മായൻ പിരമിഡിൽ കയറി നൃത്തം; വനിതയെ വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം-വിഡിയോ

Mail This Article
മെക്സിക്കോയിലെ മായൻ പിരമിഡിൽ അനധികൃതമായി കയറിയ യുവതിയെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. ചരിത്ര പ്രാധാന്യമുള്ള സ്ഥലത്ത് സന്ദർശനത്തിനെത്തിയ മറ്റു സഞ്ചാരികളാണ് യുവതിയുടെ പ്രകോപനപരമായ പെരുമാറ്റത്തെ തുടർന്ന് അവരെ ആക്രമിച്ചത്. സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
അബിഗെയ്ൽ വില്ലലോബോസ് എന്ന യുവതിയാണ് വിലക്കുകൾ മറികടന്ന് പിരമിഡിൽ കയറിയത്. പിരമിഡിന്റെ പടവുകൾ കയറി തുടങ്ങിയപ്പോൾതന്നെ അവിടെയുണ്ടായിരുന്നവർ അബിഗെയ്ലിനെ തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് ഒന്നും വകവയ്ക്കാതെ ഇവർ പടവുകൾ കയറി ഏറ്റവും മുകളിൽ എത്തി. അപ്പോഴും താഴെയിറങ്ങാൻ ജനക്കൂട്ടം ഇവരോട് ആക്രോശിച്ചുകൊണ്ടിരുന്നു.
മുകളിൽ എത്തിയ ശേഷം അബിഗെയ്ൽ അവിടെ നിന്ന് നൃത്തം ചെയ്യുകയും ചെയ്തു. കാഴ്ചക്കാരിൽ ചിലരാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. എന്നാൽ ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി അബിഗെയ്ലിനെ അവിടെ നിന്ന് നീക്കം ചെയ്യുകയായിരുന്നു. പടവുകൾ ഇറങ്ങി താഴെ എത്തിയ അബിഗെയ്‌ലിനെ അസഭ്യം പറയാനും സന്ദർശകർ മടിച്ചില്ല. മറ്റു ചിലർ യുവതിയുടെ ദേഹത്ത് വെള്ളം ഒഴിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. മനഃപ്പൂർവമായി നിയമം ലംഘിക്കാൻ ശ്രമിച്ച യുവതിയെ ജയിലിൽ അടയ്ക്കണം എന്നാണ് ഭൂരിഭാഗവും ആവശ്യപ്പെട്ടത്. എന്നാൽ താൻ സ്പെയിൻ സ്വദേശി ആണെന്ന് പറഞ്ഞാണ് അബിഗെയ്ൽ ജനക്കൂട്ടത്തിനിടയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്.
പിന്നീട് ഇവർ മെക്സിക്കൻ സ്വദേശി തന്നെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. അരമണിക്കൂർ നേരം ഇവരെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചിരുന്നു. 260 ഡോളർ (21233 രൂപ ) പിഴയും ചുമത്തിയ ശേഷമാണ് വിട്ടയച്ചത്. ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നായി യുനെസ്കോ അംഗീകരിച്ച മായൻ പിരമിഡ് എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിച്ച ഒരു ക്ഷേത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2008 ൽ സന്ദർശകിൽ ഒരാൾ പിരമിഡിന്റെ പടവുകളിൽ നിന്നും താഴെ വീണു മരണപ്പെട്ടതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.
English Summary: Angry crowd attacks woman tourist for climbing Mayan pyramid