വിവാഹമോചനമെന്നതു നിസാര കാര്യമല്ല. കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്കു പുറമെ നിരവധി നൂലാമാലകള്‍ കടന്നുവേണം വിവാഹമോചനത്തിലേക്ക് എത്താന്‍. ഇതിനെല്ലാം പുറമെ മറ്റുളളവരുടെ ഉപദേശങ്ങളും ശാപവാക്കുകളും എപ്പോഴും പിന്തുടരുന്നുണ്ടാവും. ഇതുകൊണ്ടെല്ലാം വിവാഹമോചനമെന്നത് പല സ്ത്രീകള്‍ക്കും ചിന്തിക്കാന്‍ തന്നെ സാധിക്കില്ല. ഇനി വിവാഹമോചനം ലഭിച്ചാല്‍ തന്നെ സ്ത്രീകളുടെ മുന്നോട്ടുളള ജീവിതം ആശങ്ക നിറഞ്ഞതായിരിക്കും. എന്നാല്‍ വിവാഹമോചനത്തോടെ ഇഷ്ടജീവിതം നയിക്കാനായാല്‍ അതൊരു ഭാഗ്യമാണ്. അത്തരം ഭാഗ്യം ലഭിച്ച് വിവാഹമോചനത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുകയാണ് ശാശ്വതി ശിവ എന്ന യുവതി. ശാശ്വതി ശിവയുടെ വിവാഹമോചന ആശംസകള്‍ പറയുന്ന ട്വിറ്റര്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
2019ലാണ് ശാശ്വതി ശിവ എന്ന യുവതി വിവാഹ മോചിതയാവുന്നത്. അത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായാണ് ശാശ്വതി കാണുന്നത്. 'ഡിവോഴ്‌സറി' എന്ന പേരിട്ടാണ് ശാശ്വതി തന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്. കോപ്പിറൈറ്ററായി ജോലി ചെയ്യുന്ന ശാശ്വതി ശിവ പോസ്റ്റിനൊപ്പം സമാധാനത്തോടെ കാപ്പി കുടിക്കുന്ന ഒരു ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്. 'നാലു വര്‍ഷത്തെ സ്വാതന്ത്ര്യം. ഒരു ദിവസം പോലും നിസാരമായി കാണുന്നില്ല. ഞാന്‍ സന്തോഷകരമായ വിവാഹമോചന വാര്‍ഷികം ആഘോഷിക്കുകയാണിന്ന്. ഹാപ്പി ഹാപ്പീസ് ടു മീ '- എന്നാണ് ശാശ്വതി ശിവ പോസ്റ്റില്‍ കുറിച്ചത്.
നാലു വര്‍ഷം മുമ്പ് ഈ ദിവസം ഞാന്‍ വിവാഹമോചിതയായി. എല്ലാ കൊല്ലവും ഈ ദിവസത്തെ എനിക്ക് സ്വാതന്ത്ര്യം ലഭിച്ച ദിനമായി ആഘോഷിക്കുന്നു. അത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കഴിഞ്ഞ നാല് കൊല്ലത്തില്‍ എന്റെ തീരുമാനത്തോട് നന്ദി പറയാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ലെന്നും ശാശ്വതി കുറിക്കുന്നു. അതേസമയം വിവാഹമോചനം സംബന്ധിച്ച് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെ മാറ്റേണ്ടത് തന്റെ കൂടി കടമയായാണ് ശാശ്വതി കാണുന്നത്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇതുസംബന്ധിച്ച് അവര്‍ പലരോടും സംസാരിക്കുകയും അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു. വിവാഹമോചനത്തിനെ അംഗീകരിക്കുന്ന 75ഓളം സപ്പോര്‍ട് ഗ്രൂപ്പുകളാണ് ശാശ്വതി ഇതിനകം രൂപീകരിച്ചത്.
അഞ്ഞൂറിലേറെ അംഗങ്ങള്‍ വരുന്ന ടെലഗ്രാം ചാനലും ശാശ്വതിയുടെ നേതൃത്വത്തിലുണ്ട്. അതിലൂടെയെല്ലാം ഒരു വിവാഹമോചിത അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളും മറ്റു ബുദ്ധിമുട്ടുകളുമെല്ലാം ശാശ്വതി പങ്കുവെച്ചു. അത്തരം കാര്യങ്ങള്‍ മറ്റ് സ്ത്രീകള്‍ക്കും പങ്കുവെയ്ക്കാനുളള ഒരു വേദി കൂടിയാണ് ശാശ്വതിയുടെ ഗ്രൂപ്പുകള്‍. തന്നെ പോലുളള സ്ത്രീകള്‍ക്ക് മുന്നോട്ട് ജീവിക്കാനുളള ഊര്‍ജമാണ് ശാശ്വതി ഇതിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
വിവാഹമോചിതയെ ഇന്നും മിക്ക ആളുകള്‍ക്കും അംഗീകരിക്കാന്‍ മടിയാണ്. അത് ഒരു വ്യക്തിയുടെ തീരുമാനമായി ആരും പരിഗണിക്കുന്നില്ല. അത് മാറേണ്ട ചിന്തയാണെന്നും ശാശ്വതി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ #DivorceIsNormal എന്ന ഹാഷ് ടാഗില്‍ ഒരു സപ്പോര്‍ട് ഗ്രൂപ്പ് ഉണ്ട് ശാശ്വതിക്ക്. വിവാഹമോചിത എന്ന നിലയിലല്ലാതെ ഒരു സിംഗിള്‍ ലേഡി എന്ന നിലയില്‍ പരിഗണിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും ശാശ്വതി പറയുന്നു. അതേസമയം വിവാഹമോചിതയായിട്ടും സന്തോഷകരമായ ജീവിതം നയിക്കുന്നതില്‍ നിരവധി പേരാണ് ശാശ്വതിയെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
English Summary: Woman celebrates 4 years of her divorce with heartwarming post. Internet is inspired