ADVERTISEMENT

പഠിക്കാന്‍ മീന്‍കച്ചവടം നടത്തി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ഹാനാനെന്ന പെണ്‍കുട്ടിയെ ആരും മറക്കാനിടയില്ല. ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഒട്ടും മടിച്ചു നില്‍ക്കാറില്ല ഹനാന്‍. കഴിഞ്ഞ ദിവസം ട്രെയിനില്‍ തനിക്കുണ്ടായ ദുരനുഭവത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിന് ഇപ്പോള്‍ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഹനാന്‍. എന്നാല്‍ വിമര്‍ശനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഹനാന്‍ ചോദിക്കുന്നത് പണമുളളവര്‍ക്കുമാത്രം മതിയോ ഇന്ത്യയില്‍ സ്ത്രീ സുരക്ഷ എന്നാണ്. 

ജലന്തറില്‍ എല്‍.പി.യു എന്ന കോളജില്‍ മൂന്നാം വര്‍ഷ ബി.എ മ്യൂസിക് വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍. കഴിഞ്ഞ ദിവസം പരീക്ഷാകാര്യങ്ങള്‍ക്കായി ജലന്ദറിലേയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് ഹനാനു നേരെ ആക്രമണമുണ്ടായത്. ആ സംഭവത്തെ കുറിച്ച് മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയാണ് ഹനാൻ.

‘പെട്ടെന്നുളള യാത്രയായതിനാല്‍ റിസര്‍വേഷന്‍ കിട്ടിയിരുന്നില്ല. തിരക്കേറിയ ട്രെയിനില്‍ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് കംപാ‍ർട്ട്മെന്റിലായിരുന്നു  കയറിയത്. ഭാഗികമായി കേള്‍വിശക്തി നഷ്ടപ്പെടുകയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ചു കൊണ്ട് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്റെ കൈവശമുണ്ടെന്ന ധൈര്യത്തിലായിരുന്നു യാത്ര. എന്നാല്‍ കയറിയപ്പോഴാണ് മനസിലായത് ശാരീരിക വൈകല്യങ്ങളൊന്നുമില്ലാത്തവരാണ് അതില്‍ യാത്ര ചെയ്യുന്ന പലരും.

സീറ്റില്‍ ഇരിക്കാന്‍ സ്ഥലമില്ലാതിരുന്നപ്പോള്‍ താഴെ ഇറങ്ങിയിരുന്നു ഞാൻ. അപ്പോഴാണ് സീറ്റിലിരുന്ന ഒരു പഞ്ചാബി യാത്രക്കാരന്‍  എനിക്ക് സമീപം വന്നിരുന്നത്. പിന്നീട് ദേഹത്ത് തട്ടുകയും മുട്ടുകയും കയറി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ ഞാൻ അയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. സംഭവം കണ്ടുനിന്നവരില്‍ ചിലര്‍ എന്നെ രക്ഷിക്കാനെന്ന വ്യാജേന വന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നീട് ഇതേ ആളുകള്‍ ട്രെയിനില്‍ ഇരുന്ന് മദ്യപിക്കുകയും എന്നെ നോക്കി മോശം ആംഗ്യങ്ങള്‍ കാണിക്കുകയും ആക്ഷേപം ചൊരിയുകയും ചെയ്തതോടെ തുടര്‍ന്നുളള യാത്ര  ആശങ്കയുണ്ടാക്കി.

സഹായത്തിനു റെയില്‍വെ നല്‍കിയ നമ്പറില്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല, മാത്രമല്ല കംപാര്‍ട്ട്മെന്റില്‍ സ്ത്രീകള്‍ ആരുമില്ലാതിരുന്നതും  പേടി കൂട്ടി. ഒടുവില്‍ രക്ഷയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് മനസിലായതോടെ ട്രെയിനില്‍ നിന്നുളള ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോ പകര്‍ത്തുന്നത് കണ്ട്, അവര്‍ അപായപ്പെടുത്താന്‍ ശ്രമിക്കുമോ എന്ന പേടി ഉളളിലുണ്ടായിരുന്നെങ്കിലും മറ്റൊരാളും രക്ഷയ്ക്കില്ലെന്ന തിരിച്ചറിവില്‍ ആവുംവിധം ശബ്ദമുയര്‍ത്തിയും കയ്യിലുണ്ടായിരുന്ന ട്രൈപോഡ് സ്വയരക്ഷയ്ക്കായി കൈയ്യില്‍ മുറുകെ പിടിച്ചും പ്രതിരോധം തീര്‍ത്തു.’– ഹനാൻ പറയുന്നു.

