വിവാഹമോചനം കഴിഞ്ഞ് നാലുവർഷത്തിനു ശേഷം വിവാഹ ഫൊട്ടോഗ്രാഫറോട് പണം തിരികെ ചോദിച്ച് യുവതി. ദക്ഷിണാഫ്രിക്കൻ യുവതി നടത്തിയ വാട്സാപ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ലാൻസ് റോമിയോ എന്ന ഫൊട്ടോഗ്രാഫർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
യുവതി തമാശയായി പറയുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് അവർ വളരെ ഗൗരവത്തോടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞതെന്നു മനസ്സിലായത്. അവർ ഇപ്പോൾ വിവാഹമോചനം നേടിയിരിക്കുകയാണെന്നും മനസ്സിലായി. എന്നാൽ ഈ അപേക്ഷ അനൗചിത്യമാണെന്നും പണം തിരിച്ചു നൽകാൻ സാധിക്കില്ലെന്നും ഫൊട്ടോഗ്രാഫർ യുവതിയെ അറിയിച്ചു.
ഫൊട്ടോഗ്രാഫർ പങ്കുവച്ച സ്ക്രീൻഷോട്ടിൽ യുവതി പറയുന്നത് ഇങ്ങനെയാണ്: ‘നിങ്ങൾക്ക് എന്നെ ഓർമയുണ്ടോ എന്ന് അറിയില്ല. 2019ൽ നിങ്ങൾ ഒരു വിവാഹ ഫോട്ടോഷൂട്ട് നടത്തിയിരുന്നതായി ഓർമയില്ലേ. ഇപ്പോൾ ഞാൻ വിവാഹമോചനം നേടിയിരിക്കുന്നു. എനിക്കും മുൻഭർത്താവിനും ആ ചിത്രങ്ങൾ ഇനി ആവശ്യമില്ല. നിങ്ങൾ നിങ്ങളുടെ ജോലി വളരെ കൃത്യമായി നിർവഹിച്ചു. പക്ഷേ, ഞങ്ങൾ വിവാഹമോചിതരായി. അതുകൊണ്ടു തന്നെ ഞങ്ങള്‍ നൽകിയ പണം ഞങ്ങൾക്കു തിരിച്ചു നൽകണം.’– യുവതി പറയുന്നു.
വളരെ മാന്യമായി തന്നെ യുവതിയുടെ ഈ ആവശ്യം ഫൊട്ടോഗ്രാഫർ നിരസിച്ചു. യുവതി നിയമപരമായി മുന്നോട്ടു പോയി. 70 ശതമാനം തുക തിരിച്ചു നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. കാര്യങ്ങൾ സംസാരിച്ച് തീരുമാനത്തിലെത്താമെന്നും നേരിട്ടു കാണണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ ഫൊട്ടോഗ്രാഫർ യുവതിയുടെ അഭ്യർഥന നിരസിച്ചു.
ട്വീറ്റ് വൈറലായതോടെ യുവതിയുടെ മുൻഭർത്താവ് ഫൊട്ടോഗ്രാഫറെ വിളിച്ച് മാപ്പു പറഞ്ഞു. ‘ഞാൻ ഈ ആർട്ടിക്കിൾ വായിച്ചു. അവൾക്കു വേണ്ടി മാപ്പു ചോദിക്കുന്നു.’– എന്നായിരുന്നു യുവതിയുടെ മുൻഭർത്താവ് പറഞ്ഞത്. ട്വീറ്റ് വൈറലായതോടെ നിരവധി കമന്റുകളും എത്തി. ഈ പണം തിരികെ ചോദിക്കാൻ യുവതിക്ക് നിയമപരമായി പോലും അർഹതയില്ലെന്നാണ് ഭൂരിഭാഗവും കമന്റ് ചെയ്തത്.
English Summary: Woman Demands Refund From Wedding Photographer