സീറ്റിനെ ചൊല്ലി തർക്കം; സഹയാത്രികയ്ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് സ്ത്രീ

Mail This Article
പൊതുഗതാഗത സംവിധാനത്തിൽ സീറ്റിനെ ചൊല്ലി പലപ്പോഴും ആളുകൾ തമ്മിൽ തർക്കമുണ്ടാകാറുണ്ട്. ചിലപ്പോള്‍ അത് കയ്യാങ്കളിയിൽ വരെ എത്തും. ഇപ്പോൾ ഡൽഹി മെട്രോയിൽ സഹയാത്രികയ്ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചിരിക്കുകയാണ് ഒരു സ്ത്രീ. സീറ്റിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
‘മാസങ്ങളായി ഉൾവസ്ത്രം ധരിച്ചാണ് യാത്ര, ഇത് എന്റെ സ്വാതന്ത്ര്യം’– ഡൽഹി മെട്രോ യുവതി
ചുവന്ന ചുരിദാർ ധരിച്ച ഒരു സ്ത്രീ തൊട്ടടുത്തിരിക്കുന്ന യാത്രക്കാരിയെ ഉയർന്ന ശബ്ദത്തിൽ വഴക്കു പറയുകയും തുടർന്ന് കുരുമുളകു സ്പ്രേ സഹയാത്രികയ്ക്കു നേരെ പ്രയോഗിക്കുന്നതും വിഡിയോയിൽ ഉണ്ട്. സഹയാത്രിക സംസാരിക്കാൻ ശ്രമിക്കുമ്പോൾ അവരെ ഭീഷണിപ്പെടുത്തുകയും ബാഗിൽ നിന്ന് ഒരു കുപ്പി പുറത്തെടുക്കുകയും ചെയ്തു. ശേഷം അവർക്ക് നേരെ സ്പ്രേ പ്രയോഗിച്ചു.
മെട്രോ കോച്ചിനുള്ളിൽ രൂക്ഷമായ ഗന്ധം പരന്നു. തുടർന്ന് കോച്ചിലുണ്ടായിരുന്ന മറ്റുയാത്രക്കാർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. പലരും ചുമയ്ക്കാൻ തുടങ്ങി. യാത്രക്കാരിയുടെ പെരുമാറ്റത്തിൽ മെട്രോയിലുണ്ടായിരുന്ന മറ്റു യാത്രക്കാർ പേടിച്ചു. വിഡിയോ പുറത്തുവന്നതോടെ പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പൊതു ഗതാഗതത്തിൽ ഇത്തരം പ്രവൃത്തി ചെയ്ത യുവതിക്കെതിരെ കർശന നടപടിയെടുക്കണമെന്നു യാത്രക്കാർ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.
English Summary: Woman attacks co-passenger with pepper spray during argument over seats in Delhi Metro