പിരിച്ചുവിട്ട കമ്പനിക്കെതിരെ കോടതിയെ സമീപിച്ചു; ഒടുവിൽ യുവതിക്കു പിഴശിക്ഷ

1254993875
Representative Image. Photo Credit : Insdie Creative House / iStockPhoto.com
SHARE

കാരണം കാണിക്കാതെ പിരിച്ചു വിട്ട കമ്പനിക്കെതിരെ കോടതിയെ സമീപിച്ച യുവതിക്ക് പിഴ ശിക്ഷ വിധിച്ച് കനേഡിയന്‍ സിവില്‍ കോടതി. ജോലിസമയം പാഴാക്കിയതിനാണ് പരാതിക്കാരിയായ യുവതിയോടു പിഴയൊടുക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. യുവതിയുടെ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന ഒരു സോഫ്റ്റ്‌വെയറിലൂടെ ഏതാണ്ട് 50 മണിക്കൂറോളം ജോലിസമയം യുവതി പാഴാക്കി കളഞ്ഞതായി ജോലി ചെയ്തിരുന്ന സ്ഥാപനം ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് അസാധാരണ നടപടി. 

കാനഡയിലെ റീച്ച് സി.പി.എ എന്ന സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു കാള്‍ലീ ബെസ്സെ എന്ന യുവതി. കാര്യകാരണങ്ങളില്ലാതെ പെട്ടെന്നൊരു ദിവസം കാള്‍ലീയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എന്നാല്‍ കമ്പനി ശമ്പളമായും നഷ്ടപരിഹാരമായും 5,000 കനേഡിയന്‍ ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാള്‍ലീ സിവില്‍ ട്രിബ്യൂണലില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം അമ്പതുമണിക്കൂറിലേറെ സമയം യുവതി ജോലി സംബന്ധമല്ലാത്ത കാര്യങ്ങള്‍ക്കായി പാഴാക്കിയെന്ന് ചൂണ്ടിക്കാണിച്ച് കമ്പനി വക്താവ് കാള്‍ലീക്കെതിരെ കോടതിയില്‍ മൊഴി നല്‍കി. ജോലി സമയത്തില്‍ കാള്‍ലീ കൃത്രിമത്വം കാണിച്ചുവെന്നും കമ്പനി വക്താവ് ചൂണ്ടിക്കാണിച്ചു.

തൊഴിലാളികളുടെ ജോലി വിലയിരുത്തുന്നതിനായി ടൈംകാമ്പ് എന്ന പേരില്‍ ഒരു ട്രാക്കിങ് സോഫ്‌റ്റ്‌വെയർ നിലവിലുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതുപോലുളള സാഹചര്യങ്ങളില്‍ ജോലിക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനും വിലയിരുത്താനുമുളള മാര്‍ഗമായി പല കമ്പനികളും ഇപ്പോള്‍ ടൈംകാമ്പ് പോലുളള സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കുന്നുണ്ട്. ഇതിലൂടെ എത്ര നേരം ഒരു ഫയല്‍ തൊഴിലാളികള്‍ ഓപ്പണ്‍ ചെയ്തു വെയ്ക്കുന്നുണ്ടെന്നും ഡോക്യുമെന്റുകള്‍ അവര്‍ ഏതുതരത്തില്‍ ഉപയോഗിക്കുന്നുവെന്നും അറിയാന്‍ സാധിക്കും. ജോലിക്കു കേറുന്ന സമയവും എത്രനേരം ജോലി ചെയ്യുന്നുവെന്നു തുടങ്ങി എല്ലാ കാര്യങ്ങളും ടൈംകാമ്പില്‍ രേഖപ്പെടുത്തിയിരിക്കും. കാള്‍ലീയുടെ ലാപ്‌ടോപ്പിലും ഈ സോഫ്‌റ്റ്‌വെയർ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ ലഭിച്ച വിവരങ്ങള്‍ പ്രകാരം കാള്‍ലീയ്ക്ക് നല്‍കിയ ചുമതലകള്‍ നിശ്ചിത സമയത്തിനുളളില്‍ ചെയ്തുതീര്‍ത്തിട്ടില്ലെന്ന് കമ്പനി വക്താവ് കോടതിയെ അറിയിച്ചു. 

കാള്‍ലീ ജോലി ചെയ്തുവെന്ന് പറയുന്ന സമയങ്ങളില്‍ ചില കൃത്രിമത്വം കാണിച്ചതായി മനസിലായതിനെ തുടര്‍ന്നാണു പിരിച്ചുവിട്ടതെന്ന് കമ്പനി വക്താവ് കോടതിയില്‍ പറഞ്ഞു. അതേസമയം ടൈംകാമ്പിന് തന്റെ ജോലിയും സ്വകാര്യ ജീവിതവും വേര്‍തിരിച്ചറിയാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കാള്‍ലീ കോടതിയെ അറിയിച്ചു. അതേസമയം കമ്പനി വക്താവ് ലാപ്‌ടോപിന്റെ പലതരത്തിലുളള ഉപയോഗങ്ങള്‍ ടൈംകാമ്പില്‍ വേര്‍തിരിച്ച് രേഖപ്പെടുത്തുന്നത് കോടതിയെ കാണിച്ചു. അപ്പോള്‍ താന്‍ പല രേഖകളും പ്രിന്റ് എടുത്തിട്ടാണ് ജോലിചെയ്തിരുന്നതെന്നും അത്തരത്തിലുളള ജോലി കമ്പനിക്കു താത്പര്യമുണ്ടാവാന്‍ സാധ്യതയില്ലാത്തതിനാല്‍ അറിയിച്ചില്ലെന്നും കാള്‍ലീ കോടതിയില്‍ വാദിച്ചു.

ഫയലുകള്‍ പ്രിന്റെടുത്താല്‍ പ്രിന്റിങ്ങിന്റെ വിവരങ്ങളും സോഫ്‌റ്റ്‌വയർ രേഖപ്പെടുത്തും. എന്നാല്‍ അതുണ്ടായിട്ടുളളതായി കാണുന്നില്ലെന്നു കമ്പനി വക്താവ് പറഞ്ഞു. ഇതിനു പുറമെ കമ്പനിയുമായി നടത്തിയ ഒരു വിഡിയോ കോണ്‍ഫറന്‍സില്‍ താന്‍ തൊട്ടുനോക്കാത്ത ഫയലുകളിലേക്കു സമയം പ്ലഗ് ചെയ്തിരുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നും കാള്‍ലീതന്നെ പറഞ്ഞതായി കമ്പനി വക്താവ് പറഞ്ഞു. ഇതോടെ യുവതിയോട് 2,459.89 കനേഡിയന്‍ ഡോളര്‍ (ഏകദേശം ഒന്നര ലക്ഷം രൂപ) പിഴയൊടുക്കാന്‍ കോടതി ആവശ്യപ്പെടുകയായിരന്നു.

English Summary: Woman ordered to pay back employer for ‘time theft’ after computer software caught her slacking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS