ലഗിൻസ് ധരിച്ചെത്തിയതിന് പ്രധാന അധ്യാപിക മോശമായി പെരുമാറി; പരാതിയുമായി അധ്യാപിക

Mail This Article
ലഗിന്‍സ് ധരിച്ചു വന്നതിന് പ്രധാന അധ്യാപിക മോശമായി പെരുമാറിയെന്ന് പറഞ്ഞ് പരാതിയുമായി അധ്യാപിക. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്.എം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പ്രധാന അധ്യാപിക റംലയ്ക്കെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.
സ്കൂളിലെ ഹിന്ദി ടീച്ചറാണ് സരിത രവീന്ദ്രനാഥ്. രാവിലെ സ്കൂളിലെത്തിയ ടീച്ചര്‍ ഒപ്പിടാനായി പ്രധാന അധ്യാപികയുടെ മുറിയില്‍ എത്തി. ലഗിന്‍സ് ധരിച്ചെത്തിയ സരിത ടീച്ചറെ കണ്ടപ്പോള്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ യൂനിഫോം ധരിക്കാത്തത് സരിത ടീച്ചറെ കണ്ടിട്ടാണെന്ന് ആക്ഷേപം ഉന്നയിച്ചു. സ്കൂള്‍ മാന്വലില്‍ ലഗിന്‍സ് ഇടരുതന്ന് പറഞ്ഞിട്ടില്ലെന്നും എന്താണ് തന്റെ വസ്ത്രധാരണത്തിന്റെ പ്രശ്നമെന്നും സരിത ടീച്ചര്‍ ചോദിച്ചു. അതോടെ ആക്ഷേപമായ തരത്തില്‍ പ്രധാന അധ്യാപിക സംസാരിച്ചുവെന്നാണ് പരാതി.
13 വര്‍ഷമായി അധ്യാപന രംഗത്തുളള ആളാണ് സരിത രവീന്ദ്രന്. അധ്യാപന ജോലിയ്ക്ക് ചേരാത്തവിധത്തില്‍ മാന്യതയില്ലാതെ ഒരു വസ്ത്രവും ഇതുവരെ ധരിച്ച് സ്കൂളില്‍ പോയിട്ടില്ല. അധ്യാപകര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പോകാമന്ന നിയമം നിലനില്‍ക്കെ പ്രധാന അധ്യാപികയുടെ ഇത്തരത്തിലുളള പെരുമാറ്റം ഏറെ മാനസിക വിഷമമുണ്ടാക്കിയെന്നും സരിത രവീന്ദ്രന് പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രധാന അധ്യാപിക റംലയ്ക്കെതിരെ ഡി.ഇ.ഒയ്ക്ക് പരാതി നല്‍കിയതെന്നും സരിത പറയുന്നു.
അതേസമയം ഈ വിഷയത്തോട് പ്രതികരിക്കാന്‍ പ്രധാന അധ്യാപിക തയ്യാറായിട്ടില്ല. മാത്രമല്ല മേലധികാരികള്‍ ഇതുമായി ബന്ധപ്പെട്ട് സരിത ടീച്ചറോട് ഇതുവരെ ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. ഏതായാലും മാന്യമായ വസ്ത്രം ഇഷ്ടപ്രകാരം ധരിക്കുന്നതിന് അധ്യാപകര്‍ക്കും അവകാശമുണ്ടെന്നും തന്റെ നിലപാടുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്നും 2019ലെ മിസിസ് കേരള ജേതാവ് കൂടിയായ സരിത രവീന്ദ്രന് പറയുന്നു.
English Summary: Complaint Against Head Mistress In Malappuram