സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയെക്കുറിച്ച് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. വന്‍തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും പറ്റിക്കുന്നതിന് വേണ്ടി തന്റെ രൂപസാദൃശ്യമുള്ള നിരപരാധിയെ വധിച്ചയാളാണ് സുകുമാരക്കുറുപ്പ്. ഇതേസുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം അങ്ങ് ജര്‍മനിയിലും നടന്നിരിക്കുന്നു. ഈ കേസില്‍ പക്ഷേ പ്രതി ഒരു 23 വയസ്സുള്ള യുവതിയാണെന്ന് മാത്രം.
തെക്കന്‍ ജര്‍മനിയിലെ ഇങ്കോള്‍സ്റ്റാഡ് എന്ന സ്ഥലത്താണ് ആരെയും ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. കഴിഞ്ഞ വേനല്‍കാലത്ത് ഒരു യുവതിയുടെ മൃതദേഹം മെഴ്‌സീഡസ് കാറിന്റെ പിന്നില്‍ നിന്ന് കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അമ്പതിലേറെ കുത്തുകളേറ്റ മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ ഓഗസ്റ്റില്‍ 23 വയസ്സുളള ഷെറാബാന്‍ എന്നുപേരുളള ഒരു ജര്‍മന്‍- ഇറാഖി യുവതി ഇങ്കോള്‍സ്റ്റഡിലേക്ക് യാത്ര ചെയ്തിരുന്നു. പിണങ്ങി വേറെ താമസിക്കുന്ന ഭര്‍ത്താവിനെ കാണാന്‍ പോയ അവര്‍ തിരിച്ചെത്തിയില്ല. ഷെറാബാനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ അവരുടെ മെഴ്‌സീഡസ് കാര്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഈ കാറില്‍ നിന്നും ഒരു യുവതിയുടെ മൃതദേഹം ലഭിക്കുകയും ചെയ്തു.
കാറില്‍ നിന്ന് ലഭിച്ച യുവതിയുടെ മൃതദേഹത്തിന് ഷെറാബാനുവുമായി വളരെ രൂപസാദൃശ്യമുണ്ടായിരുന്നതിനാല്‍ ആര്‍ക്കും ആദ്യം സംശയം തോന്നിയില്ല. ഷെഹറാബാനുവിന്റെ വീട്ടുകാര്‍ പോലും കരുതിയത് അത് അവരുടെ മകളാണെന്നായിരുന്നു. നല്ല ബന്ധത്തിലല്ലായിരുന്ന ഭര്‍ത്താവ് തന്നെ ഷെറാബാനുവിനെ കൊലപ്പെടുത്തിയതായിരിക്കാമെന്നാണ് കുടുംബവും നടത്തിയത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ യഥാര്‍ഥത്തില്‍ കൊല്ലപ്പെട്ടത് ഖദീജ എന്ന യുവതിയാണെന്ന് പൊലീസ് കണ്ടെത്തിയത് വഴിത്തിരിവായി. ഇതോടെ വ്യക്തമായ പദ്ധതിയോടെ ഷെറാബാന്‍ മറ്റൊരു നിരപരാധിയായ യുവതിയെ വധിച്ചെന്ന് മനസിലായി. ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് തന്നോട് രൂപ സാദൃശ്യമുള്ളയാളെ ഷെറാബാന്‍ കണ്ടെത്തിയതെന്നും പൊലീസ് മനസിലാക്കിയിട്ടുണ്ട്. താന്‍ മരിച്ചെന്ന് ലോകത്തെ വിശ്വസിപ്പിക്കാനായിരുന്നു സുകുമാരക്കുറുപ്പിനെ പോലെ ഷഹറാബാന്റേയും ശ്രമം. കുടുംബത്തെ ഒഴിവാക്കി കാമുകനൊപ്പം കഴിയാനാണ് ഷെറാബാന്‍ ഈ കടുംകൈ ചെയ്തതെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തില്‍ കാമുകന്‍ ഷെഖിറിനും പങ്കുണ്ടെന്ന് പൊലീസ് കരുതുന്നുണ്ട്.
ഡാന്യൂബ് നദിയുടെ കരയില്‍ നിന്നാണ് ഷെറാബാനിന്റെ കാര്‍ കണ്ടെത്തിയത്. ഈ പ്രദേശത്താണ് ഷഹറാബാനിന്റെ കൊസോവന്‍ കാമുകന്‍ ഷെഖിര്‍ കെ താമസിക്കുന്നതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കാമുകനൊപ്പം ജീവിക്കാന്‍ യുവതി ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്തുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അതേസമയം കേസ് സംബന്ധിച്ച് ഇനിയും ഒട്ടേറെ തെളിവുകള്‍ ലഭിക്കാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇതൊരു അസാധാരണമായ കേസാണെന്നും അന്വേഷണ സംഘം വളരെ ഗൗരവത്തിലാണ് ഇത് നോക്കികാണുന്നതെന്നും അന്വേഷണ സംഘത്തിന്റെ വക്താവ് ആഡ്രിയാസ് ഐക്കല്‍ അറിയിച്ചു. ഇത്തരത്തില്‍ വിചിത്രമായ കേസുകളുണ്ടാവുന്നത് വളരെ വിരളമാണ്. മൃതശരീരം കണ്ടെത്തിയപ്പോള്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോവാന്‍ ഒരു തെളിവും ഉണ്ടായിരുന്നില്ല. പിന്നീട് അന്വേഷണ സംഘത്തിന് മുമ്പാകെ ഓരോ തെളിവുകളും വെളിപ്പെടുകയായിരുന്നു. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ഷെറാബാനും കാമുകനുമെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് ജര്‍മന്‍ പൊലീസ്.
English Summary: Murderer faked own death by tracking down and killing doppelgänger