19ന്റെ ചുറുചുറുക്ക്; 90–ാം വയസ്സിലും ലോട്ടറി വിറ്റ് ഭായി അമ്മ- വിഡിയോ

ammu
ഭായി അമ്മ
SHARE

പ്രായം ശരീരത്തെ മാത്രമേ ബാധിച്ചിട്ടുളളൂ, മനസ്സിപ്പോഴും ചെറുപ്പമാണെന്നു പലരും പറയുന്നത് കേട്ടിട്ടില്ലേ. അങ്ങനെ പ്രായത്തെ അകലെ നിർത്തുന്ന ഒരാൾ എറണാകുളം ജില്ലയിലെ അരയൻകാവെന്ന ഗ്രാമത്തിലുണ്ട്. സുന്ദരമായ ചിരിയും ചെറുപ്പം തുളുമ്പുന്ന മനസ്സുമായി അരയൻ കാവിലും പരിസരത്തും ലോട്ടറിക്കച്ചവടം നടത്തുന്ന ഭായി അമ്മ എന്ന സുന്ദരി ഭായി. പ്രായം തൊണ്ണൂറു കഴിഞ്ഞിട്ടും പത്തൊൻപതിന്റെ ചുറുചുറുക്കോടെയാണ് സു‍ന്ദരിയമ്മയുടെ കച്ചവടം. കാണുന്നവരോടെല്ലാം സംസാരിച്ചും വിവിധ ഭാഷകളിലുള്ള പാട്ടുകൾ പാടിക്കൊടുത്തും ഇരുപതു വർഷക്കാലമായി അരയൻകാവുകാരുടെ സ്വന്തം ഭായിയമ്മയാണ് ഈ സുന്ദരി മുത്തശ്ശി.

ammachi-2

തൃപ്പൂണിത്തുറയില്‍നിന്നു വിവാഹശേഷം ഭർത്താവിന്റെ നാടായ അരയൻകാവിലെത്തിയ ഭായി 45–ാം വയസ്സിലാണ് ജോലി ചെയ്ത് തുടങ്ങുന്നത്. ഭർത്താവിന്റെ വിയോഗത്തിനു ശേഷം മോരു കച്ചവടം നടത്തിയും പലഹാരങ്ങളുണ്ടാക്കി വീടുകള്‍ തോറും വിറ്റുമാണ് മക്കളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതും. ഇനി വിശ്രമിക്കണമെന്ന് ഇപ്പോൾ മകളും മകനുമെല്ലാം നിർബന്ധിക്കുന്നുണ്ടെങ്കിലും അതിനു വഴങ്ങാതെ കച്ചവടത്തിന് ഇറങ്ങാനുള്ള സുന്ദരിയമ്മ പറയുന്നതിങ്ങനെ: ‘‘മക്കളും കൊച്ചുമക്കളും ജോലിക്കും പഠിക്കാനും പോയിക്കഴിയുമ്പോൾ വീട്ടിൽ ഒറ്റയ്ക്കിരിക്കേണ്ടി വരും. ലോട്ടറിയുമായി പുറത്തിറങ്ങിയാൽ ആളുകളെയും കാണാം കയ്യിൽ അൽപം കാശും കാണും.’’

amma3

കൃത്യം പത്തു മണിക്ക് ടൗണിൽ എത്തുന്ന ഭായിയമ്മ ഉച്ചഭക്ഷണവും സഞ്ചിയുമെല്ലാം തൊട്ടടുത്ത വീട്ടിൽവച്ച് അമ്പലത്തിലേക്കു പോകും, പ്രാർഥനയ്ക്കു ശേഷം ഗോപുരപ്പടിയിൽത്തന്നെ കച്ചവടവും ആരംഭിക്കും. ടൗണിലേക്കിറങ്ങുന്നതിടയിൽ പരിചയക്കാരെ കണ്ടാൽ ടിക്കറ്റ് വിൽപനയ്ക്കൊപ്പം നല്ല പാട്ടുകളും പാടിക്കൊടുക്കും. ദിവസം മുപ്പത്തിയാറ് ടിക്കറ്റുകൾ മാത്രമേ വിൽക്കുകയുള്ളൂ. സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവർ ഉള്ളതിനാൽ ഉച്ചയാകുമ്പോൾ വിൽപന കഴിയും.

ലോട്ടറി ടിക്കറ്റുകളെക്കാൾ കൂടുതൽ പാട്ടുകൾ സുന്ദരിയമ്മയുടെ കയ്യിലുണ്ട്. ഏഴാം ക്ലാസ് വരെ പഠനത്തിനൊപ്പം ശാസ്ത്രീയ സംഗീതവും പഠിച്ച ഭായിയമ്മ ശങ്കരാഭരണത്തിലെ പാട്ടുകളും ഇംഗ്ലിഷ്, ഹിന്ദി ഗാനങ്ങളുമെല്ലാം പാടിത്തരും. 91–ാം വയസ്സിലും ജീവിതത്തെ ഒരുപുഞ്ചിരിയോടെ മാത്രം സമീപിക്കുന്ന ഈ സുന്ദരി മുത്തശ്ശിയെപ്പോലുള്ളവർ നമുക്കും ഒരു മാതൃകയാണ്.

English Summary: Life Story Of Bhayi Amma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA