ADVERTISEMENT

കഴിഞ്ഞ രണ്ട്, മൂന്ന് പതിറ്റാണ്ടുകൾകൊണ്ട് ലോകത്തിന്റെയാകെ ജീവിതരീതികൾ മാറിമറിഞ്ഞു കഴിഞ്ഞു. ജോലി ആവശ്യങ്ങൾക്കായി നാടുവിട്ടു നിൽക്കുന്നത് ഇന്ന് സർവ്വസാധാരണമാണ്. നാട്ടിൽ നിന്നു തന്നെയുള്ള ജോലിയാണെങ്കിലും മുൻപത്തേതു പോലെ കുടുംബകാര്യങ്ങൾ നോക്കാൻ സാധിക്കണമെന്നില്ല. ഇതുമൂലം മക്കളെ കാണാൻപോലും മാതാപിതാക്കൾ കാത്തിരിക്കേണ്ട സ്ഥിതിയുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ജീവിതമാണ് നിയാനാൻ എന്ന ചൈന സ്വദേശിയായ 40 കാരിയുടേത്. സ്വന്തം മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിച്ച് ഒരു മാസം അരലക്ഷത്തിനടുത്ത് രൂപ സമ്പാദിക്കുകയാണ് ഈ വനിത.

 

ഇവരുടെ കഥ ഇങ്ങനെ. 15 വർഷമായി ഒരു ന്യൂസ് ഏജൻസിക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു നിയാനാൻ. എന്നാൽ കഴിഞ്ഞ വർഷം ഇവരുടെ തൊഴിൽ രീതികളിൽ മാറ്റം വന്നു. ജോലിഭാരം കൂടുകയും ദിവസത്തിന്റെ മുഴുവൻ സമയവും ജോലിയിൽ വ്യാപൃതയാവുകയും ചെയ്യേണ്ട അവസ്ഥ. ഇതോടെ നിയാനാൻ  കടുത്ത മാനസിക സംഘർഷത്തിലായി. മകളുടെ അവസ്ഥ മനസ്സിലാക്കിയ മാതാപിതാക്കൾ ഇതോടെ അവരെ സഹായിക്കാനായി മുന്നിട്ടിറങ്ങുകയും ചെയ്തു.

 

സാമ്പത്തിക പ്രശ്നം ഓർത്താണ് നിയാനാൻ പ്രയാസമേറിയ ഈ ജോലി തുടരുന്നതെങ്കിൽ ജോലി ഉപേക്ഷിക്കാൻ അവർ മകളോട് ആവശ്യപ്പെട്ടു. മുഴുവൻ സമയവും തങ്ങൾക്കൊപ്പം തന്നെ ചിലവിട്ടാൽ 4000 ചൈനീസ് യുവാൻ (46,645 രൂപ) നൽകാം എന്നായിരുന്നു മാതാപിതാക്കളുടെ ഓഫർ. മനസ്സമാധാനവും പണവും ഒരേപോലെ ലഭിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ ആ വമ്പൻ ഓഫർ നിയാനാൻ സ്വീകരിക്കുകയായിരുന്നു. പ്രതിമാസം പെൻഷൻ ഇനത്തിൽ  10000 ചൈനീസ് യുവാന് മുകളിൽ (1.16 ലക്ഷം രൂപ) ലഭിക്കുന്ന മാതാപിതാക്കൾക്കും അതൊരു ബാധ്യതയായിരുന്നില്ല. അങ്ങനെ നിയാനാൻ മുഴുവൻ സമയ മകളായി ജോലി ആരംഭിച്ചു.

 

നിറഞ്ഞ സ്നേഹത്തോടെ ജോലി ചെയ്യുന്ന പ്രൊഫഷണൽ എന്നാണ് തന്റെ പുതിയ വരുമാന മാർഗത്തെ നിയാനാൻ വിശേഷിപ്പിക്കുന്നത്. എന്നാൽ മാതാപിതാക്കൾക്കൊപ്പം വെറുതെയങ്ങ് വീട്ടിലിരിക്കുകയല്ല നിയാനാന്റെ ജോലി. രാവിലെ ഒരു മണിക്കൂർ മാതാപിതാക്കൾക്കൊപ്പം നൃത്തം ചെയ്യണം. വീട്ടാവശ്യങ്ങൾക്കായി അവർക്കൊപ്പം പുറത്തു പോകണം. വൈകുന്നേരത്തെ ഭക്ഷണം പാചകം ചെയ്യാൻ ഒപ്പം കൂടണം. ഇതിനെല്ലാം പുറമേ വീട്ടിലെ ഇലക്ട്രിക് ജോലികൾ, വാഹനം ഓടിക്കൽ , കുടുംബത്തിന്റെ യാത്രകൾ പ്ലാൻ ചെയ്യൽ തുടങ്ങി വേറെയും ഉത്തരവാദിത്തങ്ങളുണ്ട്.

 

കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്ന തനിക്ക് മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിച്ചത് തെറാപ്പിയുടെ ഫലം ചെയ്തെന്നും നിയാനാൻ പറയുന്നു. എന്നാൽ ഇങ്ങനെ ഒരു ഓഫർ നൽകിയെന്ന് കരുതി മകളുടെ ജീവിതം വീട്ടിൽ തളച്ചിടണമെന്ന് മാതാപിതാക്കൾക്ക് നിർബന്ധവുമില്ല. മറ്റൊരു ജോലിക്ക് പോകണം എന്ന് തോന്നിയാൽ  അതിനുള്ള പൂർണ സ്വാതന്ത്ര്യം നിയാനാനുണ്ട്.

 

English Summary: Woman In China Quits Job To Become "Full-Time Daughter", Gets Paid ₹ 47,000 Monthly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com