ADVERTISEMENT

ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ പലപ്പോഴും താങ്ങും തണലുമാകുന്നത് സുഹൃത്തുക്കളായിരിക്കും. ഇനിയെങ്ങോട്ട് എന്നറിയാതെ നിൽക്കുമ്പോൾ കൈത്താങ്ങാകുന്നതും ഈ സുഹൃത്തുക്കൾ തന്നെയായിരിക്കും. അത്തരത്തിൽ സുഹൃത്തുക്കളിലൂടെ തനിക്കുണ്ടായ സ്നേഹാനുഭവം പങ്കുവയ്ക്കുകയാണ് കവിത സംഗീത്. ‘ദയയുള്ള ആത്മാക്കൾ’ എന്ന  തലയ്ക്കെട്ടോടെയാണ് കവിതയുടെ കുറിപ്പ്.

കവിതയുടെ കുറിപ്പ് വായിക്കാം

 "ദയയുള്ള ആത്മാക്കൾ "

സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമാണ് !

എല്ലാവരുമായുള്ള സൗഹൃദം നല്ലതാണ്. അവരിൽ ആരാണ് മനസ്സിന്റെ നൊമ്പരങ്ങൾ തിരിച്ചറിയുന്നത് അവരിലാണ് സ്‌നേഹത്തിന്റെ ചിറകുകൾ വിടരുന്നത്. One loyal friend is worth ten thousand relatives.” എന്ന യൂറിപ്പിഡിസിന്റെ വാക്യം ഇവിടെ യാഥാർഥ്യമാവുന്നു. "നിങ്ങളുടെ  ഹൃദയം പുഞ്ചിരിക്കുന്നിടത്ത് നിൽക്കുക" അത്തരമൊരു അനുഭവമാണ് ഞാനിവിടെ പങ്കു വെക്കുന്നത്.

നിങ്ങളുടെ ലിമോ കാറിൽ നിങ്ങളോടൊപ്പം സഞ്ചരിക്കാൻ ധാരാളം സുഹൃത്തുക്കൾ ഉണ്ടാവും. എന്നാൽ ഈ ആഡംബര ലിമോ തകരാറിലാകുമ്പോൾ നിങ്ങളോടൊപ്പം കാൽനടയ്ക്കു കൂട്ടു നില്‍ക്കന്നവനാ യഥാർഥ സുഹൃത്ത്! നല്ല വിത്ത് നല്ല നിലത്തു വീണാൽ മുള പൊട്ടി ചെടിയാകും പിന്നെ ശാഖകളും ഉപശാഖകളും ഉള്ള മരമായി വളർന്നു അനേകർക്ക് തണലേകും. എന്നപോലെയാണ് സുഹൃത്ബന്ധങ്ങളും. നല്ല സുഹൃത്തുക്കൾ എപ്പോളും ഒരു തണൽ തന്നെയാണ്.

മൂന്നു വർഷത്തെ യാതന വിവരിക്കാനാകില്ല. പിന്തുണച്ച എല്ലാവർക്കും നന്ദി!സ്നേഹം എന്ന കൊച്ചു വാക്ക് അതിന്റെ അനവധി അർങ്ങളറിയാൻ അധികദൂരമൊന്നും പോകേണ്ടിവന്നില്ലസ്നേഹത്തിനു ഒരു പരിണാമം ആവശ്യമുണ്ട്. ക്രിസ്തു തന്നോടൊപ്പം ആയിരിക്കാനും തനിക്കു വേണ്ടി ആയിരിക്കാനുമൊക്കെയുള്ള ആഗ്രഹം അവളുടെ ശരീര ഭാഷയിലുണ്ട്. സമസ്ത ലോകത്തിനും വേണ്ടി സ്നേഹിക്കുന്ന വരെ വിട്ടുകൊടുക്കുകയാണ് ഏറ്റവും വലിയ ലാവണ്യമുള്ള കർമം. കുട്ടിയായിരിക്കുമ്പോൾ ഒരു കിളികുഞ്ഞിനെ നമ്മൾ സ്നേഹിച്ചത് അതിനെ പരമാവധി നമ്മുടെ കൈക്കുള്ളിൽ ഒതുക്കാൻ ആഗ്രഹിച്ചാണ് എന്നാൽ നാൽപതുകളിലും അമ്പതുകളിലുമൊക്കെ എത്തുമ്പോൾ അറിയാം ഈ കിളികുഞ്ഞിനെ സ്നേഹിക്കുക എന്നതിന് അർഥം വിശാലമായ ആകാശത്തിലേക്കു അതിനെ പറത്തി വിടുക യാണെന്ന്. എന്നെ തടയരുതെന്നു മേരിയോട് ക്രിസ്തു പറഞ്ഞതിന് അങ്ങനെയൊരു തലമുണ്ടായിരിക്കാം സ്നേഹിക്കുന്നവരുടെ ജീവിതത്തിൽ മനോഹരമായ ആകാശമുണ്ടാകട്ടെ! വിശാലമായ ഭൂമിയുണ്ടാകട്ടെ.!!! സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ സാധ്യതയും ദൈവീക സാദൃശ്യമാകാം.