അതേസമയം ഹനാന്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട ചിലര്‍ അത് റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. ‘കേരളത്തില്‍ നിന്ന് ആറരയ്ക്ക് ആരംഭിച്ച ട്രെയിന്‍ യാത്രയില്‍ ഏതാണ്ട് ഒരുമണിക്കൂറിനുളളില്‍തന്നെ ഈ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ റെയില്‍വെ പൊലീസ് ഇക്കാര്യങ്ങള്‍ അറിഞ്ഞ് ഇടപെടുന്നത് ഏതാണ്ട് പുലര്‍ച്ചെ മൂന്നരയോടെയാണ്. പത്തിലേറെ പേരടങ്ങിയ റെയില്‍വേ പൊലീസ് സംഘം എത്തിയതോടെ പേടി കൂടുകയാണ് ചെയ്തത്. ഉപദ്രവിക്കാന്‍ ശ്രമിച്ചവരെ പൊലീസ് പുറത്തിറക്കി കൊണ്ടുപോയെങ്കിലും കൂടെയുണ്ടായിരുന്ന വനിത പൊലീസുകാര്‍ എന്നെയും കൊണ്ടുപോകാനുളള ശ്രമത്തിലായിരുന്നു. അവര്‍ ബലപ്രയോഗം നടത്തുകയും ചെയ്തു. മാത്രമല്ല റെയില്‍വേയ്ക്കെതിരെ പോസ്റ്റ് ചെയ്ത വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ പന്തികേട് തോന്നിയ ഉടനെയാണ് മറ്റൊരു വിഡിയോയിലൂടെ ഇക്കാര്യം പബ്ലിക്കിനെ അറിയിച്ചത്. ഇതോടെയാണ് പൊലീസ് എന്നെ കൊണ്ടുപോകാനുളള ശ്രമത്തില്‍ നിന്ന് പിന്‍മാറിയത്. കള്ളക്കേസെടുത്ത് പിടിച്ച് അകത്തിടുമോ എന്ന് ഭയന്നിരുന്നു.’– ഹനാൻ വ്യക്തമാക്കി. 

നേരത്തെയും ഇതുപോലൊരു നോര്‍ത്ത് ഇന്ത്യന്‍ യാത്രയില്‍ റെയില്‍വെ ടി.ടി.ഇയുടെ ഭാഗത്ത് നിന്ന് ശാരീരികമായ ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും ഹനാൻ വെളിപ്പെടുത്തി.  അന്ന് അതിനെതിരെ റെയില്‍വേയ്ക്കു പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേ കാര്യം തന്നെ ഈ വിഷയത്തില്‍ ആവര്‍ത്തിക്കുമെന്നതിലെ സംശയവും ഹനാൻ പ്രകടിപ്പിച്ചു. ഹനാന്‍ തന്റെ ദുരനുഭവം ചൂണ്ടിക്കാട്ടി നിരത്തുന്ന കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധപതിയേണ്ട വിഷയമാണെന്നാണ് ഹനാന്റെ പോസ്റ്റിനുതാഴെ വരുന്ന കമന്റുകള്‍.

ഒരു എ‌സി ടിക്കറ്റോ സ്ലീപ്പര്‍ ടിക്കറ്റോ എടുക്കാന്‍ സാമ്പത്തികശേഷിയുളള വ്യക്തിയാണ് ഹനാന്‍. എന്നാല്‍ ടിക്കറ്റ് ലഭ്യമല്ലാതിരുന്ന സാഹചര്യത്തില്‍ വേറെ നിവൃത്തിയില്ലാതെയാണ് ഹനാന് ജനറല്‍ കംപാർട്മെന്റിൽ യാത്ര ചെയ്യേണ്ടിവന്നത്. അതേസമയം സ്ലീപ്പര്‍, എസി ടിക്കറ്റുകളെടുത്ത് യാത്ര ചെയ്യുമ്പോഴുണ്ടാകാത്ത സുരക്ഷാപ്രശ്‌നങ്ങളാണ് ജനറല്‍ കംപാർട്മെന്റിൽ കയറുന്ന ഓരോ സ്ത്രീയ്ക്കും അനുഭവിക്കേണ്ടി വരുന്നത്. രാത്രി യാത്ര ചെയ്യേണ്ടി വരുന്ന പാവപ്പെട്ട സ്ത്രീകള്‍ക്കു വലിയ തുക നല്‍കി ചിലപ്പോള്‍ റിസര്‍വേഷന്‍ ടിക്കറ്റെടുക്കാനാവണമെന്നില്ല. അങ്ങനെയുളള സ്ത്രീകള്‍ക്കു സുരക്ഷ വേണ്ടെന്നാണോ അധികൃതര്‍ ചിന്തിക്കുന്നതെന്നാണ് ഹനാന്‍ ചോദിക്കുന്നത്. സുരക്ഷിതമായ യാത്ര സ്ത്രീ യാത്രികരുടെ അവകാശമാണെന്നും ഈ വിഷയത്തില്‍ റെയില്‍ മന്ത്രാലയം അടിയന്തരമായ ശ്രദ്ധപതിപ്പിക്കണമെന്നും ഹനാൻ ആവശ്യപ്പെടുന്നു. 

English Summary: Hanan's Reaction About Train Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com