60കിലോഗ്രാം ഭാരം ഉയർത്തി എട്ടുവയസ്സുള്ള പെണ്‍കുട്ടി. ഹരിയാനയിലെ പാഞ്ച്കുളയിൽ നിന്നുള്ള അർഷിയ ഗോസ്വാമി എന്ന പെൺകുട്ടിയുടെ ഭാരോദ്വഹനത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 60കിലോ നിഷ്പ്രയാസം ഉയർത്തുന്ന അർഷിയ പ്രൊഫഷനലുകളെ വരെ അദ്ഭുതപ്പെടുത്തുകയാണ്. സമൂഹമാധ്യമങ്ങളിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി.
ഫിറ്റ് അർഷിയ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ‘ഏറ്റവും കരുത്തയായ ചെറിയ പെൺകുട്ടി’ എന്ന കുറിപ്പോടെ പലരും വിഡിയോ പങ്കുവച്ചു. 60 കിലോഗ്രാം ഭാരം എടുത്തുയർത്തുന്ന അർഷിയ ഒരു നിമിഷം കൈകളിൽ നിലനിർത്തിയ ശേഷം താഴെ വയ്ക്കുന്നതാണ് വിഡിയോ. തുടർന്നാ ആത്മവിശ്വാസത്തോടെ ക്യാമറയിൽ നോക്കി നടന്നു പോകുന്നതും കാണാം.
നിരവധി പേർ ഇതിനോടകം തന്നെ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. പെൺകുട്ടിയെ അഭിനന്ദിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. ‘അതിഗംഭീരം’ എന്നാണ് പലരും കമന്റ് ചെയ്തത്. ‘എന്തൊരു ആത്മവിശ്വാസമാണ് അവൾക്ക്. മിടുക്കി. മോളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു.’– എന്നാണ് വിഡിയോയ്ക്കു താഴെ ഒരാള്‍ കമന്റ് ചെയ്തത്. ‘ഈ പെൺകുട്ടിയോട് ബഹുമാനം തോന്നുന്നു. ഇത് എല്ലാവർക്കും സാധിക്കില്ല. ഒരു ദിവസം ഇന്ത്യ ഇവളെ ഓര്‍ത്ത് അഭിമാനിക്കും.’– എന്ന രീതിയിലും കമന്റുകള്‍ എത്തി.
English Summary: 8-Year-Old Deadlifting 60 kg Like A Pro Inspires Internet