ഓരോ പ്രായത്തിലും ഓരോ വ്യക്തിക്കും ചെയ്യാനാവുന്നതിനു സമൂഹത്തിന്റെ കണ്ണിൽ ഒരു പരിധിയുണ്ട്. വിരമിക്കൽ കാലം എന്നു പറഞ്ഞാൽ അസുഖങ്ങളും മരുന്നുകളുമൊക്കെയായി ജീവിതത്തിന്റെ സന്തോഷങ്ങളെല്ലാം മാറ്റിവച്ച് ആയാസമില്ലാത്ത ജോലികൾ മാത്രം ചെയ്ത് കഴിഞ്ഞുകൂടേണ്ട കാലം എന്നതാണ് പൊതുധാരണ. അപ്പോൾ 90കൾ കടന്നാലോ? മറ്റുള്ളവരുടെ പരിചരണത്തിൽ മാത്രം സ്വന്തം കാര്യങ്ങൾ പോലും ചെയ്യുന്നവരെന്നാണ് ഈ പ്രായത്തെക്കുറിച്ച് പറയുമ്പോൾ തന്നെ മനസ്സിലേക്ക് എത്തുന്നത്. എന്നാൽ പ്രായത്തിന്റെ തുലാസിൽ വച്ച് അളന്നു നോക്കേണ്ടതല്ല ഒരാളുടെ ആരോഗ്യവും കഴിവും എന്ന് ഇതിനോടകം തന്നെ തെളിയിച്ച നിരവധി ആളുകൾ നമുക്ക് മുന്നിലുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ പേരാണ് ബെറ്റി ലിൻഡ്ബർഗ് എന്ന 98കാരിയുടേത്. അഞ്ച് കിലോമീറ്റർ ദൂരം ഒരു മണിക്കൂറിനു ഏതാനും സെക്കന്റുകൾ താഴെ സമയം കൊണ്ട് ഓടി തീർത്താണ് ബെറ്റി അത്ഭുതപ്പെടുത്തുന്നത്.
ജോർജിയയിലെ അറ്റ്ലാന്റയിൽ നടന്ന ഓട്ടമത്സരത്തിലാണ് ബെറ്റി മുത്തശ്ശി പങ്കെടുത്തത്. യുഎസ് ട്രായ്ക് ആൻഡ് ഫീൽഡ് മാസ്റ്റേഴ്സ് 5 കെ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിയായിരുന്നു ഓട്ടം. കൃത്യമായി പറഞ്ഞാൽ 59 മിനിറ്റ് 6 സെക്കന്റുകൾ കൊണ്ടാണ് 5 കിലോമീറ്റർ ദൂരം ഇവർ ഓടിയത്. അതായത് ഒരു കിലോമീറ്റർ ദൂരം ഏതാണ്ട് 11 മിനിറ്റു കൊണ്ട് പിന്നിട്ടു. ബെറ്റി ഓട്ടമത്സരം അവസാനിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
വാർധക്യത്തെക്കുറിച്ച് സമൂഹത്തിനുള്ള കാഴ്ചപ്പാടുകൾ മാറ്റിമറിക്കാൻ ഈ നേട്ടത്തിലൂടെ ബെറ്റിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പ്രായമോ, രൂപമോ, വംശമോ, ഏതു ലിംഗത്തില്‍പ്പെട്ടവർ ആണെന്നതോ ഒന്നുമല്ല കാര്യമെന്നും ധൈര്യവും മനസ്സുറപ്പും ഇച്ഛാശക്തിയും മാത്രം കൈമുതലായി ഉണ്ടെങ്കിൽ എന്തും സാധ്യമാവും എന്നുമാണ് ഈ മുത്തശ്ശി തന്റെ പ്രവർത്തിയിലൂടെ പകർന്നു തരുന്ന പാഠം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൻപ്രചാരം നേടി കഴിഞ്ഞു.
ആശ്ചര്യത്തോടെയാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. പ്രായമെന്നത് വെറും അക്കം മാത്രമാണെന്ന് പറയപ്പെടാറുണ്ടെങ്കിലും അതിന് ഇത്രയും മികച്ച ഒരു ഉദാഹരണം ഇന്നോളം കണ്ടിട്ടില്ല എന്നാണ് പലരും കുറിക്കുന്നത്. കിടക്കയിൽ നിന്ന് എഴുന്നേറ്റ് ബാത്റൂം വരെ പോകാൻ മടി തോന്നുന്ന ആളാണ് താനെന്നും ഈ വിഡിയോ കാണുമ്പോൾ ലജ്ജിച്ച് തല താഴ്ത്തുന്നു എന്നുമാണ് മറ്റൊരാളുടെ കമന്റ. മുത്തശ്ശിയുടെ മനോധൈര്യം കണ്ട് പ്രചോദനം തോന്നുന്നതായി പ്രതികരിക്കുന്നവരും കുറവല്ല.
English Summary: 98-Year-Old Woman Completes 5 Km Race Within An Hour