മോശമല്ലാത്ത വേതനമുള്ള ജോലിക്കാരായിരുന്നു ഗിരിജ ദാമോദരനും സഹോദരി സാവിത്രി വാസുദേവനും. പക്ഷേ, ഇടയിൽ ജീവിതത്തിലേക്ക് എത്തിയ യോഗ പരിശീലനം ഇവരെ മറ്റൊരു വഴിയിലേക്കാണ് കൂട്ടിക്കൊണ്ട് പോയത്. അവനവന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമായി യോഗയെ ഒതുക്കാതെ കാണുന്നവരെയെല്ലാം യോഗയിലേക്ക് എത്തിക്കുകയാണ് ഇപ്പോൾ ഈ സഹോദരിമാർ. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി നോക്കിയിരുന്ന ഗിരിജ ദാമോദരൻ വിആർഎസ് എടുത്താണ് യോഗയിലേക്ക് കടന്നത്. കെൽട്രോണിൽ എൻജിനീയറായിരുന്ന അനുജത്തി സാവിത്രി ആ ജോലി ഉപേക്ഷിച്ച് സ്വന്തമായി കമ്പനി നടത്തുകയായിരുന്നു. യോഗയെത്തിയപ്പോൾ എല്ലാം വിട്ടു. രണ്ട് പേർക്കും പൂർണ സന്തോഷവും സംതൃപ്തിയും നൽകുന്നുണ്ട് ഈ യോഗമാർഗം.
സാധാരണ ആളുകളെ യോഗ പഠിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ വികലാംഗരെയും വാർധക്യവും രോഗങ്ങളും ഇരിപ്പിടത്തിലൊതുക്കിയവരെയും അതികഠിനമായ ജീവിതസാഹചര്യങ്ങളാൽ ജീവിതം നരകമായ സ്ത്രീകളെയുമൊക്കെ യോഗ പഠിപ്പിച്ചു ഗിരിജ ദാമോദരൻ. കൊറോണക്കാലത്ത് അടച്ചിട്ട വീടുകളിൽ ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോൾ യോഗ അധ്യാപികയായ ഗിരിജ ടീച്ചർ ബന്ധുക്കളെ യോഗ പഠിപ്പിച്ചു, അയൽക്കാരെ പഠിപ്പിച്ചു, അടുത്തുള്ള കുട്ടികളെയും പഠിപ്പിച്ചു. ഓൺലൈൻ പഠനകാലമെത്തിയപ്പോൾ ആദ്യം സങ്കോചത്തോടെ മാറി നിന്നു. മകൻ ഉൾപ്പെടെയുള്ളവർ പിന്തുണ നൽകിയപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ബന്ധുക്കളെ മാത്രം ചേർത്ത് ക്ലാസെടുത്തുനോക്കി. വലിയ കുഴപ്പമില്ലെന്ന് തോന്നിയപ്പോൾ അത് ഔദ്യോഗികമായി തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചു. 2018 ൽ ഭർത്താവ് മരിച്ചതോടെയാണ് പൂർണമായും യോഗയ്ക്കായി ജീവിക്കാൻ തുടങ്ങിയത്. രണ്ട് മക്കളാണ് ടീച്ചർക്ക്.

ചേച്ചി പഠിപ്പിച്ച ആദ്യപാഠങ്ങളിൽ നിന്ന് സങ്കീർണമായ യോഗാസനങ്ങളിലേക്ക് അനുജത്തി സാവിത്രി വാസുദേവനും അനായാസേന കടന്നുവന്നപ്പോൾ ഈ സഹോദരിമാർ യോഗയ്ക്കായി പ്രത്യേക പാക്കേജ് തന്നെ തയ്യാറാക്കി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് പഠിച്ച ആസനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ആസനങ്ങളും പ്രാണായാമങ്ങളും പരിശീലിപ്പിക്കുന്ന പ്രത്യേക സിലബസാണ് ഇവരുടേത്.
