അത് നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ വിരൽ താഴ്ത്തൂ: ഇറാനിയൻ താരത്തിന്റെ വേറിട്ട പ്രതിഷേധം– വിഡിയോ

finger
Screen grb from video. iamelnaaz/instagram
SHARE

ഇറാനില്‍ ജനിച്ച് ജര്‍മനിയില്‍ വളര്‍ന്ന നടിയാണ് എല്‍നാസ് നൊറൗസി. നെറ്റ്ഫ്‌ളിക്‌സിലെ ‘ദ് സേക്രഡ് ഗെയിംസ്’ എന്ന സീരീസിലൂടെ പ്രശസ്തയായ എല്‍നാസ് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ചാലഞ്ച് ഇപ്പോള്‍ ആഗോള ശ്രദ്ധ നേടുകയാണ്. ഇറാനിയന്‍ സ്ത്രീകള്‍ക്കെതിരെ അവിടത്തെ ഭരണകൂടം നടത്തുന്ന ജനവിരുദ്ധമായ നയങ്ങളില്‍ പ്രതിഷേധിച്ച് 'പുട് എ ഫിംഗര്‍ ഡൗണ്‍' എന്ന പേരിലാണ് എല്‍നാസ് ചലഞ്ച് ആരംഭിച്ചിരിക്കുന്നത്. 

നിര്‍ബന്ധിതമായി ഹിജാബ് ധരിക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധത്തെ പ്രത്യക്ഷമായിത്തന്നെ അനുകൂലിക്കുന്നതാണ് ഈ ചലഞ്ച്. ഇറാനിലെ സദാചാര പോലീസിനെതിരെയും സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെതിരെയും ഇതിനുമുന്‍പും എല്‍നാസ് ശബ്ദമുയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്തും ധരിക്കാനുളള അവകാശം ഉറപ്പാക്കാനുളള പ്രതിഷേധ സമരങ്ങളില്‍ എല്‍നാസ് പങ്കുചേരുകയുമുണ്ടായിരുന്നു. 

ഇന്‍സ്റ്റഗ്രാമിലെ എല്‍നാസിന്റെ പേജിലാണ് 'പുട് എ ഫിംഗര്‍ ഡൗണ്‍ ചാലഞ്ച'് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ സാഹചര്യങ്ങളെ പറ്റി പറയുകയും അത് നിങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ വിരല്‍ താഴ്ത്തൂ എന്നും പറഞ്ഞാണ് വിഡിയോ. നിങ്ങള്‍ സ്‌കൂളില്‍ എതിര്‍ ലിംഗത്തില്‍പെട്ടവര്‍ക്കൊപ്പം ഇരുന്നിട്ടുണ്ടോ, പൊതുയിടത്തില്‍ പാട്ടുപാടിയിട്ടുണ്ടോ, ഡാന്‍സ് കളിച്ചിട്ടുണ്ടോ, അച്ഛനമ്മമാര്‍ക്കൊപ്പം പബ്ലിക് പൂളില്‍ നീന്തിയിട്ടുണ്ടോ, ഡേറ്റിങ് ചെയ്യുകയും പങ്കാളിയുടെ കൈ പിടിച്ച് പൊതുസ്ഥലത്ത് നടക്കുകയും ചെയ്തിട്ടുണ്ടോ? എന്നിങ്ങനെ വിവിധ സാഹചര്യങ്ങളാണ് എല്‍നാസ് വിഡിയോയില്‍ നിരത്തുന്നത്. ഇതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ വിരല്‍ താഴ്ത്തു എന്നു പറയുന്നു എല്‍നാസ്. 

പത്തില്‍ ഒൻപതു വിരലും താഴ്ത്തികൊണ്ടാണ് എല്‍നാസ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. അതേസമയം വിഡിയോ കണ്ടിട്ട് ഒരു വിരലെങ്കിലും നിങ്ങള്‍ താഴ്ത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഇറാനില്‍ ജനിച്ചവരായിരിക്കില്ല. കാരണം ഇതെല്ലാം ഇറാനില്‍ നിരോധിച്ചിരിക്കുകയാണെന്നും ഇത് ചെയ്തതിന് നിങ്ങള്‍ കൊല്ലപ്പെട്ടേക്കാമെന്നും എല്‍നാസ് ചൂണ്ടിക്കാണിക്കുന്നു. 

ഈ വിഡിയോ പോസ്റ്റ് ചെയ്തതിനൊപ്പം എല്‍നാസ് ഇങ്ങനെ കുറിച്ചു. 'ഈ ചാലഞ്ച് ചെയ്യൂ, എന്റെ ചെറുപ്പത്തിലേ അച്ഛനമ്മമാര്‍ ജര്‍മനിയിലേയ്ക്ക് താമസം മാറാന്‍ തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ ഒരു വിരല്‍പോലും മടങ്ങില്ലായിരുന്നു. ഇങ്ങനെയാണ് ഇറാനിലെ ജീവിതം. ഇപ്പോള്‍ നിങ്ങള്‍ക്കു മനസിലായിരിക്കും ഇത് ഹിജാബിന്റെ മാത്രം വിഷയമല്ല. ഇറാന്‍, ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളില്‍ ഒന്നായിട്ടും  ഇറാനിയന്‍ ജനത അനുഭവിക്കുന്ന ഭയാനകമായ അവസ്ഥ ഇതാണ്.' വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. 

ഇറാനിലെ ജനത അനുഭവിക്കുന്ന ദുരിതം വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇത് കാണുന്ന പലര്‍ക്കും ഇത്തരം കാര്യങ്ങള്‍ സങ്കല്‍പിക്കാനാവില്ല. പലരും ഇത് അവഗണിക്കുകയും ചെയ്യുമെന്നാണ് വീഡിയോക്കു താഴെ വന്ന ഒരു കമന്റ്. ഇറാനിലെ ക്രൂരതകളെകുറിച്ച് ലോകത്തെ അറിയിക്കുന്ന നല്ല ഒരു വിഡിയോ ആണിതെന്നും. ഇറാന്‍ ഒരു മാനുഷിക മൂല്യമുളള രാജ്യമാണെന്ന് ഇനി ഒരിക്കലും വിശ്വസിക്കില്ലെന്നുമാണ് മറ്റൊരു കമന്റ്. അതേസമയം ഇറാനെ ദൈവം രക്ഷിക്കട്ടെയെന്നും എല്ലാ പ്രശ്‌നങ്ങളും കെട്ടടങ്ങി ഇറാന്‍ മികച്ച ഒരു രാജ്യമായി മാറട്ടെയെന്ന് ആഗ്രഹിക്കുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

English Summary:Actor Elnaaz Norouzi Takes 'Put A Finger Down Challenge', Shares Strong Message On Iran Protests

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS