ഹെൽമെറ്റ് ഇല്ലാതെ റോയൽ റൈഡ്; പരമ്പരാഗത വസ്ത്രമണിഞ്ഞ് ബുള്ളറ്റ് ഓടിച്ച് യുവതികൾ: വിഡിയോ വൈറൽ

bullet-woman
Screen Grab From Video∙ Gulzar_sahab/Twitter
SHARE

സ്ത്രീകളായാലും പുരുഷന്മാരായാലും ബുള്ളറ്റിനോട് ഒരു പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്നവർ ഏറെയാണ്. ബുള്ളറ്റ് ഓടിക്കാൻ വേണ്ടി മാത്രം ഡ്രൈവിങ് പഠിക്കുന്ന പെൺകുട്ടികളുമുണ്ട്.  ഇത്തരത്തിൽ ബുള്ളറ്റ് ഓടിക്കുന്ന പെൺകുട്ടികളുടെ ധാരാളം ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും അതിൽ നിന്നല്ലൊം വ്യത്യസ്തമായ ഒന്നാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.  പരമ്പരാഗത രീതിയിലുള്ള വസ്ത്രം അണിഞ്ഞ് ബുള്ളറ്റ് റൈഡിനിറങ്ങിയ യുവതികളുടെ വിഡിയോയാണിത്. 

ബുള്ളറ്റ് ഓടിക്കണമെങ്കിൽ പാന്റ്സോ ജീൻസോ ഷോർട്ട്സോ ധരിക്കുന്നതാണ് പലരും സൗകര്യപ്രദമായി കണക്കാക്കുന്നത്. എന്നാൽ പാവാടയും ബ്ലൗസും ദുപ്പട്ടയുമടങ്ങുന്ന പരമ്പരാഗത ഉത്തരേന്ത്യൻ വസ്ത്രമണിഞ്ഞ് ഇരുവരും കൂളായി ബുള്ളറ്റിൽ യാത്ര ചെയ്യുന്നത് വിഡിയോയിൽ കാണാം.  ബുള്ളറ്റ് ഓടിച്ച് ഏറെ പരിചയമുള്ള യുവതിയാണ് വിഡിയോയിലുള്ളത് എന്നും ഉറപ്പ്. എന്നാൽ ഏത് അവസരത്തിലാണ് വ്യത്യസ്തമായ രീതിയിൽ യുവതികൾ ബുള്ളറ്റ് റൈഡിനിറങ്ങിയത് എന്നത് വ്യക്തമല്ല.

സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് രണ്ട് ദിവസത്തിനുള്ളിൽ നിരവധിപേർ വിഡിയോ കണ്ടുകഴിഞ്ഞു.  പുതിയ തലമുറയിലെ പെൺകുട്ടികളെ ഓർത്ത് അഭിമാനം തോന്നുന്നു എന്ന തരത്തിൽ പലരും പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്.  വസ്ത്രധാരണവും ധൈര്യവുമൊക്കെ കണക്കിലെടുത്ത് പെൺകുട്ടികളെ വേർതിരിച്ചു കാണുന്നവർക്കുള്ള മറുപടിയാണിത് എന്ന് മറ്റുചിലർ കുറിക്കുന്നു. അതേസമയം ഹെൽമെറ്റ് ധരിക്കാതെ ഇത്തരം ഒരു സാഹസത്തിന് ഇറങ്ങിയതിന് യുവതികൾക്കെതിരെ രൂക്ഷവിമർശനവും ഉയരുന്നുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിൽ വാഹനമോടിക്കുന്ന ഇത്തരം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടാൽ അത് പലർക്കും തെറ്റായ സന്ദേശം നൽകുമെന്നാണ് ചിലർ ചൂണ്ടി കാണിക്കുന്നത്. ഇരുചക്ര വാഹനം ഓടിക്കുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ ഏറ്റവും സുരക്ഷിതമായ വസ്ത്രം ധരിക്കുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത് എന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ഇത് ആദ്യമായല്ല പരമ്പരാഗത വസ്ത്രം ധരിച്ച് ഒരു സ്ത്രീ ബുള്ളറ്റ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.

പരമ്പരാഗത രീതിയിൽ അണിഞ്ഞൊരുങ്ങിയ ഒരു വധു വിവാഹ വേദിയിലേക്ക് റോയൽ എൻഫീൽഡിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ ഏതാനും മാസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. പത്തുലക്ഷത്തിന് മുകളിൽ ആളുകളാണ്  അപൂർവ്വ ദൃശ്യങ്ങൾ കണ്ടത്. പെൺകുട്ടിയുടെ ധൈര്യത്തെ പലരും പുകഴ്ത്തിയെങ്കിലും ഭാരമേറിയ വസ്ത്രങ്ങൾ ധരിച്ച് ഇരുചക്രവാഹനം ഓടിക്കുമ്പോഴുള്ള അപകടസാധ്യത അന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: Video Of Woman Dressed In Traditional Attire Riding A Royal Enfield Bike Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS