ADVERTISEMENT

കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഏതാണ്ട് അവസാനിച്ചതോടെ വിവാഹാഘോഷങ്ങളും പഴയ പ്രതാപം വീണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇത്തരം വിവാഹാഘോഷങ്ങൾ മൂലം സമ്മർദ്ദത്തിലാവുന്നത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും നിരന്തരമായ ചോദ്യങ്ങൾ കേട്ടുമടുത്ത  അവിവാഹിതരായ പെൺകുട്ടികളാണ്. സമൂഹം പരിധി വച്ചിരിക്കുന്ന വിവാഹപ്രായം കഴിഞ്ഞിട്ടും കുടുംബജീവിതത്തിലേക്ക് കടക്കാത്ത പെൺകുട്ടികൾക്ക് ചുറ്റുമുള്ളവർ നൽകുന്ന ഈ മാനസിക സമ്മർദം അത്ര ചെറിയ കാര്യമല്ല.  എന്നാൽ സ്വന്തമായി ഒരു തിരഞ്ഞെടുപ്പിന് അവസരമുണ്ടെങ്കിൽ അവിവാഹിതരായി ഒറ്റയ്ക്കുള്ള ജീവിതം നയിക്കാനാണു താൽപര്യപ്പെടുന്നത് എന്ന് പറയുകയാണ് ഇന്ത്യയിലെ 81 ശതമാനം പെൺകുട്ടികളും. ഡേറ്റിങ് ആപ്പായ ബംബിൾ നടത്തിയ സർവ്വേയാണ് ഇക്കാര്യം വെളിവാക്കുന്നത്.

 

ഡേറ്റിങ് നടത്തുന്ന ഇന്ത്യക്കാരിൽ അഞ്ചിൽ രണ്ടുപേരും (39 ശതമാനം) പരമ്പരാഗത രീതിയിൽ ജീവിതപങ്കാളികളെ കണ്ടെത്താൻ വീട്ടുകാർ നിർബന്ധിക്കുന്നതായാണ്  പ്രതികരിച്ചിരിക്കുന്നത്. വിവാഹങ്ങൾക്ക് അനുയോജ്യമായി കരുതപ്പെടുന്ന സമയങ്ങളിൽ  ദീർഘകാല ദാമ്പത്യത്തിലേക്ക് കടക്കാൻ നാലുവശത്തു നിന്നും നിർബന്ധിക്കപ്പെടുന്നതായി 33 ശതമാനം ആളുകൾ പ്രതികരിക്കുന്നു. വിവാഹബന്ധത്തിനു നിർബന്ധിക്കുന്നതിനോടൊപ്പംതന്നെ ഒറ്റയ്ക്കുള്ള ജീവിതം നയിക്കുന്നവരെ മോശക്കാരായി കാണുന്ന പ്രവണതയും നിലനിൽക്കുന്നുണ്ട്. 

 

വിവാഹപ്രായം എത്തിയിട്ടും കുടുംബ ബന്ധത്തിലേക്ക് കടക്കാത്തത് ഉടൻ പരിഹാരം കണ്ടെത്തേണ്ട ഒരു പ്രശ്നമാണെന്ന തരത്തിലാണ് സമൂഹവും ബന്ധുക്കളും നോക്കിക്കാണുന്നത്. വിവാഹം കഴിക്കാതെയുള്ള ജീവിതം ഒരു താൽക്കാലിക അവസ്ഥ എന്നതിനപ്പുറം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഉറച്ച തീരുമാനമായി അംഗീകരിക്കാൻ സമൂഹത്തിനു സാധിക്കുന്നില്ല. എന്നാൽ ഇന്ത്യക്കാരായ പെൺകുട്ടികൾക്കിടയിൽ ഈ രീതിക്ക് മാറ്റം വന്നു തുടങ്ങുന്നതായും സർവേ ചൂണ്ടിക്കാണിക്കുന്നു.  അവാഹിതരായ ഇന്ത്യക്കാർ, പ്രത്യേകിച്ചു പെൺകുട്ടികൾ, തനിച്ചുള്ള ജീവിതം നയിക്കാൻ ബോധപൂർവമായ ഉറച്ച തീരുമാനമെടുക്കുന്നതായും വ്യക്തിഗത താത്പര്യങ്ങൾക്ക് സമൂഹത്തെക്കാൾ കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങിയതായുമാണ് സർവ്വേയിലെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാനാവുന്നത്. 

 

വിവാഹം കഴിക്കാതെ തനിച്ചുള്ള ജീവിതം കൂടുതൽ സുഖകരമായി തോന്നുന്നതായി 81 ശതമാനം പെൺകുട്ടികളും പ്രതികരിച്ചിട്ടുണ്ട്. ഡേറ്റിങ്ങിൽ ഏർപ്പെടുന്ന വ്യക്തിക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവയ്ക്കാനാവില്ല എന്നാണ് 63 ശതമാനവും പ്രതികരിച്ചിരിക്കുന്നത്. ഏറ്റവും അനുയോജ്യനെന്ന് തോന്നുന്ന വ്യക്തിയെ കണ്ടെത്തുന്ന കാലം വരെ കാത്തിരിക്കാൻ തയ്യാറാണെന്ന് 83 ശതമാനം പെൺകുട്ടികളും പറയുന്നു. 

 

അവിവാഹിത എന്നത് ഐഡന്റിറ്റിയുടെ ഭാഗമായി കാണാൻ പോലും സമൂഹത്തിന് മടിയില്ല. ഇക്കാരണംകൊണ്ട് ബന്ധുക്കൾ ഒത്തുചേരുന്ന ആഘോഷങ്ങളിൽ പോകാൻ തന്നെ മടിക്കുന്ന പെൺകുട്ടികളും ഉണ്ട്. സന്തോഷത്തോടെ പങ്കെടുക്കേണ്ട ആഘോഷങ്ങളിൽ പലതിലും അവിവാഹിതയായിരിക്കുന്നത് ഒരു കുറവായി കണ്ട് കുറ്റപ്പെടുത്തുന്ന ആളുകളെ ഭയന്ന് അങ്ങേയറ്റം ഉത്കണ്ഠയോടെ പങ്കെടുക്കേണ്ടിവരുന്നതായി  ഭൂരിഭാഗം പെൺകുട്ടികളും പറയുന്നു.

 

English Summary: 81% women in India feel more at ease being unmarried, living alone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com