ADVERTISEMENT

വീട്ടുജോലിക്കാരായ സ്ത്രീകളെ ചൂഷണം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള വാർത്തകളാണ് സാധാരണയായി മാധ്യമങ്ങളിൽ ഇടം നേടുന്നത്. എന്നാൽ അപൂർവം ചിലരെങ്കിലും വീട്ടുജോലിക്കാരെ കുടുംബാംഗങ്ങളായി കണ്ട് ആത്മബന്ധം കാത്തുസൂക്ഷിക്കാറുണ്ട്. അത്തരത്തിലുള്ള  ഒരു അപൂർവ ഹൃദയബന്ധത്തിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ അനീഷ് ഭഗത് എന്ന യുവാവ് പങ്കുവച്ചിരിക്കുന്നത്. ജോലിക്കായി മറ്റൊരു നഗരത്തിലേക്ക് പോകാൻ തീരുമാനിച്ച അനീഷിന് വീട്ടിൽ ജോലിചെയ്യുന്ന രേഷ്മ എന്ന സ്ത്രീ ഒരുക്കിയ ഗംഭീര യാത്രയയപ്പിന്റെ ദൃശ്യങ്ങളാണിത്.

തന്റെ വീട്ടിലാണ് രേഷ്മ അനീഷിന് വിരുന്നൊരുക്കിയത്. ഒറ്റമുറി മാത്രമുള്ള തന്റെ ചെറിയ വീട്ടിലെത്തിയ അനീഷിന് മനസ്സും വയറും നിറയുന്നത്ര വിഭവങ്ങളും രേഷ്മ ഒരുക്കിവച്ചു. പരമ്പരാഗത രീതിയിൽ തലപ്പാവും കുറിയും അണിയിച്ചാണ് രേഷ്മയുടെ കുടുംബാംഗങ്ങൾ അനീഷിനെയും  സുഹൃത്തിനെയും സ്വീകരിച്ചത്. അതിനുശേഷം എണ്ണമറ്റ വിഭവങ്ങൾ അനീഷിനും സുഹൃത്തിനും മുന്നിൽ വിളമ്പി സ്നേഹത്തോടെ ഊട്ടുകയും ചെയ്തു. അച്ഛനും അമ്മയ്ക്കുമുള്ള പങ്ക് അനീഷിന്റെ കൈവശം കൊടുത്തയയ്ക്കാനും രേഷ്മ മറന്നില്ല. 

ഏറ്റവും വികാരഭരിതമായ നിമിഷങ്ങൾ എന്നാണ് അനീഷ് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. രേഷ്മ ദീ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും വീടുവിട്ട് പോകേണ്ടി വരുന്നതോടെ രേഷ്മയെ പതിവായി കാണാനാവാത്തതിൽ അങ്ങേയറ്റം വിഷമം ഉണ്ടെന്നും അനീഷ് പറയുന്നു.  തനിക്ക് നൽകുന്ന സ്നേഹവും ഇത്രയും ഗംഭീരമായ ഒരു യാത്രയയപ്പ് നൽകാൻ എടുത്ത പരിശ്രമങ്ങളും ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോവില്ല. എന്നാൽ ഇത് ഒരിക്കലും ഈ ബന്ധത്തിന്റെ അവസാനമല്ല എന്നും രേഷ്മ എന്നും ഒപ്പം ഉണ്ടാവുമെന്നും അനീഷ് കുറിച്ചിട്ടുണ്ട്. തന്റെ മനസ്സിൽ  അങ്ങേയറ്റം നന്ദി മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞാണ് അനീഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇത് ആദ്യമായല്ല രേഷ്മയ്ക്കൊപ്പമുള്ള വിഡിയോ അനീഷ് പങ്കുവയ്ക്കുന്നത്. രക്ഷാബന്ധൻ ദിനത്തിൽ സ്വന്തം സഹോദരിയായി കാണുന്ന രേഷ്മയ്ക്ക് സമ്മാനങ്ങൾ നൽകുന്നതിന്റെയും രേഷ്മ രക്ഷാബന്ധൻ കെട്ടി കൊടുക്കുന്നതിന്റെയും ദൃശ്യങ്ങൾ അനീഷിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. അതുകൊണ്ടും തീർന്നില്ല. കാലങ്ങളായി തങ്ങളുടെ കുടുംബത്തിന് വേണ്ടി ജോലിചെയ്യുന്ന രേഷ്മയെ സന്തോഷിപ്പിക്കുന്നതിനായി  ഷോപ്പിങ്ങിനും ബ്യൂട്ടിപാർലറിലും  കൊണ്ടുപോകാനും അനീഷും കുടുംബവും സമയം കണ്ടെത്താറുണ്ട്. ഇതിനെല്ലാം പുറമേ അനീഷിന്റെ റീലുകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് രേഷ്മ. 

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അഞ്ച് ലക്ഷത്തിനു മുകളിൽ ആളുകളാണ് വിഡിയോ കണ്ടത്. അത്യപൂർവമായ സ്നേഹബന്ധം കണ്ട് മനസ്സ് നിറഞ്ഞാണ് പലരും കമന്റുകൾ കുറിക്കുന്നത്. പണത്തിനോ പദവിക്കോ പ്രാധാന്യം നൽകാതെ മനുഷ്യബന്ധത്തിന്ു മാത്രം വില നിൽക്കുന്നവരാണ് അനീഷും രേഷ്മയും എന്ന് ഒരാൾ കുറിക്കുന്നു. നാം മറ്റുള്ളവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറിയാൽ  ലോകം എന്നും ഏറ്റവും മനോഹരമായ ഇടമായി തോന്നുമെന്ന് വീഡിയോ കാണിച്ചു തരുന്നുണ്ട് എന്നാണ് മറ്റൊരാളുടെ കമന്റ്.

English Summary: Boy gets a warm farewell from his house help in viral video. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com