ADVERTISEMENT

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്ര സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ സ്ത്രീകൾക്കായി പുതിയ ചെറുകിട സമ്പാദ്യ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. മഹിളാ സമ്മാൻ ബചത് പത്ര എന്ന പേരിലാണ് പുതിയ നിക്ഷേപ പദ്ധതി ആരംഭിക്കുന്നത്. ഒറ്റത്തവണത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി സ്ത്രീകൾക്കും പെൺകുട്ടികൾക്കും 2025 മാർച്ച് വരെ ലഭ്യമാകും. പദ്ധതിയുടെ പലിശ നിരക്ക് 7.5 ശതമാനമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്.

ഭാഗികമായി പിൻവലിക്കാനുള്ള വ്യവസ്ഥയോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 2.5 ലക്ഷം രൂപയുടെ നിക്ഷേപ സൗകര്യം പദ്ധതിക്കു കീഴിൽ ലഭ്യമാകുമെന്നും ബജറ്റ് അവതരണത്തിൽ നിർമല സീതാരാമൻ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനായി വിഭാവനം ചെയ്തിട്ടുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ഇത്തരമൊരു നിക്ഷേപ പദ്ധതിക്കു രൂപം നൽകിയിരിക്കുന്നത്. ഈ നിക്ഷേപ പദ്ധതി രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക ശാസ്ത്രീകരണത്തിനു പ്രോത്സാഹനമാകും എന്നാണ് പ്രതീക്ഷ.  

81 ലക്ഷം സ്വയം സഹായ സംഘങ്ങളിലേക്കു ഗ്രാമീണ മേഖലയിലെ സ്ത്രീകളെ എത്തിക്കാൻ കഴിഞ്ഞതോടെ ദീന ദയാൽ അന്ത്യോദയ യോജന നാഷണൽ റൂറൽ ലൈവ്ലിഹുഡ് എന്ന പദ്ധതി ശ്രദ്ധേയമായ വിജയം കൈവരിച്ചു. സാമ്പത്തിക ശാക്തീകരണത്തിന്റെ അടുത്തഘട്ടത്തിലേക്ക് ഈ സംഘങ്ങളെ എത്തിക്കാനായി ആയിരക്കണക്കിന് അംഗങ്ങൾ ഉൾപ്പെടുന്ന വലിയ ഉൽപാദന സംരംഭങ്ങൾ രൂപീകരിക്കും. ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുകയും വിപണിയിൽ എത്തിക്കാനുള്ള സഹായങ്ങൾ ഒരുക്കുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

English Summary: Project For Women In Union Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com