യുക്രേനിയൻ പതാകയുടെ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാൻ ചലച്ചിത്രമേളയിലെ റെഡ്കാർപ്പെറ്റിൽ യുവതിയുടെ വേറിട്ട പ്രതിഷേധം. രക്തനിറത്തിലുള്ള പെയിന്റ് ശരീരത്തിലൂടെ ഒഴുക്കിയായിരുന്നു പ്രതിഷേധം. ഫ്രഞ്ച് സംവിധായകനായ ജസ്റ്റ് ഫിലിപ്പോയുടെ ‘എസൈഡ്’ എന്ന ചിത്രം പ്രദർശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.
മഞ്ഞയും നീലയും ഇടകലർന്ന വസ്ത്രം ധരിച്ചായിരുന്നു യുവതിയുടെ വേഷം. നീല നിറത്തിലുള്ള പിൻപോയിന്റ് ഷൂവും ധരിച്ചിരുന്നു. കയ്യിൽ ചെറിയരണ്ടു പാത്രങ്ങളിലായി ചുവപ്പു നിറത്തിലുള്ള പെയിന്റും കരുതിയിരുന്നു. ക്യാമറയിലേക്കു നോക്കി ചിരിച്ച് തന്റെ കൈകളിലുള്ള പെയിന്റ് തലയിലൂടെ ഒഴിക്കുകയായിരുന്നു യുവതി.
ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടേക്ക് ഓടി എത്തി യുവതിയെ പിടിച്ചുമാറ്റി. ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് നടിയായ കാതറിൻ ഡിനോവ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു. കഴിഞ്ഞ വർഷം യുക്രെയിൻ വനിതകൾ കാൻ ചലച്ചിത്രമേളയിൽ റഷ്യൻ അധിനിവേശത്തിനെതിരെ നഗ്നരായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. റഷ്യൻ സൈനികരുടെ ലൈംഗിക പീഡനങ്ങൾക്കെതിരെയായിരുന്നു സ്ത്രീകളുടെ വേറിട്ട പ്രതിഷേധം.
English Summary: Protester Dressed In Ukrainian Colours Covers Herself In Fake Blood