കൊറോണ സമയത്ത് അഞ്ഞൂറോളം പേരെ യോഗ പഠിപ്പിച്ചത്, പാവപ്പെട്ട വിദ്യാർത്ഥികളെ പഠിപ്പിച്ചത്, വികാലാംഗകേന്ദ്രത്തിലെ പഠനാനുഭവം.. തിരിഞ്ഞുനോക്കുമ്പോൾ ഇതൊക്കെ നൽകുന്ന സന്തോഷം മാത്രം മതി ജീവിക്കാനെന്ന് പറയുന്നു ഗിരിജ ദാമോദരൻ. പക്ഷേ, തൃപ്പൂണിത്തുറയിലെ സ്ത്രീകളുടെ അഭയകേന്ദ്രത്തിലെ അനുഭവം മനസ് മടുപ്പിക്കുന്നതായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ കാരണം ഏതിനോടും വൈരാഗ്യബുദ്ധിയുമായി ജീവിക്കുന്നവരെ യോഗയിലേക്ക് കൊണ്ടുവരിക എന്നത് അത്ര എളുപ്പമായിരുന്നില്ല. പൊള്ളിക്കുന്ന അനുഭവങ്ങളായിരുന്നു പലരുടേതും. ഇത്രമാത്രം ദുരിതപൂർണമായ ജീവിതങ്ങളെ അന്നേവരെ താൻ അടുത്തുകണ്ടിരുന്നില്ലെന്ന് പറയുന്നു ഗിരിജ ടീച്ചർ. ചെറിയ മാറ്റങ്ങള്‍ അവരിലുണ്ടാക്കാനായത് വലിയ പുണ്യമായി ടീച്ചർ കരുതുന്നു. തൃശൂരിലെ തറവാട്ടിൽ അമ്മ ഒറ്റയ്ക്കായതോടെ എറണാകുളം വിട്ട് ടീച്ചർ അവിടേക്ക് താമസം മാറി.

പ്രായമായവർക്കുള്ള ‘ചെയർ യോഗ’ കൂടി പഠിച്ചതോടെ അതിന് വലിയ ശ്രദ്ധ നൽകി. സർജറി കഴിഞ്ഞവർക്കും പ്രായമായവർക്കും അത് ഉപയോഗപ്രദമായി. ഇതിനിടെ ഇവരുടെ 85 വയസായ അമ്മയും മക്കുടെ ശിഷ്യയായി. പ്രായമൊന്നും അമ്മയ്ക്ക് ബാധകമല്ലെന്നും ചിലപ്പോൾ തങ്ങളുടെ യോഗ പരിശീലൻത്തിൻറെ വീഡിയോ എടുക്കുന്നത് അമ്മയാണെന്നും ഇവർ അഭിമാനത്തോടെ പറയുന്നു. ഇതിനിടെ കേരളം മുഴുവൻ പ്രചാരത്തിലായ സോഷ്യൽ വെൽഫയർ അവയർനെസ് പ്രോഗ്രാമിൻറെ (SWAP) ഭാഗമായി ഇരുവരും. സ്വാപിന് യോഗ വിഭാഗത്തിലെ ആചാര്യൻ കൂടുതൽ പഠനത്തിനായി ഹിമാലയത്തിൽ പോയപ്പോൾ യോഗ പരിശീലനത്തിൻറെ ഉത്തരവാദിത്തം ഗിരിജ ടീച്ചർ ഏറ്റെടുത്തു, ഒപ്പം കട്ട സപ്പോർട്ടുമായി നിന്നു അനുജത്തി. സ്വാപിന്റെ ഓൺലൈൻ യോഗക്ലാസിൽ 700 പേരോളമാണ് യോഗ പഠിച്ചത്. 25 പേർ ഗൂഗിൾ മീറ്റ് വഴി സ്ഥിരമായി നേരിട്ട് പരിശീലിച്ചു. വിഡിയോയും നിർദേശങ്ങളും കൃത്യമായി ഗ്രൂപ്പിൽ ഇടുകയും സംശയനിവൃത്തി വരുത്തുകയും ചെയ്യുന്നതിനാൽ പഠിക്കുന്നവർക്ക് അത് വലിയ ഉപകാരമായി. സൗജന്യമായി പഠിപ്പിക്കരുതെന്ന് ഗുരുക്കൻമാരുടെ നിർദേശമുള്ളതിനാൽ ചിലയിടങ്ങളിൽ മാത്രം ചെറിയ ഫീസ് വച്ചു. തരുന്നവരോട് വാങ്ങും. തന്നില്ലെങ്കിലും കുഴപ്പമില്ല. സൗജന്യമായാണ് സ്വാപിൽ പഠിപ്പിക്കുന്നത്. ടെക്നിക്കൽ സംവിധാനം മെച്ചപ്പെടുത്താനായുള്ള തുക സ്വരൂപിക്കാൻ ഓരോരുത്തരിൽ നിന്നും 50 രൂപ വീതം ഫീസ് വാങ്ങി. അത്രമാത്രം. രാവിലെയും വൈകുന്നേരവും നടക്കുന്ന രണ്ട് ബാച്ചുകളിലായി ഇരുന്നൂറോളം പഠിതാക്കളാണ് ഈ സഹോദരിമാരിൽ നിന്ന് യോഗ പരിശീലിക്കുന്നത്.
