ADVERTISEMENT

അമേരിക്കയിലുടനീളം അതിശൈത്യം പിടിമുറുക്കിയിരിക്കുന്ന വാർത്തകൾ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്.  വീടിന്റെ സുരക്ഷിതത്വത്തിനുള്ളിലിരുന്ന് പോലും തണുപ്പിനെ പ്രതിരോധിക്കാൻ കഴിയാതെ ജനങ്ങൾ വലയുന്നതിനിടെ ഭവനരഹിതയായ ഒരു സ്ത്രീയോട് സാൻ ഫ്രാൻസിസ്കോയിലെ ഒരു കടയുടമ കാണിച്ച ക്രൂരതയുടെ ദൃശ്യങ്ങളാണ്  കഴിഞ്ഞ ദിവസം പുറത്തുവന്നത്. കടയുടെ മുന്നിൽ നിന്നും മാറാൻ കൂട്ടാക്കിയില്ല എന്ന കാരണത്താൽ ഗാർഡൻ ഹോസ് ഉപയോഗിച്ച് സ്ത്രീയുടെ ദേഹത്തേക്ക് വെള്ളം ഒഴിക്കുകയാണ് കടയുടമ.

ആർട്ട് ഗ്യാലറി ഉടമയായ കോളിയർ ഗ്വിൻ എന്ന വ്യക്തിയാണ് ഭവന രഹിതയോട് ക്രൂരത കാണിച്ചത്. പുലർച്ചെ സമയത്ത് ഈ പ്രദേശത്തുകൂടി സഞ്ചരിക്കുകയായിരുന്ന എഡ്സൺ എന്ന വ്യക്തി ദയനീയമായ ഈ കാഴ്ച കണ്ട് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.  തണുത്തുറഞ്ഞ അവസ്ഥയിൽ ദേഹത്തേക്കു വെള്ളം ശക്തിയായി വന്നു പതിച്ചതോടെ സ്ത്രീ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ നിസ്സാരമായ കാര്യം എന്ന മട്ടിൽ കോളിയർ വഴിയരികിലെ ഗേറ്റിൽ ചാരിനിന്ന്  വെള്ളമൊഴിക്കുന്നത് തുടരുകയും ചെയ്തു.

ഈ കാഴ്ച കണ്ട് അക്ഷരാർത്ഥത്തിൽ താൻ അമ്പരന്നു പോയതായി എഡ്സൺ പറയുന്നു. താൻ അവിടെ നിന്നും മാറാമെന്ന് കേണപേക്ഷിച്ചുകൊണ്ടാണ് സ്ത്രീ നിലവിളിച്ചിരുന്നത്. എന്നാൽ അവരുടെ ദയനീയാവസ്ഥ കണ്ടിട്ടും അൽപം മനുഷ്യത്വം കാണിക്കാൻ കടയുടമ തയ്യാറായതുമില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ അത് വളരെ വേഗത്തിൽ പ്രചാരം നേടുകയും ചർച്ചാവിഷയമാവുകയും ചെയ്തു. ഒരു കോടിക്കടുത്ത് ആളുകൾ ദൃശ്യങ്ങൾ കണ്ടതോടെ ചില ഓൺലൈൻ മാധ്യമങ്ങളിലൂടെ കോളിയർ പ്രതികരണവും നടത്തി. എന്നാൽ തന്റെ ചെയ്തിയിൽ ഒട്ടും പശ്ചാത്താപമില്ല എന്നായിരുന്നു ഇയാളുടെ മറുപടി.

കടയ്ക്കു മുൻപിലുള്ള നിരത്ത് വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു താനെന്നും എന്നാൽ സ്ത്രീ അവിടെ നിന്നും മാറാൻ കൂട്ടാക്കിയിരുന്നില്ല എന്നുമാണ് കോളിയറിന്റെ പ്രതികരണം. അവിടെ നിന്നും മാറാൻ താൻ ആവശ്യപ്പെട്ടതോടെ അവർ കയ്യിൽ ഉണ്ടായിരുന്ന വസ്തുക്കൾ തനിക്ക് നേരെ എറിയുകയും തുപ്പാൻ ശ്രമിക്കുകയും ചെയ്തതായി ഇയാൾ പറയുന്നു. സ്ത്രീ നിലവിട്ടു പോകുന്നതായി തോന്നിയ സമയത്ത് മാത്രമാണ് താൻ ഹോസ് ഉപയോഗിച്ച് വെള്ളം തെറിപ്പിച്ച് അവരെ മാറ്റാൻ ശ്രമിച്ചത് എന്നാണ് വിശദീകരണം. ഇതിനെല്ലാം പുറമേ താൻ മുൻപ് ഈ സ്ത്രീയെ സഹായിക്കാൻ പലതവണ ശ്രമിച്ചിട്ടുണ്ട് എന്നും കോളിയർ പറയുന്നുണ്ട്.

ഈ വിശദീകരണങ്ങൾ പുറത്തുവന്ന ശേഷവും കോളിയറിന്റെ പ്രവർത്തി ന്യായീകരിക്കാനാവില്ല എന്നാണ് ജനങ്ങളുടെ പ്രതികരണം. ആർട്ട് ഗ്യാലറിക്കു തൊട്ടടുത്ത കെട്ടിടത്തിലെ റെസ്റ്റോറന്റ് ഉടമ പോലും കോളിയറിനെ പിന്തുണയ്ക്കാനാവില്ല എന്നാണ് പ്രതികരിച്ചിരിക്കുന്നത്. ഏത് സാഹചര്യത്തിലായാലും ഇത്തരത്തിൽ അപമര്യാദയോടെ ഒരു വ്യക്തിയോട് പെരുമാറുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. നാലുഭാഗത്തുനിന്നും വിമർശനങ്ങൾ ഉയരുമ്പോഴും തന്റെ പ്രവർത്തി തെറ്റായിപ്പോയി എന്ന് അംഗീകരിക്കാൻ കോളിയർ ഇനിയും തയാറായിട്ടില്ല

English Summary: Shocking moment San Francisco gallery owner – who once counted David Rockefeller and Arnold Schwarzenegger as clients – HOSES down a homeless woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com