തെലങ്കാന സ്വദേശിയായ മിൽകുരി ഗംഗേവ എന്ന കർഷക തന്റെ യൂട്യൂബ് ചാനലിലൂടെ പ്രശസ്തയാണ്. തെലങ്കാനയുടെ പാരമ്പര്യവും ഗ്രാമീണ ജീവിതവും പറയുന്ന യൂട്യൂബ് സീരീസായ ‘മൈ വില്ലേജ് ഷോ’യിലൂടെയാണ് മിൽകുരി ഗംഗേവ ശ്രദ്ധേയയാകുന്നത്. ഇപ്പോഴിതാ 62–ാം വയസ്സിൽ ജീവിതത്തിൽ ആദ്യമായി വിമാനയാത്ര നടത്തിയതിന്റെ വിഡിയോ പങ്കുവയ്ക്കുകയാണ് ഗംഗേവ.
ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. വിമാനത്തിൽ കയറുന്നതിനു മുന്നോടിയായി ഗേറ്റിൽ ബോർഡിങ് പാസ് കാണിക്കുന്ന മിൽകുരി ഗംഗേവയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. പിന്നീട് വിമാനത്തിനകത്ത് ഇരിക്കുന്ന അവരുടെ മുഖത്ത് ആദ്യമായി വിമാനയാത്ര നടത്തുന്ന എല്ലാവരെയും പോലെയുള്ള പരിഭ്രമവും സന്തോഷവും ഉണ്ട്. വിമാനം പറന്നുയരുമ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുമ്പോഴും തനിക്ക് ചെറിയ പരിഭ്രമം ഉണ്ടായിരുന്നെന്ന് മിൽകുരി ഗംഗേവ വിഡിയോയിൽ തെലുങ്ക് ഭാഷയിൽ പറയുന്നുണ്ട്. യാത്രയ്ക്കിടെ ചെവി അടഞ്ഞതായും ഗംഗേവ പറയുന്നു.
പ്രായം ഒന്നിനും തടസമല്ലെന്നാണ് ഗംഗേവയുടെ ഈ യാത്ര തെളിയിക്കുന്നതെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ‘gangavvaandmyvillageshow_anil’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി.‘ഗംഭീരം. പലർക്കും ഇത്തരത്തിലുള്ള സ്വപ്നങ്ങൾ ഉണ്ടായിരിക്കും. നമുക്ക് കഴിയുന്നതു പോലെ അവരുെട സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു നൽകാൻ ശ്രമിക്കണം.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരു കമന്റ്. ‘അതിമനോഹരം’ എന്ന് മറ്റൊരാളും കമന്റ് ചെയ്തു. ‘വളരെ നന്നായിരിക്കുന്നു സഹോദരാ. എനിക്കു നിങ്ങളുടെ ഭാഷ മനസ്സിലാകുന്നില്ല. പക്ഷേ, നിങ്ങളുടെ ഉദ്യമത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇതുപോലെ ഒരു ദിവസം എന്റെ അമ്മയെയും വിമാനത്തിൽ കയറ്റണം.’ എന്ന രീതിയിലുള്ള കമന്റുകളും എത്തി.
English Summary: Telangana Farmer-Turned-YouTuber Milkuri Gangavva Takes Her First Flight At 62