യോഗയ്ക്കായി ജീവിതം മാറ്റിവച്ചതോടെ കാഴ്ചയിലും കാഴ്ചപ്പാടിലും വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ഗിരിജ ദാമോദരൻ പറയുന്നു. ലോകം മുഴുവൻ സ്വന്തമാണെന്ന് തോന്നും, സ്വന്തം മക്കളോട് പോലും പ്രത്യേകമമത വരുന്നില്ല. സമഭാവനയോടെ എല്ലാത്തിനെയും കാണാനും അംഗീകരിക്കാനും കഴിയുന്നുണ്ട്. വെളിയിൽ നിന്നുള്ള പ്രശ്നങ്ങളൊന്നും മനസിനെ ബാധിക്കുന്നില്ല എന്നതാണ് ഇത്രയും സന്തുഷ്ടരായി ഇരിക്കാൻ കാരണമാകുന്നതെന്നും ഈ സഹോദരിമാർ പറയുന്നു. രോഗങ്ങളില്ല, ഭാവിയെക്കുറിച്ച് അമിതമായ പ്രതീക്ഷകളില്ല, ഇന്നിൽ തൃപ്തിയുണ്ട് താനും. അങ്ങനെ യോഗ സമ്മാനിച്ച മാറ്റങ്ങൾ അക്കമിട്ടുനിരത്തുന്നുണ്ട് തൃശൂർ കോടന്നൂർ കടലായിൽ മനയിലെ ഈ സഹോദരിമാർ. ഡിപ്ലോമയ്ക്ക് പിന്നാലെ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് യോഗയിൽ എംഎസ് സി ബിരുദവും നേടിയിട്ടുണ്ട് ഇവർ.

പലതരത്തിലുള്ള മാനസികാവസ്ഥയുള്ളവരാണ് യോഗ പഠിക്കാനെത്തുന്നത്. അസുഖം മാറണം, ഭാരം കുറയണം, സൗന്ദര്യം സംരക്ഷിക്കണം..അങ്ങനെ ആവശ്യങ്ങൾ നീണ്ടുപോകും.. ചിലർ നന്നായി ഉഴപ്പുമ്പോൾ യോഗയെ ഗൗരവമായി കാണുന്ന ആർക്കും നിരാശപ്പെടേണ്ടി വരില്ല. നൂറ് പേരെ പരിശീലിപ്പിക്കുമ്പോൾ പത്ത് പേർ അതിലെത്തുമെന്ന് ഉറപ്പുണ്ട് ഗിരിജ ടീച്ചറിന്. പഠിപ്പിക്കുന്ന തങ്ങൾ ഉപകരണം മാത്രമാണെന്നും ആരുടെയോ നിയോഗമനുസരിച്ച് അത് സംഭവിക്കുകയാണെന്നും ടീച്ചർ വിശ്വസിക്കുന്നു. സ്വീകരിക്കുന്നവന്റെ മാനസികനിലയാണ് പ്രധാനം. വരുന്നവരെല്ലാം മാറണമെന്നില്ല, പക്ഷേ ആരെങ്കിലുമൊകെ മാറുകയും ചെയ്യും.
എല്ലാവരെയും പോലെ ടെൻഷനും കോംപ്ലക്സുമൊക്കെ ഉണ്ടായിരുന്ന ഒരു സാധാരണ സ്ത്രീയായിരുന്നു താനെന്നും യോഗയാണ് തന്നെ ഇത്രയും സംതൃപ്തയും സന്തുഷ്ടയുമാക്കിയതെന്നും ഉപസംഹരിക്കുന്നു ഗിരിജ ദാമോധരൻ. അരികിൽ നിന്ന് അനുജത്തി സാവിത്രി വാസുദേവനും പുഞ്ചിരിച്ചുകൊണ്ട് തലകുലുക്കുന്നു. നോക്കിനിന്നാൽ കാണാം ഈ സഹോദരിമാരുടെ വാക്കുകളിലും ചലനങ്ങളിലും സ്ഫുരിക്കുന്ന ആത്മവിശ്വാസവും തേജസും. അല്ലെങ്കിലും യോഗിനിമാർ അങ്ങനെയാണല്ലോ..
English Summary: Life Story Of Yoginis