മെൻസ്ട്രുവൽ കപ്പിന്റെ പ്രചരണത്തിനായി 10 കോടി; സ്ത്രീകൾക്കായി ബജറ്റിൽ വിവിധ പദ്ധതികൾ

menstrulcup-new
Image Credit∙ zoranm/ Istock
SHARE

സംസ്ഥാന സർക്കാരിന്റെ 2023 - 24 വർഷത്തെ സമ്പൂർണ ബജറ്റിൽ മെൻസ്ട്രുവൽ കപ്പിന്റെ പ്രചരണത്തിനായി പത്തുകോടി രൂപ വകയിരുത്തി. സാനിറ്ററി നാപ്കിനുകൾക്കു പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ ബദൽ മാർഗം എന്ന നിലയിൽ മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലും തൊഴിലിടങ്ങളിലും സർക്കാരിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികളും പ്രചാരണവും സംഘടിപ്പിക്കും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പിലാക്കൽ അവലോകനം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കായി 14 കോടി രൂപയും ബജറ്റിൽ നീക്കിയിരിപ്പുണ്ട്.

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമായി വിഭാവനം ചെയ്തിട്ടുള്ള നിർഭയ–വനിത സ്വയം പ്രതിരോധ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പത്തുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിൽ നടത്തിവരുന്ന വിവിധ പദ്ധതികൾക്കായി 19.30 രൂപ ബജറ്റിൽ വകയിരുത്തിയിരിക്കുന്നു. സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും ലക്ഷ്യമിട്ട് ആരംഭിച്ച ജൻഡർ പാർക്ക് സംരംഭത്തിന്റെ പ്രവർത്തനങ്ങൾക്കായി പത്തുകോടി രൂപ നീക്കി വച്ചിരിക്കുന്നതായും ധനമന്ത്രി അറിയിച്ചു. ഇതിനു പുറമേ വനിതാ  സഹകരണ സംഘങ്ങൾക്കും വനിതാ ഫെഡിനും സഹായം അനുവദിക്കുന്നതിനായി 2.50 കോടി രൂപ നൽകും.

പട്ടികവർഗവിഭാഗത്തിലുള്ള സ്ത്രീകൾക്ക് പ്രസവകാലത്ത് സഹായധനം നൽകാനുള്ള ജനനി ജന്മരക്ഷാ പദ്ധതിക്കായി 17 കോടി രൂപയും പട്ടികവർഗ്ഗ യുവതികളുടെ വിവാഹ ധനസഹായം പദ്ധതിക്കായി ആറു കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി യുവതികൾക്ക് വിവാഹ ധനസഹായം നൽകുന്നതിലേയ്ക്കായി 84.39 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

English Summary: Project For Women In Kerala Budget

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS