മക്കളുടെ കുഞ്ഞ് നേട്ടങ്ങളില്‍പോലും അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവരായിരിക്കും മാതാപിതാക്കള്‍. ഇവിടെ മകന്റെ നേട്ടത്തില്‍ മതിമറന്ന് തന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഒരമ്മ. ആ അമ്മയുടെ ആഹ്ലാദനിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന വിഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
ഫിഫ വേള്‍ഡ് കപ്പ് 2022 മത്സരവുമായി ബന്ധപ്പെട്ട് ഇ.എസ്.പി.എന്‍ അവരുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. കാനഡയും ബെല്‍ജിയവും തമ്മിലുളള കളി നടക്കുന്നു. ടെലിവിഷനില്‍ ആ കളി കണ്ടുകൊണ്ട് കനേഡിയന്‍ ടീം അംഗം സാം എഡാകുബേയുടെ അമ്മ ഡീ സന്തോഷം കൊണ്ട് തുളളിചാടുന്നത് വിഡിയോയില്‍ കാണാം. 'എന്റെ മകന്‍ ലോകകപ്പില്‍ കളിക്കുന്നു. നന്ദി, ജീസസ്, ഹല്ലേലൂയ..' എന്ന് ആ അമ്മ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം.
സാമിന്റെ അമ്മ ഡീയുടെ ഈ വിഡിയോ ഇതിനകം നിരവധിപേരാണ് കണ്ടത്. സാമിനും അമ്മയ്ക്കും സ്‌നേഹം ചൊരിഞ്ഞുകൊണ്ടുളള നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെ വന്നിരിക്കുന്നത്. അമ്മയുടെ സന്തോഷം വിഡിയോയിലൂടെ മറ്റുളളവരിലേയ്ക്കും പകരുന്നതായും ഇങ്ങനെയൊരു മകന്റെ അമ്മയായതില്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നും പോസ്റ്റിനടിയില്‍ കമന്റുകളുണ്ട്. മകനെ കുറിച്ച് ഇനിയും ഈ അമ്മയ്ക്ക് അഭിമാനിക്കാനുളള അവസരങ്ങളുണ്ടാകട്ടെയെന്നാണ് മറ്റൊരു കമന്റ്.
ബല്‍ജിയത്തിനെതിരായ ലോകകപ്പ് മത്സരത്തിലാണ് സാം എഡാകുബേ ഇറങ്ങിയത്. കളിയുടെ 74–ാം മിനുട്ടിൽ ലാറിയയ്ക്ക് പകരക്കാരനായാണ് സാം ഇറങ്ങിയത്. കനേഡിയന്‍ ടീമിന്റെ പ്രതിരോധ താരമാണ് 27കാരനായ സാം.
English Summary: Woman screams in joy after watching son play for Canada at FIFA World Cup 2022. Viral video