ADVERTISEMENT

ഏറെ തയ്യാറെടുപ്പുകൾ നടത്തി ചെയ്തുകൂട്ടുന്ന ചില കാര്യങ്ങൾ വൻ അബദ്ധത്തിൽ കലാശിക്കുന്ന സംഭവങ്ങൾ കുറവല്ല. അത്തരമൊരു അനുഭവമാണ് തായ്‌ലൻഡ് സ്വദേശിയും വ്ലോഗറുമായ ഒരു യുവതിക്ക് ഉണ്ടായത്. വവ്വാലിനെ സൂപ്പുവച്ച് കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാണ് ഫോൺചാനോക് എന്ന യുവതിക്ക് വിനയായത്.

കടയിൽ നിന്നും വവ്വാലുകളെ വാങ്ങി അവയെ സൂപ്പുവച്ച് ഏറെ സ്വാദിഷ്ടമായ ഭക്ഷണം എന്ന തരത്തിൽ അവതരിപ്പിക്കുകയായിരുന്നു യുവതി. ഒരു ബൗളിനുള്ളിൽ സോസിൽ മുങ്ങിയ നിലയിൽ വവ്വാലുകൾ കിടക്കുന്നത് വിഡിയോയിൽ കാണാം. വവ്വാലിന്റെ ശരീരഭാഗങ്ങൾ കയ്യിലെടുത്ത് രണ്ടായി മുറിച്ച ശേഷം രുചിയെക്കുറിച്ച് വർണിച്ചുകൊണ്ടാണ് അത് കഴിക്കുന്നത്. ഇടയ്ക്ക് സോസിൽ മുക്കുകയും ചെയ്യുന്നുണ്ട്.

അതുകൊണ്ടും തീർന്നില്ല. സൂപ്പിൽ കിടന്ന ഒരു വവ്വാലിനെ അപ്പാടെ ഉയർത്തി ക്യാമറയിലേക്ക് കാണിക്കുകയാണ് ഫോൺചാനോക്. ശേഷം അതിന്റെ എല്ലുകളും ഭക്ഷിച്ചു. ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുത്തുന്ന തന്റെ യൂട്യൂബ് ചാനലിന് വേണ്ടിയാണ് അധ്യാപിക കൂടിയായ യുവതി ദൃശ്യങ്ങൾ പകർത്തിയത്. ഇതിനായി ലെസ്സർ ഏഷ്യാട്ടിക് യെല്ലോ വവ്വാലുകളെ വടക്കൻ തായ്‌ലൻഡിലെ ലാവോസ് അതിർത്തിക്കു സമീപമുള്ള മാർക്കറ്റിൽ നിന്നും വാങ്ങുകയായിരുന്നു. 

കൊറോണ മഹാമാരി പടർത്തിയ സാർസ് - കോവ് 2 വൈറസുമായി അടുത്ത ബന്ധമുള്ള വൈറസുകൾ ബാധിച്ച വവ്വാലുകൾ ധാരാളമുള്ള  മേഖലയിൽ നിന്നുമാണ് യുവതി ഇവയെ വാങ്ങിയത്. വിഡിയോ പുറത്തുവന്നതോടെ ഇതിനെതിരെ രോഷാകുലരായാണ് ജനങ്ങളുടെ പ്രതികരണം. ഫോൺചാനോക്കിന്റെ പ്രവർത്തി മൂലം പുതിയ ഒരു മഹാമാരി തന്നെ പൊട്ടിപ്പുറപ്പെട്ടാൽപോലും അദ്ഭുതപ്പെടാനില്ല എന്ന തരത്തിൽ വരെ പ്രതികരണങ്ങൾ വന്നു. വിമർശനങ്ങൾ കടുത്തുവന്നതോടെ യുവതി വിഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

വവ്വാലുകളെ വിൽപന നടത്തുന്ന കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നതിനിടെ ജനങ്ങളുടെ ജീവനു തന്നെ ആപത്ത് സൃഷ്ടിച്ചേക്കാവുന്ന ഇത്തരം സാഹസങ്ങൾക്ക് ആരും മുതിരരുത് എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്തായാലും വിഡിയോ വൈറലായതോടെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച കുറ്റം ചുമത്തി ഫോൺചാനോക്കിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് വർഷം തടവും 11 ലക്ഷം രൂപ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്. എന്നാൽ ഈ പ്രദേശങ്ങളിൽ വവ്വാലുകളെ വിൽപന ചെയ്യുന്നവരും വാങ്ങുന്നവരും ധാരാളമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

English Summary: Woman eats bat soup before being arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com