ഒരു മെയ്‌ മാസം രാവിലെ  ഉണര്‍ന്നെഴുന്നേറ്റപ്പോൾ എന്റെ ഭർത്താവിന്റെ ദേഹമാസകലം നീരു വന്നു വീർത്തിരിക്കുന്നു . കണ്ട ഉടനെ ഞങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്ക് എടുത്തു കൊണ്ടുപോയി. ഈ നീരിന്റെ കാരണമെന്തെന്നറിയാൻ ഡോക്ടർമാർ ഒരു മണിക്കൂർ നീണ്ട ഒരു ഭഗീരഥ പ്രയത്നം തന്നെ നടത്തി. ഒട്ടനവധി ടെസ്റ്റുകളും, സ്കാനുകളും എല്ലാം കഴിഞ്ഞ് ഡോക്ടർ എന്തോ പറയാൻ മടിക്കുന്ന തുപോലെ പുറത്തേക്കു വന്നു. പുറത്തെ കസേരയിൽ ഒറ്റക്കിരിക്കുന്ന എന്നെ നോക്കി ഡോക്ടർ ചോദിച്ചു " കൂടെ ആരാ ഉള്ളത് എന്ന് " ഇടറിയ ശബ്ദത്തോടെ ഡോക്ടറെ നോക്കി ഞാൻ പറഞ്ഞു. സർ കൊറോണ കാലമായതിനാൽ ആരും കൂടെ വന്നിട്ടില്ല. ഉടനെ അയാളുടെ കൺസൽട്ടിങ് മുറിയിലേക്ക് വിളിച്ചു. രോഗിയെ ഇരുത്തുന്ന കസേരയിൽ ഞാൻ ഒരു നിമിഷം ഇരുന്നു. ഡോക്ടർ സാർ എഴുതുന്ന കുറിപ്പിലേക്കു നോക്കി എന്തു ചോദിക്കണമെന്നറിയാതെ ഞാൻ ഒരു നിമിഷം പകച്ചു നിന്നു. ഇടറിയ ശബ്ദത്തോടെ ഞാൻ അയാളോട് കാര്യമെന്തെന്നു തിരക്കി. അയാൾ വളരെ ഗൗരവഭാവത്തോടെ എന്നോട് പറഞ്ഞു. "മാഡം നിങ്ങളുടെ ഭർത്താവിന് കിഡ്നി ഫെയിലിയർ ആണ്." കിഡ്നിയുടെ പ്രവർത്തനം നിലച്ചിരിക്കുന്നു.

ഇനി ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് വേണ്ടിവരും പിന്നെ എത്രയും പെട്ടെന്ന് ഒരു ഡോണറെകണ്ടുപിടിച്ച് ട്രാൻസ്‌പ്ലാന്റ് ചെയ്യേണ്ടിവരും" ഇത്രയും പറഞ്ഞ് ഡോക്ടർ അതിവേഗത്തിൽ ഓപ്പറേഷൻ തീയേറ്ററിലേക്ക് നടന്നു. കേട്ടപ്പോൾ പെട്ടെന്ന് നെഞ്ചിലൊരു തീയാഞ്ഞു കത്തി. ഒന്നു ചോദിക്കാനോ പറയാനോ അടുത്താരുമില്ലായിരുന്നു.

ഇനിയെന്തുചെയ്യും എന്റെ ഗുരുവായൂരപ്പാ എന്നും പറഞ്ഞ് ഞാൻ കരയാൻ തുടങ്ങി. ഉടനെ ഇളയവനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. വീട്ടിൽ എല്ലാവരും പരിഭ്രാന്തരായി.

 

ഡയാലിസിസ് തുടങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ആശുപത്രിയില്‍  ഞങ്ങൾക്ക് മാനസിക പിന്തുണയും,   മനോധൈര്യവും നല്‍കി  ഞങ്ങളുടെ പ്രിയ സുഹൃത്തുക്കളായ  ഡോക്ടർ  ഉമ യും  ഡോക്ടർ രാദേഷും. എല്ലാം ശരിയാവുമെന്നുള്ള അവരുടെ സാന്ത്വന വാക്കുകള്‍ എനിക്കൊരുപാട് ആശ്വാസമേകി!

