ്ബുക്കിൽ കണ്ട വർക് ഫ്രം ഹോം പരസ്യത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ 15.22 ലക്ഷം രൂപ ഇവർക്ക് നഷ്ടമാവുകയായിരുന്നു.

 

ഡോംബിവാലി സ്വദേശിനിയായ ഒരു വീട്ടമ്മയാണ് ഈ ഓൺലൈൻ തട്ടിപ്പിന് ഇരയായത്. 57 കാരിയായ ഇവർ ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഫേസ്ബുക്കിൽ കണ്ട വർക് ഫ്രം ഹോം പരസ്യത്തിൽ വിശദാംശങ്ങൾ അറിയാനായി ക്ലിക്ക് ചെയ്തത്. എന്നാൽ ഈ ലിങ്ക് മരിയ ഡി ലിയോൺ എന്ന സ്ത്രീയുടെ വാട്സാപ് നമ്പറിലേക്ക് റീഡയറക്ട് ചെയ്യപ്പെട്ടു. മരിയയാണ് തന്റെ ഉന്നത ഉദ്യോഗസ്ഥന്റെ നമ്പർ എന്നു പറഞ്ഞ് മറ്റൊരു നമ്പർ വീട്ടമ്മയ്ക്ക് കൈമാറിയത്.

online-money-frauds

 

ആ നമ്പറിന്റെ ഉടമയായ ടെയിൻ ലൊജോറോ എന്ന വ്യക്തിയെ ബന്ധപ്പെട്ടതോടെ പാർട്‌ടൈം ജോലി നൽകാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. ജോലിയുടെ ഭാഗമായി ആമസോണിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങണമെന്നും ഈ നിക്ഷേപത്തിന് 40 ശതമാനം കമ്മീഷൻ ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച സ്ത്രീ സെപ്റ്റംബർ മാസത്തിൽ തന്നെ 15.22 ലക്ഷം രൂപ ഇത്തരത്തിൽ ചിലവഴിക്കുകയും ചെയ്തു. ഇതിനുശേഷം തങ്ങൾക്ക് മൂന്നു ലക്ഷം രൂപ നൽകണമെന്ന് തട്ടിപ്പുകാർ ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ വീട്ടമ്മ അതിനു വിസമ്മതിച്ചതോടെ പിന്നീട് ഇവരുമായി ബന്ധപ്പെടാൻ കഴിയാതെയായി.

 

അതിനുശേഷം തന്റെ പക്കൽ നിന്നും നഷ്ടമായ പണം തിരിച്ചു കിട്ടുമെന്ന വിശ്വാസത്തിൽ ഏതാനും ദിവസങ്ങൾ വീട്ടമ്മ കാത്തിരുന്നു. തട്ടിപ്പാണെന്ന് ഉറപ്പിച്ചതോടെ ഒക്ടോബർ 31ന് ഡോംബിവാലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.  എന്നാൽ വീട്ടമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആമസോണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിക്ഷേപ കമ്പനിയാണെന്ന വ്യാജേന ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഒരു പരസ്യത്തിലുടെ 28 കാരനായ ഒരു ഡെപ്യൂട്ടി ബാങ്ക് മാനേജർക്ക് ഒക്ടോബർ മാസത്തിൽ രണ്ടര ലക്ഷം രൂപ നഷ്ടമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നവ്ഗർ പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

 

തൊഴിൽരഹിതനും ബിരുദധാരിയുമായ 28 കാരനാണ് തട്ടിപ്പിനിരയായ മൂന്നാമത്തെ വ്യക്തി. വാട്സാപ് സന്ദേശത്തിന്റെ രൂപത്തിൽ ആമസോണുമായി ബന്ധപ്പെട്ട് കമ്മീഷൻ ലഭിക്കുന്ന പാർട്‌ടൈം ജോലി വാഗ്ദാനം ചെയ്തതു വിശ്വസിച്ച്, വലിയ തുക കമ്മീഷൻ ലഭിക്കുമെന്ന് കരുതി 10 തവണയായി 4.38 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. ബാന്ദ്ര പോലീസ് സ്റ്റേഷനിൽ നവംബർ ഒന്നിനാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com