ADVERTISEMENT

അന്ധവിശ്വാസങ്ങളുടെയും മന്ത്രവാദത്തിന്റെയും ചുവടുപിടിച്ച്  മനുഷ്യത്വരഹിതമായ പല പ്രവർത്തികൾക്കും ആളുകൾ മുതിരുന്നുണ്ട്. ഇവയ്ക്കെതിരെ നിയമ സംവിധാനങ്ങൾ നിലനിൽക്കുമ്പോഴും ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെതാണ് മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന.ത്. ഗർഭിണിയാകാൻ വൈകുന്നു എന്നതിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് മനുഷ്യന്റെ എല്ലുപൊടി നിർബന്ധിച്ചു കഴിപ്പിച്ചതായി പരാതി ഉന്നയിച്ചിരിക്കുകയാണ് ഒരു യുവതി.

 

പൂനെ പോലീസ് സ്റ്റേഷനിൽ പരാതിയുമായി യുവതി എത്തിയതോടെയാണ് സംഭവങ്ങൾ പുറത്തു വരുന്നത്. 2019ലായിരുന്നു യുവതിയുടെ വിവാഹം. അതിനുശേഷം പ്രദേശത്തെ മന്ത്രവാദിയുടെ നിർദേശപ്രകാരം ഭയപ്പെടുത്തുന്ന പല കർമങ്ങളും അനുഷ്ഠിക്കാനായി കുടുംബം തന്നെ നിർബന്ധിക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. അമാവാസി രാത്രികളിൽ വീട്ടിൽ വച്ച് മന്ത്രവാദക്രിയകൾ നടത്തിയിരുന്നു. അതിനുശേഷം അജ്ഞാതമായ ഏതോ ശ്മശാനത്തിൽ എത്തിച്ച് മനുഷ്യ ശവശരീരത്തിൽ നിന്നും വേർതിരിച്ചെടുത്ത എല്ല് പൊടിച്ചത് ഭക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി.

 

യുവതി ഗർഭിണിയാകുന്നതിന് ഈ ക്രിയകൾ നടത്തേണ്ടത് അനിവാര്യമാണെന്ന മന്ത്രവാദിയുടെ നിർദേശത്തെ തുടർന്നാണ് കുടുംബം അവരെ ഇതിന് നിർബന്ധിച്ചിരുന്നത്. ചില അവസരങ്ങളിൽ കൊങ്കൺ മേഖലയിലെ ഒരു വെള്ളച്ചാട്ടത്തിനു സമീപം യുവതിയെ എത്തിച്ചും  ഇവർ മന്ത്രവാദക്രിയകൾ നടത്തിയിരുന്നു. ഈ സമയങ്ങളിലെല്ലാം മന്ത്രവാദിയുമായി വിഡിയോ കോൾ ചെയ്ത് ഭർതൃവീട്ടുകാർ നിർദേശങ്ങൾ സ്വീകരിച്ചിരുന്നു എന്നും പരാതിയിൽ യുവതി വ്യക്തമാക്കിയിട്ടുണ്ട്. 

 

പരാതി പ്രകാരം യുവതിയുടെ ഭർത്താവും വീട്ടുകാരും മന്ത്രവാദിയും അടക്കം ഏഴുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർതൃ കുടുംബത്തിനെതിരെ രണ്ടു കേസുകളാണ് യുവതി ഫയൽ ചെയ്തിരിക്കുന്നത്. വിവാഹ സമയത്ത് പണവും സ്വർണാഭരണങ്ങളുമടക്കം സ്ത്രീധനം ആവശ്യപ്പെട്ടു എന്നതാണ് ഒന്നാമത്തെ പരാതി. ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾക്കു  പുറമേ മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന നിയമത്തിലെ മൂന്നാം വകുപ്പും ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് പൂനെ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായ സുഹൈൽ ശർമ അറിയിക്കുന്നു.പരാതിയെ തുടർന്ന് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. പരാതിയിൽ പരാമർശിച്ചിരിക്കുന്ന ശ്മശാനം കണ്ടെത്തി അന്വേഷണം നടത്തിവരികയാണ്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനോടൊപ്പം പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

 

English Summary: Pune Woman Forced To Eat Powdered Human Bones To Conceive Child, 7 Charged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com