ഇന്ധനം നിറച്ച ശേഷം പണം എറിഞ്ഞുകൊടുത്ത് കാറുടമ: പൊട്ടിക്കരഞ്ഞ് പെട്രോൾ പമ്പ് ജീവനക്കാരി

car-woman
Screen Grab From Video∙ FacelessMen/ Twitter
SHARE

ശമ്പളം ലഭിക്കുമെങ്കിൽകൂടി തങ്ങളുടെ സമയം ചിലവാക്കി ഒരാൾ ചെയ്തുതരുന്ന സേവനത്തിന് ബഹുമാനം നൽകേണ്ടതുണ്ട്. എന്നാൽ വൈറ്റ് കോളർ ജോലികൾ ചെയ്യാത്തവരെ താഴെക്കിടയിലുള്ളതായി കണക്കാക്കുന്നവർ ഏറെയാണ്. ഇത്തരത്തിൽ ജോലി ചെയ്യുന്നവർ സ്ത്രീകളാണെങ്കിൽ പറയുകയും വേണ്ട. സമാനമായ രീതിയിൽ ഒരു പെട്രോൾ പമ്പിലെ ജീവനക്കാരിയെ അവഗണയോടെ കണ്ട കാർ യാത്രികരുടെ ദൃശ്യങ്ങളാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്.

സിഷ്വാൻ പ്രവിശ്യയിലെ ഒരു പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. വിലമതിപ്പുള്ള ഒരു കാർ ഇന്ധനം നിറയ്ക്കാനായി കാത്തുകിടക്കുന്നത് വിഡിയോയിൽ കാണാം. പമ്പിലെ ജീവനക്കാരി ഒട്ടുംവൈകാതെ വാഹനത്തിൽ ഇന്ധനം നിറച്ചു. അതിനുശേഷം അതീവ ശ്രദ്ധയോടെ അവർ കാറിന്റെ പെട്രോൾ ടാങ്ക് അടയ്ക്കുകയും ചെയ്തു.

തൊട്ടു പിന്നാലെ പണം വാങ്ങാനായി പിൻസീറ്റിൽ ഇരുന്നവർക്ക് അരികിലേക്ക് നീങ്ങിയതായിരുന്നു വനിത. പണം എടുക്കുന്നത് കണ്ട് വാങ്ങാനായി കൈനീട്ടിയെങ്കിലും നോട്ടുകൾ അവരുടെ കയ്യിലേക്ക് ഏൽപ്പിക്കാതെ തറയിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് കാറിലുണ്ടായിരുന്നവർ ചെയ്തത്. എറിഞ്ഞ നോട്ടുകൾ പലയിടങ്ങളിലായി ചിതറി വീഴുന്നത് വിഡിയോയിൽ കാണാം. സംഭവിക്കുന്നത് എന്താണെന്ന്  മനസ്സിലാകാതെ പമ്പ് ജീവനക്കാരി ഒരു നിമിഷത്തേക്ക് ആശയക്കുഴപ്പത്തിലായി. എന്നാൽ പരാതി ഒന്നും പറയാതെ അവർ ആ നോട്ടുകൾ പെറുക്കി എടുക്കുകയും ചെയ്തു.

അപ്പോഴേക്കും കാർ പമ്പ് വിട്ടു പോയിരുന്നു. നോട്ടുകൾ എടുത്ത ശേഷം താൻ നേരിട്ട അപമാനം ഓർത്ത് ജീവനക്കാരി പൊട്ടിക്കരയുകയായിരുന്നു. മനുഷ്യൻ എന്ന നിലയിലുള്ള പരിഗണന പോലും നൽകാതെ കാർ യാത്രികർ പെരുമാറിയതാണ് അവരെ അങ്ങേയറ്റം വേദനിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടതോടെ വളരെ വേഗത്തിൽ വൈറലായി. കാറിൽ ഉണ്ടായിരുന്നവരുടെ മനുഷ്യത്വരഹിതമായ പ്രവർത്തി കണ്ട് അങ്ങേയറ്റം രോഷാകുലരായാണ് ജനങ്ങൾ പ്രതികരിക്കുന്നത്. 

എന്നാൽ പ്രാദേശിക മാധ്യമങ്ങളിൽ വാർത്താക്കുറിപ്പുകൾ വന്നതോടെ പ്രതികരണവുമായി കാറുടമ രംഗത്തെത്തി. തിരക്കിലായിരുന്നതിനാൽ അബദ്ധത്തിൽ സംഭവിച്ചു പോയതാണെന്നും പണം നിലത്തേക്ക് വലിച്ചെറിയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ്  വിശദീകരണം. എന്നാൽ എത്ര തിരക്കിലാണെങ്കിലും പണം താഴേക്ക്   വീഴുന്നത് കണ്ട യാത്രക്കാർ അപ്പോൾതന്നെ ജീവനക്കാരിയോട് മാപ്പ് പറയണമായിരുന്നു എന്നാണ്  കൂടുതലാളുകളും ചൂണ്ടിക്കാട്ടുന്നത്.

English Summary: Merc owner throws cash on ground at petrol station for female staff to pick it up, internet reacts with fury

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS