യന്ത്രതകരാറുമൂലം വിമാനയാത്ര മുടങ്ങിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ബോര്‍ഡിങ് പാസ് ലഭിക്കാന്‍ വൈകിയതിനാല്‍ യുവതിക്ക് ടിക്കറ്റെടുത്ത വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയും പുതിയ ടിക്കറ്റെടുക്കേണ്ടി വരികയും ചെയ്തിരുന്നു. ഈ ടിക്കറ്റിന്റെ തുകയും കോടതി നടപടികളുടെ ചെലവും നഷ്ടപരിഹാരവും അടക്കം നല്‍കാനാണ് ഉപഭോക്തൃ കോടതി ഇന്‍ഡിഗോ എയര്‍ലൈന്‍സിനോട് ഉത്തരവിട്ടിരിക്കുന്നത്.
ബെംഗളൂരു സ്വദേശിനിയായ 48കാരി രേവതി ആദിനാഥ് നാര്‍ദെക്കു ജോലിയുമായി ബന്ധപ്പെട്ട് 2019 മാര്‍ച്ച് ഒന്നിന് അത്യാവശ്യമായി ഡല്‍ഹിയിലെത്തണമായിരുന്നു. അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന രേവതി ഇന്‍ഡിഗോ ഫ്ളൈറ്റാണ് ബുക്ക് ചെയ്തിരുന്നത്. യാത്രക്കായി അന്നേദിവസം പുലര്‍ച്ചെ നാലുമണിക്ക് കെമ്പഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുകയും ചെയ്തു.
തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്റെ ഒരു ഗ്രൗണ്ട് സ്റ്റാഫ് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്ന് ബോര്‍ഡിങ് പാസെടുക്കാനായി രേവതിയോട് നിര്‍ദേശിച്ചു. പലതവണ ശ്രമിച്ചിട്ടും ബോര്‍ഡിങ് പാസ്, മെഷീനില്‍ നിന്ന് ലഭിച്ചില്ല. രേവതി ചെക്കിന്‍ കൗണ്ടറിലേക്കു തിരികെ ചെന്ന് പാസ് കിട്ടാത്ത കാര്യം അറിയിച്ചു. അതോടെ അവര്‍ ഉടനെ ബോര്‍ഡിങ് പാസ് നല്‍കി. പിന്നീട് സുരക്ഷാ പരിശോധനകളെല്ലാം ചെയ്ത് ബോര്‍ഡിംഗ് ഗേറ്റിലേക്ക് രേവതി എത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു.
അതോടെ അവിടത്തെ ഉദ്യോഗസ്ഥര്‍ രേവതിയെ തടഞ്ഞു. ഇന്‍ഡിഗോ വെന്‍ഡിങ് മെഷീന്റെ തകരാറ് കാരണമാണ് വൈകിയതെന്ന് രേവതി വ്യക്തമാക്കിയിട്ടും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്ന നിലപാടിലായിരുന്നു ബോര്‍ഡിങ് ഗേറ്റിലെ ഉദ്യോഗസ്ഥര്‍. മാത്രമല്ല വൈകിയതു കാരണം രേവതിക്കു യാത്ര ചെയ്യാനുളള അനുമതി നിഷേധിക്കുകയും ചെയ്തു.
അതേസമയം ഡല്‍ഹിയിലേക്ക് അത്യാവശ്യമായി പോകേണ്ടതിനാല്‍ തന്നെ രേവതി അടുത്ത ഫ്ളൈറ്റ് ഉടനെ ബുക്ക് ചെയ്തു. 12,980 രൂപ അടച്ച് പുതിയ ഇന്‍ഡിഗോ ഫ്ളൈറ്റ് ടിക്കറ്റെടുത്താണ് രേവതി തുടര്‍ന്ന് ഡല്‍ഹിക്കു പോയത്. എയര്‍ലൈന്‍സിന്റെ മോശം സമീപനത്തിനെതിരെ പരാതികൊടുക്കാന്‍ അതോടെ രേവതി തീരുമാനിക്കുകയായിരുന്നു. തിരികെ ബെംഗളൂരുവില്‍ എത്തിയശേഷം രേവതി വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസറെയും നോഡല്‍ ഓഫീസറെയും നേരില്‍ ചെന്നു കണ്ട് തന്റെ പരാതി അറിയിച്ചു. മാത്രമല്ല എയര്‍ലൈന്‍സിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു.
സ്ത്രീ യാത്രികര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു എയര്‍ലൈന്‍സിന്റെ ഭാഗത്തുനിന്നുളള സമീപനം. അവരുടെ വെന്‍ഡിങ് മെഷീന്‍ തകരാറ് കാരണം രേവതിക്ക് വീണ്ടും വന്‍തുക നല്‍കി ടിക്കറ്റെടുത്ത് യാത്രചെയ്യേണ്ടി വന്നത് എയര്‍ലൈന്‍സിന്റെ കെടുകാര്യസ്ഥതയായി കോടതി വിലയിരുത്തി. തുടര്‍ന്ന് രണ്ടാമത്തെ ടിക്കറ്റിനായി രേവതിക്ക് ചിലവായ 12,980 രൂപ തിരിച്ചു നല്‍കാനും നഷ്ടപരിഹാരമായി 5,000 രൂപയും, കോടതി ചിലവുകള്‍ക്കായി 3,000 രൂപയും 45 ദിവസങ്ങള്‍ക്കുളളില്‍ നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
Englilsh Summary: Bengaluru woman refused flight entry wins Rs 8,000, refund