രാപകലില്ലാതെ ഞാനും എന്റെ ഇളയവനും കൂടി ഒരു ഡോണറെ കിട്ടാനായിട്ടുള്ള പരക്കം പാച്ചിൽ തുടങ്ങി.അങ്ങനെയിരിക്കെ മെഡിക്കൽ കോളജിലെ എന്റെ ബന്ധുവായ ഡോക്ടർ ശ്രീകാന്ത്  ഞങ്ങളെ കൊച്ചിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റെഫർ ചെയ്തു. ഞങ്ങൾ ട്രീറ്റ്മെന്റിനായി കൊച്ചിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. സ്നേഹവാതിൽ തുറന്നത് അവിടെവച്ചായിരുന്നു ഞങ്ങളുടെ പ്രിയ കൂട്ടുകാരി "ഡോക്ടർ ജയ " മനസ്സു നിറയെ നന്മയും മുഖത്തൊരു നിഷ്കളങ്കത നിറഞ്ഞ ചിരിയുമായി ഞങ്ങളുടെ പിന്നീടങ്ങൊട്ടുള്ള വേദനയേറിയ നാളുകളിൽ അവരായിരുന്നു മാനസികമായും മറ്റെല്ലാ  തരത്തിലും ഞങ്ങളെ പിന്‍തുണച്ചത്. അവരുടെ സ്നേഹം നിറഞ്ഞ മുഖം കാണുമ്പോൾ അവരുടെ കണ്ണുകളിൽ നിന്നും കാരുണ്യത്തിന്റെ ഒരു മുഗ്ധസാഗരം പുറപ്പെടുന്നതായി എനിക്ക് തോന്നി. നാലു പേരടങ്ങുന്ന സുഹൃത്തുക്കൾ ശിലിനും,ബെന്നിയും ,സന്തോഷും. ഇവരൊക്കെയായിരുന്നു പിന്നീടങ്ങൊട്ടുള്ള ഞങ്ങളുടെ താങ്ങും തണലും . 

ഒരേ സമയം പ്രാപ്യവും അതേസമയം അപ്രാപ്യവുമായ ഈ ലോകത്തിൽ ഇത്രയും സ്നേഹാസമ്പന്നരായ സുഹൃത്തുക്കൾ ഉണ്ടെന്നുള്ളത് ഒരു ദൈവാനുഗ്രഹം തന്നെ.  ഓരോ തവണയും ജീവിതം മടുത്തെന്ന അവസ്ഥ വരുമ്പോഴെല്ലാം ഈ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ നിന്നുമുള്ള സാന്ത്വന വാക്കുകളും, സ്നേഹം നിറഞ്ഞ സമീപനവും ആയിരുന്നു എന്നെ ജീവിതത്തിൽ മുന്നോട്ടു നയിച്ചത്: ഒരുപാട് കാത്തിരിപ്പിന് ശേഷം  ആശുപത്രിയിൽ നിന്ന് സർജറിക്കുള്ള ഡേറ്റ് കിട്ടി.   കോവിഡ് രോഗികളുടെ എണ്ണം നിത്യേന വർധിക്കുകയും മരണനിരക്ക് കൂടുതൽ ഉണ്ടായിരുന്ന  ആ കാലത്ത് കൊറോണ വരുമോ എന്ന് ഭയന്ന്  ആരും   തന്നെ ഞങ്ങളോടൊപ്പം ആശുപത്രിയിലേക്ക് വരാൻ തയ്യാറായിരുനില്ല. കൊറോണ പിടിപെടുമോയെന്നു ഞാൻ ഒട്ടും ഭയപ്പെട്ടിരുന്നില്ല.  ധൈര്യത്തോടെ തന്നെ അദ്ദേഹത്തിനെ ചില ടെസ്റ്റുകൾക്കായി ഞാൻ ആശുപത്രിയിലേക്കു കൊണ്ടുപോയി .

ഹോസ്പിറ്റലിൽ നിന്ന് ഒടുവിൽ സർജറി ഡേറ്റ് കിട്ടി. ഏപ്രിൽ 20 ഒരു വ്യാഴാഴ്ച രാവിലെ 7 മണിയോടെ നേഴ്സ് വന്ന് ചേട്ടനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ടുപോയി. ഞാനും എന്റെ രണ്ടു കുട്ടികളും ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽക്കൽ കാത്തിരുന്നു. നെഞ്ചിൽ ആളി കത്തുന്ന തീ ആരോടും പറയാൻ ആവില്ലലോ. അവിടുത്തെ ഹെഡ് നേഴ്സ് വന്ന് ചേട്ടനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ടുപോയി. എനിക്ക് മനോധൈര്യമെകാനും, ആശ്വസിപ്പിക്കാനുമായി കൂടപ്പിറപ്പിനെ പോലെ ഞങ്ങളുടെ പ്രിയ സുഹൃത്ത്‌ ഡോക്ടർ ജയയും, പിന്നെ ശിലെൻ, സന്തോഷ്. ഒപ്പം ബന്ധുവായ ജയശ്രീ ചേച്ചിയും ഉണ്ടായിരുന്നു. ഇവർ സർവേശ്ശ്വരന്‍  തന്നെ   നേരിട്ട് അയച്ച  പല അവതാരങ്ങൾ നമ്മുടെ മുന്‍പിൽ വന്നു നിൽക്കുന്ന പോലെയേ എനിക്ക് തോന്നിയുള്ളു. സാക്ഷാൽ ഭാഗവാന്റെ അവതാരങ്ങളാണല്ലോ സുഹൃത്തുക്കളുടെ രൂപത്തിൽ നമ്മുടെ ആപത്ഘട്ടത്തിൽ നമ്മളെ സഹായിക്കാൻ എത്തുന്നത്. സര്‍വേശ്വരാ  നീയേ തുണ.! നല്ല സൗഹൃദങ്ങൾ. അവരോടൊപ്പം ചിരിച്ചും ചിന്തിച്ചും ചിലവഴിക്കുന്ന സമയമാണ് നമ്മുടെ ജീവിതത്തിലെ  ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com