ADVERTISEMENT

ഡയാന രാജകുമാരിയുടെ മരണം നടന്ന് കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ജനങ്ങളുടെ മനസ്സിൽ നിന്നു അവർ മാഞ്ഞുപോയിട്ടില്ല. ഇപ്പോഴിതാ ഡയാന രാജകുമാരിയുടെ കൈയുടെ പകർപ്പെടുത്ത് നിർമിച്ച ശിൽപം ലേലത്തിന് എത്തുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിവാഹമോതിരം അണിഞ്ഞ നിലയിലുള്ള ഇടംകൈയുടെ പകർപ്പിന് ലക്ഷങ്ങൾ ലഭിക്കുമന്നാണ് കണക്കുകൂട്ടൽ. അടുത്തയാഴ്ചയാണ് ഇത് ലേലത്തിന് എത്തുന്നത്.

 

BRITAIN-DIANA-VISIT

1985ൽ ഓസ്കാർ നിമോൺ എന്ന ശിൽപിയാണ് ശിൽപം നിർമിച്ചത്. രാജകുമാരിയുടെ ജീവിതകാലത്ത് അവരുടെ കൈയുടെ അളവെടുത്ത് നിർമിച്ച ഒരേയൊരു ശിൽപം എന്നതാണ് ഇതിന്റെ പ്രാധാന്യം. ഈ അപൂർവത കൊണ്ടുതന്നെ ശിൽപത്തിന് 40,000 പൗണ്ട് (37 ലക്ഷം രൂപ) വരെ വില ലഭിക്കും എന്നാണ് നിഗമനം. എസ്സെക്സിൽവച്ചു നടക്കുന്ന ലേലത്തിൽ ശിൽപത്തിന് പുറമേ മറ്റനേകം രാജകീയ സ്മാരകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ഡയാന രാജകുമാരിയുടെ കൈയുടെ അതേ പകർപ്പിൽ നിർമ്മിച്ചിരിക്കുന്ന ശിൽപത്തിന് 24 സെന്റീമീറ്റർ നീളമാണ് ഉള്ളത്. ഓസ്കാർ നിമോണിന്റെ സഹായിയായ കാരിൻ ചർച്ചിൽ എന്ന വ്യക്തിയാണ് ഇക്കാലമത്രയും ശിൽപം സൂക്ഷിച്ചത്. ദ്രാവക രൂപത്തിലുള്ള സിലിക്കൺ ബാത്തിൽ ഡയാന രാജകുമാരിയുടെ കൈ വച്ചശേഷം അതിൽ പതിഞ്ഞ ആകൃതിയിലേക്ക് പ്ലാസ്റ്റർ ഓഫ് പാരിസ് നിറച്ചാണ് ശിൽപം നിർമിച്ചിരിക്കുന്നത്.

 

ഡയാന രാജകുമാരിയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ലേലം മുൻപും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് രാജകുമാരിയുടെ ഫോർഡ് എസ്കോർട്ട് കാർ 7,37,000 പൗണ്ടിന് (6 കോടി രൂപ) ലേലത്തിൽ വിറ്റു പോയത്. 1981 ൽ ഡയാനയുടേയും ചാൾസിന്റേയും വിവാഹ സമയത്തെ കേക്കിന്റെ ഒരു ഭാഗം കഴിഞ്ഞ വർഷം 1850 പൗണ്ടിന് (ഒരു ലക്ഷം രൂപ) ലേലത്തിൽ പോയിരുന്നു.

 

English Summary : Cast of Princess Diana's left hand expected to fetch 37 lakhs in upcoming auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com