വിധി പലരെയും അനാഥത്വത്തിലേക്കു വലിച്ചെറിയാറുണ്ട്. അങ്ങനെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നവ്യ സോഫിയ എന്ന പെൺകുട്ടി. രണ്ടാമത്തെ വയസ്സിൽ ഒരു ഇറ്റാലിയൻ കുടുംബം തന്നെ ദത്തെടുത്തതിനെ കുറിച്ചും പിന്നീടുള്ള ജീവിതത്തെ കുറിച്ചും എഴുതുകയാണ് അവർ. സോഷ്യൽ മീഡിയ ഗ്രൂപ്പായ വേൾഡ് മലയാളി സർക്കിളിലൂടെയാണ് നവ്യ തന്റെ അനുഭവം പങ്കുവച്ചത്. എന്റെ രണ്ടാം വയസ്സിൽ എന്നെ ഒരു ഇറ്റാലിയൻ കുടുംബം ദത്തെടുത്തു എന്ന മുഖവുരയോടെയാണ് നവ്യയുടെ കുറിപ്പു തുടങ്ങുന്നത്. കൊല്ലത്തുള്ള സോഫിയയാണ് തന്റെ അമ്മ എന്നും നവ്യ കുറിപ്പിൽ വ്യക്തമാക്കുന്നു.
നവ്യയുടെ കുറിപ്പ് വായിക്കാം
പ്രിയ സമൂഹമേ,
ഞാൻ നവ്യ. എന്റെ രണ്ടാം വയസ്സിൽ എന്നെ ഒരു ഇറ്റാലിയൻ കുടുംബം ദത്തെടുത്തു. പല ഇന്ത്യക്കാരും അന്ന് പറഞ്ഞു എന്റെ ഭാഗ്യം എന്ന്! അടിപൊളി! പക്ഷേ, ഞാൻ ശെരിക്കും ഭാഗ്യവതി ആണോ? എന്റെ സ്വന്തം അമ്മയിൽ നിന്നും ഞാൻ അടർത്തി മാറ്റപ്പെട്ടതു സമൂഹവും, സംസ്കാരവും, മതവും അന്നത്തെ ആ പ്രത്യേക സാഹചര്യവുമായി ഒത്തുപോകാത്തതു കൊണ്ടാണ്.
ഒൻപതു മാസം ആണ് ഞാൻ എന്റെ അമ്മയുടെ ഉദരത്തിൽ ജീവിച്ചത്. ആ സമയം ഞാൻ എന്റെ അമ്മയുടെ കരച്ചിലും വ്യഥയും കഷ്ടപ്പാടും അറിയുന്നുണ്ടായിരുന്നു. അമ്മക്ക് അന്നേ അറിയാമായിരുന്നു എന്നോടൊപ്പം ഒരു ജീവിതം ഉണ്ടാകില്ല എന്ന്. ആ വൃണിത ഹൃദയം ഉള്ള സ്ത്രീ ഒരു പെൺകുഞ്ഞിനെ ഉദരത്തിൽ വഹിച്ചത് സ്നേഹത്തോടെ അല്ല. വെറും സാഹചര്യം കൊണ്ട്. അവർക്കു എന്നെ സ്നേഹിക്കാൻ സാധിക്കുമായിരുന്നില്ല. നിങ്ങളുടെ സ്നേഹമുള്ള അമ്മമാരുടെ സ്നേഹം അനുഭവിച്ചു വളർന്ന നിങ്ങളെ പോലെ എനിക്കും സ്നേഹിക്കപെടാൻ അവകാശമുണ്ടായിരുന്നു. പക്ഷേ, എനിക്ക് അത് ലഭിച്ചില്ല. എന്റെ അമ്മക്കും അതിനു സാധിച്ചില്ല.
അനേകമാളുകൾ എന്നോട് പറഞ്ഞിട്ടുണ്ട് എന്റെ അമ്മയെ ആരോ ഒരാൾ ചതിച്ചതാണെന്നു. പക്ഷെ, അങ്ങിനെ എങ്കിൽ അവർ മാത്രം എങ്ങനെ പിഴയാളി ആയി? രതി സുഖം തേടിയ ആ പുരുഷന് പകരം എന്റെ 'അമ്മ മാത്രം എന്തേ ശിക്ഷിക്കപ്പെട്ടു? പ്രിയ സമൂഹമേ, ഇത് അനീതിയാണ്. ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു, എന്റെ ജീവിതം എങ്ങനെ ആയി എന്ന് നോക്ക്. ഒരു പുരുഷൻ യാതൊരു ശിക്ഷയും കൂടാതെ കയ്യും വീശി കടന്നു പോയി. പകരം ഞാനും എന്റെ അമ്മയും അയാളുടെ തെറ്റിന് ഞങ്ങളുടെ ജീവിതം ഹോമിക്കേണ്ടി വന്നു.
പ്രിയരേ, സമൂഹം എന്റെ അമ്മയ്ക്ക് എന്നെ വളർത്താൻ ഉള്ള അനുവാദം നൽകാഞ്ഞത് കാരണം എന്നെ ഒരു ഓർഫനേജിൽ അവർക്കു ഉപേക്ഷിക്കേണ്ടി വന്നു. അതിനു കാരണം ഭാരതത്തിൽ ഭർത്താവില്ലാതെ പ്രസവിക്കുന്ന സ്ത്രീകളെ സമൂഹം അവജ്ഞയോടെ കാണുന്നത് കൊണ്ടാണ്. ഉറ്റവർ അവളെ കുടുംബത്തിനു മാനക്കേട് ഉണ്ടാക്കിയവൾ എന്ന് വിധിയെഴുതും. അതുപോലെ സമൂഹം അവളുടെ കുടുംബത്തെ പഴിക്കും. ചിലപ്പോഴൊക്കെ ഞാനും ഒരു ഇന്ത്യൻ വംശജ ആയതിൽ ഖേദിക്കാറുണ്ട് .പ്രിയ സമൂഹമേ, നെഞ്ചിൽ കൈ ചേർത്ത് എന്റെ അമ്മയെ എനിക്ക് മടക്കി തരൂ!ഒത്തിരി സ്നേഹത്തോടെനവ്യ സോഫിയ, കൊല്ലത്തുനിന്നുള്ള സോഫിയയുടെ മകൾ. വെറുമൊരു മകൾ.
Englilsh Summary: Daughter's Viral Post About Her Mother