വിവാഹം ചെയ്തത് മാതാപിതാക്കളെ തൃപ്തിപ്പെടുത്താൻ ; ഭാവി നശിച്ചു : പൊട്ടിക്കരഞ്ഞ് വധു

പ്രതീകാത്മക ചിത്രം. Image Credit: monkeybusinessimages/ Istock
SHARE

കാലം എത്ര പുരോഗമിച്ചിട്ടും പെൺകുട്ടികളെ സ്വന്തം നിലയിൽ ജീവിക്കാൻ അനുവദിക്കാതെ വിവാഹം കഴിപ്പിക്കാൻ മാത്രം വ്യഗ്രത കാണിക്കുന്ന മാതാപിതാക്കളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. പ്രായപൂർത്തി എത്തിക്കഴിഞ്ഞാൽ വിവാഹം എന്നതു മാത്രമാണ് പെൺകുട്ടികളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യം എന്ന ചിന്ത വച്ചുപുലർത്തുന്നവർ അതിനായി അവരെ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്.  ജീവിതത്തെക്കുറിച്ച് കണ്ട സ്വപ്നങ്ങളെല്ലാം മാറ്റിവച്ച് ഒടുവിൽ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങേണ്ട ഗതികേടിൽ കഴിയുന്ന പെൺകുട്ടികളും ഏറെയാണ്. അത്തരത്തിൽ തന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ എല്ലാം വിവാഹത്തോടെ കരിഞ്ഞു പോയി എന്നോർത്ത് പൊട്ടിക്കരയുന്ന ഒരു നവ വധുവിന്റെ വിഡിയോയാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്.

വിവാഹദിനത്തിൽ വിവാഹ വസ്ത്രങ്ങളുമണിഞ്ഞിരിക്കുന്ന വധുവിനെ വിഡിയോയിൽ കാണാം. വിവാഹത്തെപ്പറ്റി താൻ ചിന്തിച്ചിരുന്നില്ല എന്ന് പെൺകുട്ടി പറയുന്നു. എന്നാൽ മാതാപിതാക്കൾ തന്റെ വിവാഹം മാത്രം സ്വപ്നം കണ്ട് കഴിയുകയായിരുന്നു.  അവർക്ക് പ്രായമേറി വരികയാണ്.  ബന്ധുക്കൾ എല്ലാവരും വിവാഹം എന്ന ഒറ്റ കാര്യം മാത്രം പറഞ്ഞു തന്നെ നിരന്തരം ശല്യപ്പെടുത്തുന്ന സാഹചര്യം. ഇതിനെല്ലാം പുറമേ വിവാഹം കഴിക്കാതെ തുടരുന്നതിനാൽ അയൽക്കാർ തന്നെപ്പറ്റി ഗോസിപ്പുകളും പറഞ്ഞു പരത്തുകയായിരുന്നു എന്ന് പെൺകുട്ടി പറയുന്നു.

നാലു വശത്തുനിന്നുമുള്ള സമ്മർദം സഹിക്കാൻ പറ്റാത്ത അവസ്ഥ വന്നതോടെ തന്റെ ഇഷ്ടങ്ങളെയും ഭാവിയെയും പറ്റി ചിന്തിക്കാതെ ഡേറ്റിങ്ങിലൂടെ പരിചയപ്പെട്ട ഒരു വ്യക്തിയെ ഉടൻതന്നെ കല്യാണം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. കണ്ടെത്തിയ വ്യക്തിയോട് പൂർണമായും താൽപര്യം തോന്നാതിരുന്നിട്ടും മറ്റൊരു നിവൃത്തിയുമില്ലാത്തതിനാൽ വിവാഹത്തിലേക്കു കടക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത്. മാതാപിതാക്കളുടെ മനസ്സമാധാനത്തിനു വേണ്ടി മാത്രമാണ് ഈ വിവാഹം എന്നും തന്റെ ഭാവി ഇല്ലാതായി എന്ന് തോന്നുന്നുണ്ട് എന്നും പൊട്ടിക്കരഞ്ഞുകൊണ്ട് നവവധു പറയുന്നുണ്ട്.

പെൺകുട്ടിയുടെ ദയനീയാവസ്ഥ ഓർത്ത് സഹതപിച്ചുകൊണ്ടാണ് പലരും വിഡിയോയ്ക്ക് പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇത്രയും നിരാശയോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന പെൺകുട്ടിക്ക് ഒരിക്കലും ആ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ആവില്ല. എന്നാൽ വിവാഹം കഴിഞ്ഞതോടെ അവളുടെ ജീവിതം സന്തോഷകരമായി എന്ന് മറ്റുള്ളവർ ചിന്തിക്കുകയും ചെയ്യുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. നിർബന്ധപൂർവമുള്ള ഒരു വിവാഹം അങ്ങേയറ്റം വേദനാജനകമാണെന്ന് മറ്റൊരാൾ കുറിക്കുന്നു.

എന്നാൽ മറ്റുള്ളവരെക്കാൾ കൂടുതൽ സ്വന്തം കാര്യത്തിന് തന്നെ പ്രാധാന്യം നൽകണം എന്ന് ഉപദേശിക്കുന്നവരും കുറവല്ല. ജീവിതം വളരെ ചെറുതാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി സ്വന്തം ജീവിതം നശിപ്പിച്ച് ത്യാഗം ചെയ്യേണ്ട കാര്യമുണ്ടോ എന്നും ഇവർ ചോദിക്കുന്നു. പെൺകുട്ടിക്ക് അങ്ങേയറ്റം വിഷമമുണ്ടെന്ന് വിഡിയോയിൽ വ്യക്തമാണ്. വരനായി തിരഞ്ഞെടുത്തിരിക്കുന്ന ആളെ സ്നേഹിക്കാൻ കഴിയാത്ത ഈയൊരു മനസ്ഥിതിയിൽ അത് അദ്ദേഹത്തെ വേദനിപ്പിക്കുന്ന തീരുമാനമല്ലേ എന്ന ചോദ്യവും മറ്റുചിലർ ഉയർത്തുന്നുണ്ട്.

English Summary: "Marrying Only To Satisfy Parents": Chinese Bride Breaks Down At Her Wedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS